പ്രപഞ്ചം ഏകാത്മകതത്ത്വത്തിലെത്തുമ്പോൾ പ്രപഞ്ചജീവിതം ആനന്ദനടനമായി മാറും - ആനന്ദലീലയാകും. ലോകജീവിതം ആനന്ദനടനമാണെന്ന തത്ത്വത്തെ അനാവരണം ചെയ്യുന്ന ആദിഗുരുവും ആദിയോഗിയുമാണ് നടരാജൻ; നാം ഈ പ്രപഞ്ചത്തോട് പാരസ്പര്യം ചെയ്താൽ ജീവിതം ആനന്ദനടനമാകും.
അനുസ്യൂതവും അന്യൂനവും അതികഠിനവുമായ ദീർഘകാല തപസിലൂടെ കോടി സൂര്യപ്രഭാതുല്യം സത്യസാക്ഷാത്കാരം കൈവരിച്ച് ത്രിഗുണരഹിതവും ത്രിമൂർത്തീഭേദങ്ങൾക്ക് - ദേവതാവസ്ഥകൾക്കും അതീതമായ നിർഗുണ ബ്രഹ്മാവസ്ഥയിലെത്തിയ നാരായണൻ; ശ്രീനാരായണഗുരുവായിപഞ്ചഭൂതാത്മകമായ ശരീരരഹിതമായ ജ്ഞാനമായി മാറിയ ആധുനിക ഗുരുവായ ശ്രീനാരായണഗുരുവിനുണ്ടായ ഏകാത്മകമായ ആത്മജ്ഞാന ആനന്ദാനുഭവം ഏകാത്മലോകത്തിന്റെ സംരചനയ്ക്ക് സർവംസഹായകമാണ്. ഗുരു ആനുഭൂതികതയിലൂടെ അനാവരണം ചെയ്തത് ഏകാത്മകലോകമാണ്. ഏകലോകമല്ല. ഏകാത്മലോകത്ത് വിഘടനത്തിനോ വിഭജനത്തിനോ വിദ്വേഷത്തിനോ സാദ്ധ്യതയില്ല. അത് ആനന്ദദായകമാണ്.
അജ്ഞാനമകറ്റി അന്യൂനമായ അറിവിന്റെ അരവിന്ദം വിടർത്തി മാനവരാശിയെ ശാന്തിയും സമൃദ്ധിയും സമ്പന്നമായ ഏകാത്മലോകത്തിലെത്തിക്കാൻ അഹൈതുക കൃപാസിന്ധുവായ ശ്രീനാരായണഗുരു ആനന്ദനടനമാടിയ ജ്ഞാനാമൃതമാണ് കുണ്ഡലിനിപ്പാട്ട്. ഇതിന് ഗുരു നൽകിയ മറ്റൊരു പേരാണ് 'പാമ്പാട്ടിചിന്ത്". ചിന്ത് എന്നു പറഞ്ഞാൽ സ്തുതിപരവും തത്വചിന്താപരവുമായ ആനന്ദഗീതത്തോടൊപ്പം നൃത്തം ചെയ്യുക എന്നാണ്. തന്റെ ഉള്ളിൽ സ്ഥിതി ചെയ്യുന്ന സർപ്പസമാനമായ ശക്തിയെ ഉണർത്തി, ഉയർത്തുന്നവനാണ് പാമ്പാട്ടി. അങ്ങനെയുള്ള പാമ്പാട്ടിയായ സാധകൻ തന്റെയുള്ളിൽ മുഴങ്ങുന്ന തേൻതുളുമ്പും അമൃത് ഒലിക്ക് അനുരൂപമായി ആനന്ദനടനമാടുന്നതാണ് പാമ്പാട്ടിച്ചിന്ത്. ഈ ജ്ഞാനാനന്ദ നടനാനുഭവം ഗുരുവിന്റെ അറുപത്തിമൂന്ന് ജ്ഞാനാമൃതങ്ങളിൽ പലതിലും അനാവരണം ചെയ്തിരിക്കുന്നു. സാധാരണക്കാർ ധരിച്ചിരിക്കുന്ന പാമ്പാട്ടിപ്പാട്ടല്ല കുണ്ഡലിനിപ്പാട്ട് അഥവാ പാമ്പാട്ടിച്ചിന്ത്. അത് ഏകാത്മകതയിലേക്കുള്ള കുണ്ഡലിനിയോഗയാണ്. കുണ്ഡലിനിശക്തിയാൽ ഏകാത്മകബോധത്തിലെത്തിയ ശ്രീനാരായണഗുരുവിലുണ്ടായ ആനന്ദനടനമാണ് കുണ്ഡലിനിപ്പാട്ട്.
