തിരുവനന്തപുരം: വിദ്യാലയങ്ങൾ, ഓഫീസുകൾ, വീടുകൾ, പൊതു ഇടങ്ങൾ എന്നിവിടങ്ങളിൽ പലയിടത്തും സ്ത്രീകൾ ചൂഷണത്തിനിരയാകുന്നുണ്ടെന്നാണ് പരാതികൾ തെളിയിക്കുന്നത്. കഴിഞ്ഞ ദിവസം തലസ്ഥാനത്ത് ശംഖുംമുഖം ബീച്ചിൽ രാത്രിയിൽ ഒരു യുവതിയ്ക്ക് സദാചാര ആക്രമണം നേരിടേണ്ടി വന്നു. ഈ പശ്ചാത്തലത്തിൽ സംസ്ഥാന വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി കെ.കെ ശൈലജ കേരളകൗമുദി ഫ്ളാഷിനോട് സംസാരിയ്ക്കുന്നു
രാത്രിയിൽ സ്ത്രീ തലസ്ഥാനത്ത് പോലും സുരക്ഷിതയല്ല എന്നാണ് പരാതി
ഇന്ത്യയിലെല്ലായിടത്തും സ്ത്രീകൾ ആക്രമണത്തെ നേരിടുന്നു. പക്ഷേ സാക്ഷര കേരളത്തിൽ ഇത് ഒരിക്കലും ഉണ്ടാകരുത്. തിരുവനന്തപുരം ശംഖുംമുഖത്ത് സദാചാര ആക്രമണം നേരിടേണ്ടി വന്നുവെന്നു പരാതി നൽകിയ പെൺകുട്ടിയ്ക്ക് 181 എന്ന നമ്പറിനെ കുറിച്ച് അറിയാമായിരുന്നുവെങ്കിൽ അടിയന്തര സഹായം ലഭിച്ചേനെ.
ആ പെൺകുട്ടിക്ക് പൊലീസ് സ്റ്റേഷനിലും അനുകൂല നടപടി ലഭിച്ചില്ല
പൊലീസ് കൃത്യമായ സുരക്ഷാ തന്നെയാണ് ഒരുക്കുന്നത്. പക്ഷേ ചില കള്ളനാണയങ്ങൾ എല്ലായിടത്തും ഉണ്ടാകുമല്ലോ. ചില കേസുകളിൽ പ്രതികൾ മാനസിക രോഗികൾ ആണെന്ന് പറഞ്ഞ് സാമാന്യവത്കരിയ്ക്കപ്പെടുന്നു. മാനസിക രോഗികൾ ആണെങ്കിൽ ചികിത്സിക്കുകയാണ് വേണ്ടത്.
സധൈര്യം മുന്നോട്ട് എന്ന പേരിൽ പരിശീലന പരിപാടി തുടങ്ങിയിട്ടുണ്ടല്ലോ?
ഈ പദ്ധതിയുടെ കീഴിൽ പരിശീലനങ്ങൾ സംഘടിപ്പിച്ചു. സ്‌കൂളിലും കോളേജുകളിലും ബോധവത്കരണ പരിപാടികൾ ഇതിനകം തന്നെ നടന്നിട്ടുണ്ട് . കവചം എന്ന പദ്ധതി കുട്ടികളുടെ സുരക്ഷയ്ക്ക് വേണ്ടി കോളേജുകൾ എന്നിവിടങ്ങളിൽ കൃത്യമായ ബോധവത്‌കരണം നടത്തുന്നുണ്ട് .ഒരാൾ അക്രമിയ്ക്കാൻ വന്നാൽ പ്രത്യാക്രമണം നടത്താനും അധികൃതരുടെ സഹായം തേടാൻ സ്വയം പ്രാപ്തരാക്കുന്ന പദ്ധതിയാണ് കവചം. രാത്രി നടത്തം സംഘടിപ്പിയ്ക്കപ്പട്ടു. ആദ്യം പൊലീസിനെ അറിയിച്ചിട്ടാണ് നടന്നതെങ്കിൽ ഇപ്പോൾ ചിലയിടങ്ങളിൽ യാതൊരു അറിയിപ്പും നൽകാതെ രാത്രി നടത്തങ്ങൾ ആരംഭിച്ചിട്ടുണ്ട്.
പബ് ക്ലബുകളും രാത്രി ജീവിതവും പ്രോത്സാഹിപ്പിയ്ക്കുമെന്ന് സർക്കാർ തന്നെ പറയുമ്പോൾ കാര്യങ്ങൾ കൂടുതൽ സങ്കീർണമാവില്ലേ ?
പബ്ബ്തുടങ്ങുക എന്നതൊന്നും സർക്കാരിന്റെ നയം അല്ല. രാത്രിയെ മറയാക്കി കൊണ്ട് പരസ്യമായി അനാശാസ്യത്തിനുള്ള ലൈസെൻസ് ആർക്കും കൊടുക്കില്ല. അതിനായി ചില ബിസിനസുകാർ ഇറങ്ങിയിട്ടുണ്ട്. ഇത്തരക്കാരെയാണ് പൊലീസ് പിടികൂടാൻ ശ്രമിക്കേണ്ടത്. അല്ലാതെ രാത്രി രണ്ടു പേർ അത്യാവശ്യത്തിനു പുറത്തു പോകുന്നു. അവരോട് നിങ്ങൾ എന്തിന് ഈ സമയത്തു പുറത്തിറങ്ങിയത് എന്ന് ചോദിയ്ക്കാൻ പൊലീസിനോ സദാചാര ഗുണ്ടകൾക്കോ അവകാശമില്ല.