മാനവരാശിയുടെ കഴുത്തിന് കുടുക്കിടുന്ന പ്ളാസ്‌റ്റിക്കിൽ നിന്നുള്ള മോചനം ഉറപ്പാക്കുകയാണ് പുതിയ നിരോധനം. വൻ വിപത്തിനെതിരെയുള്ള പ്രതിരോധം ആശ്വാസമാണ്. സംസ്ഥാനത്ത് ഇന്നലെ മുതൽ പ്ളാസ്‌റ്റിക് ഉപയോഗത്തിന് പിഴ ആരംഭിച്ചതോടെ നിയമം കർശനമായിത്തുടങ്ങി. നിത്യജീവിതത്തിൽ ഇതുവരെ 'സൗകര്യ'മായിരുന്ന പ്ളാസ്‌റ്റിക്കിന് ബദലൊരുക്കാതെയുള്ള നിരോധനം അസൗകര്യങ്ങളുണ്ടാക്കുമെന്ന് മലയാളി 'വ്യാകുല'പ്പെടുന്നു. നിരോധനം പ്രഖ്യാപിച്ച് ഒന്നരമാസം പിന്നിട്ടിട്ടും തുണിസഞ്ചി നിർമ്മാണം എന്നതിനപ്പുറത്തേക്ക് ബദൽ സംവിധാനങ്ങൾ വളർന്നിട്ടില്ലെന്നും പഴി കേൾക്കുന്നു.
ധീരം തീരുമാനം, പക്ഷെ...
കഴിഞ്ഞ നവംബർ 21നാണ് സംസ്ഥാനത്ത് , ഒറ്രത്തവണ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെ നിർമാണവും വില്‌പനയും സൂക്ഷിക്കലും നിരോധിക്കാൻ ( 2020 ജനുവരി ഒന്ന് മുതൽ) മന്ത്രിസഭായോഗം തീരുമാനിച്ചത്. നിയമലംഘകർക്ക് ആദ്യ തവണ 10,000 രൂപ പിഴയും രണ്ടാമത്തെ ലംഘനത്തിന് 25,000 രൂപ പിഴയും തുടർന്നുള്ള നിയലംലംഘനത്തിന് 50,000 രൂപ പിഴയും സ്ഥാപനത്തിന്റെ പ്രവർത്തനാനുമതി റദ്ദാക്കലുമാണ് ശിക്ഷ.
വിൽക്കുന്ന പ്ലാസ്റ്റിക് കുപ്പികളും കവറുകളും ഉപഭോക്താക്കളിൽനിന്ന് തിരിച്ചെടുത്ത് പണം നൽകാൻ ബിവറേജസ് കോർപ്പറേഷൻ, കേരഫെഡ്, മിൽമ, വാട്ടർ അതോറിറ്റി എന്നീ സ്ഥാപനങ്ങൾ ബാദ്ധ്യസ്ഥരാണെന്നും സർക്കാർ ഉത്തരവിട്ടു. പ്ലാസ്റ്റിക് നിരോധിച്ച തമിഴ്നാട്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ പ്ലാസ്റ്റിക് ഉപഭോഗത്തിൽ വന്ന കുറവ് ചൂണ്ടിക്കാണിച്ചാണ് നിരോധനം.
ദോശമാവ്, തൈര് , പപ്പടം, അരിപ്പൊടി
ദോശമാവ്, പപ്പടം, അരിപ്പൊടി, തൈര്, ഉണക്കമീൻ, ബ്രഡ്, എണ്ണപ്പലഹാരങ്ങൾ തുടങ്ങിയ ഭക്ഷ്യവസ്തുക്കൾ വീടുകളിലും ചെറുകമ്പനികളിലും നിർമിച്ച് കടകളിലെത്തിച്ച് വില്‌പന നടത്തുന്ന നിരവധി കുടുംബങ്ങളും വീട്ടമ്മമാരും സംസ്ഥാനത്തുണ്ട്. ചെറിയ മുതൽമുടക്കിൽ ജീവിതം പടുത്തുയർത്താൻ ശ്രമിക്കുന്ന തങ്ങൾക്ക് ബദൽ സംവിധാനങ്ങളില്ലാത്ത സാഹചര്യത്തിൽ പ്ലാസ്റ്റിക് നിരോധനം വൻ വെല്ലുവിളിയാണെന്ന് ഇവർ പറയുന്നു.
