തിരുവനന്തപുരം: ആകാശവാണി ശ്രോതാക്കൾക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത ശബ്ദമായിരുന്നു മഹിളാലയം ചേച്ചിയുടേത്. കത്തുകൾ വായിച്ചും ശ്രോതാക്കളോട് സംവദിച്ചും റേഡിയോ ആസ്വാദകരുടെ പ്രിയ ശബ്ദസാന്നിദ്ധ്യമായിരുന്ന മഹിളാലയം ചേച്ചി ഇനിയില്ല. ഇന്നലെ അന്തരിച്ച ആകാശവാണി മുൻ ഡെപ്യൂട്ടി സ്റ്രേഷൻ ഡയറക്ടറും മഹിളാലയം പരിപാടിയുടെ പ്രൊഡ്യൂസറുമായിരുന്ന എസ്. സരസ്വതിയമ്മയെ അറിയാത്തവരായി പഴയ തലമുറയിൽ ആരുമുണ്ടാവില്ല. നീണ്ട 26 വർഷത്തെ ആകാശവാണി ജീവിതത്തിൽ മഹിളാശിശുവിഭാഗം പരിപാടിയുടെ പ്രൊഡ്യൂസർ എന്നതിനപ്പുറം കേരളത്തിന്റെ സ്ത്രീമുന്നേറ്റത്തിലും കുട്ടികളുടെ കലാമികവിലും നിർണായക പങ്ക് വഹിച്ചിട്ടുണ്ട് ഈ കലാകാരി. അഭിഭാഷകയായാണ് തുടക്കമെങ്കിലും ഭർത്താവ് പറഞ്ഞാണ് ആകാശവാണിയിൽ ജോലിക്കുള്ള അപേക്ഷ അയക്കുന്നത്. ഇന്റർവ്യൂവിൽ ഒന്നാം റാങ്ക് തന്നെ നേടി. സ്ത്രീകൾക്കുവേണ്ടി പാചകം, അടുക്കളത്തോട്ട നിർമ്മാണം, തയ്യൽ, ഭക്തിഗാനം പോലുള്ള പരിപാടികൾ മാത്രം പ്രക്ഷേപണം ചെയ്‌തിരുന്ന കാലത്താണ് സരസ്വതിയമ്മ ആകാശവാണിയിലെത്തുന്നത്. സാഹിത്യവിഷയങ്ങളെ ഉൾക്കൊള്ളിച്ചും പ്രശസ്‌ത എഴുത്തുകാരുടെ സാന്നിദ്ധ്യം ലഭ്യമാക്കിയും മാറ്റത്തിന് തുടക്കം കുറിക്കുകയായിരുന്നു ഇവർ. സാഹിത്യരംഗത്തുള്ളവരുമായി അടുത്ത പരിചയം പുലർത്തിയിരുന്നു. ലളിതാംബിക അന്തർജനത്തിന്റെ അഗ്നിസാക്ഷിയുടെ പിറവിക്ക് പിന്നിലും മഹിളാലയം ചേച്ചിയുണ്ട്. ഒരു തുടർനാടകം എഴുതിത്തരാൻ സരസ്വതിയമ്മ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ലളിതാംബിക അന്തർജനം എഴുതിയ കൃതിയാണ് അഗ്നിസാക്ഷി. വിവിധ രംഗങ്ങളിൽ മികവ് പുലർത്തിയ വനിതകളെ കേരളത്തിന് പരിചയപ്പെടുത്തിയതും മഹിളാലയമാണ്. വിദ്യാലയങ്ങളിൽ ആദ്യമായി കുട്ടികളുടെ ഗായകസംഘം ആകാശവാണി രൂപീകരിച്ചതിന്റെ പിന്നിലും മഹിളാലയം ചേച്ചിക്ക് പങ്കുണ്ടായിരുന്നു. അന്ന് ആദ്യ ഗായകസംഘത്തിലുണ്ടായിരുന്ന വിദ്യാർത്ഥിയാണ് കെ.എസ്. ചിത്ര. ആകാശവാണിയിലെ അനുഭവങ്ങളെ കോർത്തിണക്കി രചിച്ച ' ആകാശത്തിലെ നക്ഷത്രങ്ങൾ ' എന്ന പുസ്തകം ഒരു കാലത്തെ റേഡിയോ ചരിത്രത്തിന്റെ നേരായ ആവിഷ്കാരമാണ്.