ചിറയിൻകീഴ്: തീരദേശ മേഖലയിലെ ഗ്രാമപഞ്ചായത്തുകളിലൊന്നായ അഴൂർ ഗ്രാമപഞ്ചായത്തിൽ പൊതുശ്മശാനം വേണമെന്ന ആവശ്യം ഇതുവരെ നടപ്പായില്ല. പഞ്ചായത്തിലെ കോളനികളിലടക്കം ധാരാളം നിർദ്ധനർ ഈ മേഖലയിലുണ്ട്. ഇവിടെ ഒട്ടേറെ കുടുംബങ്ങൾ രണ്ടും മൂന്നും സെന്റുകളിലാണ് വീടുകൾ കെട്ടി അന്തിയുറങ്ങുന്നത്. ദൈനംദിന കാര്യങ്ങൾക്ക് തന്നെ സ്ഥലം അപര്യാപ്തമായ ഇത്തരം വീടുകളിൽ താമസിക്കുന്നവർക്ക് വീട്ടിൽ ഒരു മരണം നടക്കുമ്പോൾ വീട്ടുവളപ്പിൽ സംസ്കരിക്കേണ്ടി വരുന്നത് പലപ്പോഴും കീറാമുട്ടിയാകാറുണ്ട്. പഞ്ചായത്തിൽ ശ്മശാനം ഇല്ലാത്തതിനാൽ ഇത്തരം കുടുംബങ്ങൾക്ക് ആറ്റിങ്ങലിലോ തിരുവനന്തപുരത്തോ ഉള്ള ശ്മശാനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. പഞ്ചായത്തിലെ പതിനെട്ട് വാർഡുകളിലായി മൂവായിരത്തി അ‌ഞ്ഞൂറിലധികം കുടുംബങ്ങളാണ് അധിവസിക്കുന്നത്. പഞ്ചായത്തിലെ പല വാർഡുകളും കായൽത്തീരത്തായതിനാൽ വസ്തുക്കൾ ഉളള വീടുകളിൽ പോലും വെള്ളക്കെട്ടിലാണ്. മഴക്കാലമായാൽ പഞ്ചായത്തിലെ പല താഴ്ന്ന സ്ഥലങ്ങളും വെള്ളക്കെട്ടാകും.

കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി പൊതുശ്മശാനം നിർമിക്കാനായി തുക വകയിരുത്തിയെങ്കിലും ഇതിന് അനുയോജ്യമായ സ്ഥലം കണ്ടെത്താൻ സാധിച്ചില്ല. തു‌ടർന്ന് അടുത്ത് വന്ന ഭരണസമിതിയുടെ കാലാവധി തീരാറായിട്ടും ശ്മശാനം എന്ന ആവശ്യം അനന്തമായി നീളുകയാണ്. സ്ഥലം കണ്ടെത്തലാണ് ഈ പഞ്ചായത്ത് ഭരണസമിതിയും നേരിടുന്ന വലിയ വെല്ലുവിളി. പഞ്ചായത്തിലെ വിവിധ പ്രദേശങ്ങൾ ശ്മശാനത്തിനായി നോക്കിയെങ്കിലും മാലിന്യ പ്രശ്നവും മറ്റ് പല കാരണങ്ങളും കാട്ടി നാട്ടുകാർ എതിർപ്പ് പ്രകടിപ്പിക്കുന്നത് പഞ്ചായത്തിനും ഈ പദ്ധതി നടപ്പിലാക്കുന്നതിന് തടസം നിൽക്കുകയാണ്.