''ആടുപാമ്പേ പുനം തേടുപാമ്പേ, യരു -
ളാനന്ദക്കൂത്തു കണ്ടാടു പാമ്പേ" എന്ന് തുടങ്ങുന്ന ഈ ജ്ഞാനാമൃതം ഒരേ സമയം ആനന്ദനടനഗീതവും ആവാഹനഗീതവുമാണ്.
''ഓമെന്നുതൊട്ടൊരു കോടിമന്ത്രപ്പൊരുൾ
നാമെന്നറിഞ്ഞു കൊണ്ടാടുപാമ്പേ". ഓം എന്ന പ്രണവമന്ത്രം മുതൽ കോടിക്കണക്കിനുള്ള മന്ത്രങ്ങളെല്ലാം വെളിപ്പെടുത്തുന്നതും മന്ത്രങ്ങളെല്ലാം ഉൾക്കൊണ്ടിരിക്കുന്നതുമായ പരമമായ സത്യം ഞാൻ തന്നെയാണെന്ന് അഥവാ ഞാനും ഞാൻ ഉൾപ്പെടെയുള്ള സമസ്ത പ്രപഞ്ചവുമാണെന്ന് അഥവാ നാം തന്നെയാണെന്ന് അനുഭവിച്ചറിഞ്ഞ് ആനന്ദിച്ച് നൃത്തം ചെയ്യുക. ഈ ഏകാത്മക ബോധം മാത്രമേ ലോകത്തിന് നിത്യാനന്ദം നൽകുകയുള്ളൂ. ശാന്തിയും സമൃദ്ധിയും നിറഞ്ഞ ഏകാത്മകലോകം സംരചിക്കാൻ ഗുരുവിന്റെ ജ്ഞാനാമൃതങ്ങളിലേക്ക് ലോകശ്രദ്ധയെ ആകർഷിക്കാനും അത് സാർവത്രികമായി പ്രചരിപ്പിച്ച് പ്രാവർത്തികമാക്കി ലോകജീവിതം ആനന്ദലീലയാക്കി മാറ്റുക എന്ന ലക്ഷ്യത്തെയുമാണ് ശ്രീനാരായണ ധർമ്മപരിപാലനയോഗത്തിന്റെ ആഭിമുഖ്യത്തിൽ ഏകാത്മക ആനന്ദനടനമായ കുണ്ഡലിനിപ്പാട്ട് മനോമോഹനമായ മോഹിനിയാട്ടരൂപത്തിൽ ലോകസമക്ഷം ആദരപൂർവം അവതരിപ്പിക്കുന്നത്. ഏകാത്മകമായി ആനന്ദനടനമാടുന്ന താണ്ഡവസ്വരൂപനായ - നടരാജനായ - ആദിഗുരുവും ആദിയോഗിയും ആയ ശിവന്റെ - വടക്കുംനാഥന്റെ തിരുനടയിലാണ് ആധുനിക ഗുരുവായ ശ്രീനാരായണഗുരുവിന്റെ ഏകാത്മകജ്ഞാനാനന്ദനടനമായ കുണ്ഡലിനിപ്പാട്ട് മോഹിനിയാട്ടം എന്ന നടനരൂപത്തിൽ അരങ്ങേറുന്നത്. ശ്രേയസും പ്രേയസും ചേർന്ന നിത്യാനന്ദമായ ഏകാത്മകലോകം സംജാതമാകാൻ കരപെരുകിക്കവിയും കാരുണ്യക്കടലായ ഗുരുവിന്റെ അനുഗ്രഹവർഷത്താൽ ലോകമാകെ ജ്ഞാനാന്ദമാരി കോരിച്ചൊരിയട്ടെ; ഗുരു ഓം തത് സത്.