ktl

കുറ്റിച്ചൽ: കുറ്റിച്ചൽ പഞ്ചായത്തിലെ കുറ്റിച്ചൽ - ആര്യനാട് റൂട്ടിൽ കുറ്റിച്ചൽ പെട്രോൾ പമ്പിന് സമീപം പേങ്ങാട് കലുങ്ങിന് സമീപം മാലിന്യനിക്ഷേപം രൂക്ഷമാകുന്നതായി പരാതി. കോഴി വേസ്റ്റും മറ്റ് മാലിന്യങ്ങളും ചാക്കുകളിൽ കെട്ടി കൊണ്ടിടുന്നത് നിത്യസംഭവമാണ്. ഈ റോഡിന്റെ വശത്തുകൂടി ഒഴുകുന്ന പേങ്ങാട് തോടും പരിസര പ്രദേശവും കാട് മൂടി കിടിയ നിലയിലാണ്. ഇക്കാരണത്താൽ വേസ്റ്റുമായി വരുന്നവർക്ക് കാടുമൂടിക്കിടക്കുന്ന തോട്ടിലേക്ക് യഥേഷ്ഠം മാലിന്യ നിക്ഷേപം നടത്താം. സമീപ പ്രദേശങ്ങളിലെ അറവുശാലകൾ, കോഴിപ്പുരകൾ, വ്യാപാര സ്ഥാനങ്ങൾ, ഹോട്ടലുകൾ എന്നിവിടങ്ങളിൽ നിന്നുള്ള മാലിന്യങ്ങൾ വരെ ഇവിടെ നിക്ഷേപിക്കുകയാണ്. മാലിന്യങ്ങൾ അഴുകിയ നിലയിലായതിനാൽ മൂക്ക് പൊത്തിയാൽപ്പോലും ഇത് വഴി നടക്കാൻ കഴിയാത്ത അവസ്ഥയാണ്.

ഈ പ്രദേശത്തെ മാലിന്യങ്ങൾ തോട്ടിലൂടെ ഒഴുകി കാര്യോട് കുമ്പിൾമൂട് തോടുവഴി കരമനയാറിലേക്കാണ് പതിക്കുന്നത്. ഈ വെള്ളമാണ് തലസ്ഥാന നഗരിയിലെ ആളുകൾക്ക് ഉപയോഗിക്കേണ്ടി വരുന്നത്. മാത്രമല്ല അണിയൽകടവിലെ കുറ്റിച്ചൽ പഞ്ചായത്തിലെ കുടുവെള്ള പദ്ധതിയേയും ഇത് ബാധിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ കുറ്റിച്ചൽ ഗ്രാമപഞ്ചായത്തോ ആരോഗ്യവകുപ്പോ മാലിന്യ നിക്ഷേപം തടയാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് പേങ്ങാട് നിവാസികൾ ആവശ്യപ്പെടുന്നു.

കാര്യം നിസാരം പ്രശ്നം ഗുരുതരം

മാലിന്യ നിക്ഷേപം രൂക്ഷമായത് കാരണം മൂക്ക് പൊത്തിയേ ഇതുവഴി നടക്കാനാകൂ

 തോട്ടിലേക്ക് തള്ളിയിരുന്ന മാലിന്യം ഇപ്പോൾ റോഡു വക്കിൽ പരസ്യമായി നിക്ഷേപിക്കുകയാണ്

മാലിന്യ കൂടി കിടക്കുന്ന കാരണം ഈ പ്രദേശങ്ങളിൽ തെരുവ് നായ ശല്യവും വർദ്ധിച്ചിരിക്കുകയാണ്

ഏതാനും ദിവസങ്ങൾക്ക് മുൻപ് ഇതുവഴി വന്ന കുട്ടിയെ നായ്ക്കൾ കൂട്ടത്തോടെ ആക്രമിക്കാൻ ശ്രമിച്ചിരുന്നു

നാട്ടുകരുടെ അവസരോചിതമായ ഇടപെടൽ കാരണമാണ് കുട്ടിയെ രക്ഷിക്കാനായത്