വായു കടന്നാൽ ചീത്തയാകുന്ന തരം ഉത്പന്നങ്ങൾക്ക് തുണി സഞ്ചി, പേപ്പർ ബാഗുകൾ തുടങ്ങിയ ബദൽ സംവിധാനങ്ങൾ അനുയോജ്യമല്ല. ദോശമാവ് വലിയ പാത്രങ്ങളിലാക്കി ആവശ്യമായ അളവിൽ വിതരണം ചെയ്യുക പ്രായോഗികമല്ല. ബ്രാൻഡഡ് കമ്പനികൾ നിരോധനത്തിന് പുറത്ത് നിൽക്കുമ്പോൾ സാധാരണക്കാരായ തങ്ങളുടെ ഉപജീവനമാർഗം ചോദ്യചിഹ്നമാവുന്നെന്ന് ഇവർ പരാതിപ്പെടുന്നു.
മീനും ഇറച്ചിയും
എങ്ങനെ വാങ്ങും ?
മത്സ്യ- ഇറച്ചി മാർക്കറ്റുകളാണ് നിരോധനത്തെ തുടർന്ന് അസൗകര്യം നേരിടുന്ന പ്രധാന ഇടങ്ങൾ. മത്സ്യവും മാംസവും രണ്ടും തുണി സഞ്ചികളിൽ നൽകാനോ വാങ്ങാനോ കഴിയാത്തതാണ് ഉപഭോക്താക്കളും കച്ചവടക്കാരും നേരിടുന്ന വെല്ലുവിളി. ഇവ പേപ്പറിൽ പൊതിഞ്ഞ് സഞ്ചരിക്കാനുമാകില്ല. പകരം സംവിധാനം ഒരുക്കാത്തതിൽ കച്ചവടക്കാർ പ്രതിഷേധത്തിലാണ്.
ബ്രാൻഡുകൾക്ക് ആശ്വാസം
ബ്രാൻഡഡ് കമ്പനികളുടെ വസ്തുക്കളെ നിരോധനത്തിൽ നിന്നൊഴിവാക്കിയത് വിവേചനമാണെന്നാണ് വ്യാപാരികളുടെ അഭിപ്രായം. ബ്രാൻഡഡ് ഉത്‌പാദകർ സ്വന്തം പായ്‌ക്കറ്റുകൾ തിരിച്ചെടുക്കണമെന്ന വ്യവസ്ഥയിലാണ് ഇളവ്. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിൽ രജിസ്റ്റർ ചെയ്യുന്നതിന് പുറമേ ഇവർ ഇ.പി.ആർ പ്ലാൻ പ്രകാരമുള്ള തുക അടയ്‌ക്കണമെന്നും വ്യവസ്ഥയിലുണ്ട്. ഈ കമ്പനികളുടെ പാക്കറ്റുകൾ കോർപ്പറേഷനുകളിലെ സംഭരണശാലകളിൽ സ്വീകരിക്കും.
ബയോഡീഗ്രേഡബിൾ പ്ലാസ്റ്റിക്
നിരോധനം നിലവിൽ വന്നത് മുതൽ പ്ലാസ്റ്രികിന് ബദലായി പറഞ്ഞുകേൾക്കുന്ന പേരാണ് ബയോ ഡീഗ്രേഡബിൾ പ്ലാസ്റ്രിക്. ജൈവവസ്തുക്കളിൽ നിന്ന് നിർമിക്കുന്നതാണിവ. നിർമാണത്തിലെ പ്രധാന അസംസ്കൃത വസ്തു സ്റ്റാർച്ചാണ്. ചോളം, ഉരുളക്കിഴങ്ങ്, മരച്ചീനി മുതലായവയാണ് ഇതിനാവശ്യം. നിലവിലെ ആവശ്യത്തിന് അനുസരിച്ചുള്ള ബയോഡീഗ്രേഡബിൾ പ്ലാസ്റ്റിക് നിർമിക്കാനാവശ്യമായ അസംസ്കൃത വസ്തുക്കൾ രാജ്യത്തില്ല. ഇറക്കുമതി ചെയ്ത് നിർമ്മിച്ചാൽ വിലയും കൂടും.
നിലവിലെ പ്ളാസ്‌റ്റിക് നിർമാണ യൂണിറ്റുകളിലെ മെഷീനുകൾ മാറ്റി ബയോഡീഗ്രേഡബിൾ പ്ലാസ്റ്റികിനായി പുതിയ മെഷീനുകൾ സ്ഥാപിക്കണം. ഇത് അധിക ബാദ്ധ്യതയാണെന്ന് നിർമാതാക്കൾ പറയുന്നു. ബയോഡീഗ്രേഡബിൾ പ്ലാസ്റ്രികിനും വ്യാജന്മാരെത്തും എന്നൊരു ആശങ്കയും നിലവിലുണ്ട്.
100 രൂപയ്ക്ക് താഴെ ഒരു കിലോ പ്ലാസ്റ്റിക് വാങ്ങിയിരുന്നവർ ബയോഡീഗ്രേഡബിൾ പ്ലാസ്റ്രിക് കിലോഗ്രാമിന് ചുരുങ്ങിയത് 300 രൂപയെങ്കിലും നൽകണം. ഇത് അധിക സാമ്പത്തിക ബാദ്ധ്യതയാകുമെന്നാണ് വ്യാപാരികളുടെ വിലാപം. ഇതനുസരിച്ച് സാധനങ്ങളുടെ വില കൂട്ടുമെന്ന് ഉപഭോക്‌താക്കളും പേടിക്കുന്നു.
ചുരുങ്ങിയ ചെലവിൽ ബദൽ സംവിധാനങ്ങൾ ഏർപ്പെടുത്താൻ അധികൃതർ ആലോചിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
നിരോധന പട്ടിക
പ്ലാസ്റ്റിക് ക്യാരി ബാഗ് (കനം ബാധകമല്ല)
ടേബിളിൽ വിരിക്കുന്ന പ്ലാസ്റ്റിക് ഷീറ്റ്
തെർമോക്കോൾ, സ്റ്റെറോഫോം എന്നിവ ഉപയോഗിച്ചുണ്ടാക്കുന്ന പ്ലേറ്റുകൾ, കപ്പുകൾ, അലങ്കാര വസ്തുക്കൾ
ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കപ്പുകൾ, പ്ലേറ്റുകൾ, സ്‌പൂണുകൾ, ഫോർക്കുകൾ, സ്‌ട്രോകൾ, ഡിഷുകൾ
പ്ലാസ്റ്റിക് കോട്ടിംഗ് ഉള്ള പേപ്പർ കപ്പുകൾ, പ്ലേറ്റുകൾ, ബൗൾ
നോൺ വൂവൺ ബാഗുകൾ, പ്ലാസ്റ്റിക് കൊടികൾ
പ്ലാസ്റ്റിക് കുടിവെള്ള പൗച്ചുകൾ, പ്ലാസ്റ്റിക് ജ്യൂസ് പാക്കറ്റുകൾ
500 മില്ലി ലിറ്ററിന് താഴെയുള്ള കുടിവെള്ള പെറ്റ് ബോട്ടിലുകൾ
ബ്രാൻഡഡ് അല്ലാത്ത ജ്യൂസ് ബോട്ടിലുകൾ
പ്ലാസ്റ്റിക് ഗാർബേജ് ബാഗ്,
പി.വി.സി ഫ്‌ളക്‌സ് മെറ്റീരിയൽസ്,
പ്ലാസ്റ്റിക് പാക്കറ്റ്
പരിസ്ഥിതി വകുപ്പിന്റെ ബദൽ നിർദേശങ്ങൾ
തുണി, പേപ്പർ ബാഗുകൾ
പേപ്പർ വിരി
ഗ്ലാസ്, സെറാമിക്, സ്റ്റീൽ പാത്രങ്ങളും ജൈവരീതിയിലുള്ള അലങ്കാരവസ്തുക്കളും
പേപ്പർ, മുള സ്ട്രോകൾ
തുണി, പേപ്പർ കൊടിതോരണങ്ങൾ
കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് സർട്ടിഫിക്കറ്റുള്ള പി.എൽ.എ കോട്ടിംഗുള്ള പേപ്പർ കപ്പുകൾ
പ്ലാസ്റ്റിക് ചവർ ബാഗുകൾക്ക് പകരം കമ്പോസ്റ്റബിൾ ബാഗുകൾ
ഇതാ ഇന്നു മുതൽ
വീട്ടുസാധനങ്ങൾ വാങ്ങാൻ പോകുമ്പോൾ തുണിസഞ്ചി കൈയിൽ കരുതുക.
വീട്ടുപടിക്കൽ നിന്ന് മീൻ വാങ്ങുമ്പോൾ പാത്രങ്ങളിലോ ഇലയിലോ വാങ്ങുക
പ്ലാസ്റ്റിക് സഞ്ചികൾ ഉപയോഗ ശേഷം കഴുകി, വൃത്തിയാക്കി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ശേഖരണകേന്ദ്രങ്ങളിലോ ചുമതലപ്പെട്ടവർക്കോ കൈമാറുക
കുട്ടികളെ പ്ലാസ്റ്റികിനെതിരെ ബോധവത്കരിക്കുക. ദൂഷ്യവശങ്ങൾ പറഞ്ഞു കൊടുക്കുക
പ്ലാസ്റ്റിക് കത്തിക്കുന്ന ശീലം മറന്നേക്കുക
മിഠായി, ബിസ്കറ്റ് കവറുകൾ വലിച്ചെറിയാതിരിക്കുക
കുടിവെള്ളത്തിന് സ്റ്രീൽ ബോട്ടിൽ ശീലമാക്കുക.