malayinkil

മലയിൻകീഴ്: മലയിൻകീഴ് ഗ്രാമപഞ്ചയത്തിലെ റോഡുകൾ പലതും തകർന്നതു കാരണം യാത്രാക്ലേശത്താൽ വലയുകയാണ് നാട്ടുകാരും യാത്രികരും. റോഡുകൾ ഇത്തരത്തിൽ തകർന്നിട്ട് വ‌ർഷങ്ങളായെങ്കിലും നാളിതുവരെ നടപടി സ്വീകരിക്കാത്തതിൽ നാട്ടുകാർക്കിടയിൽ പ്രതിഷേധമുയരുകയാണ്. തകർന്നവയിൽ പലതും മറ്റ് ഗ്രാമപഞ്ചായത്തുകളുമായി ബന്ധിപ്പിക്കുന്ന റോഡുകളാണ്. പാലോട്ടുവിള - കൊമ്പേറ്റി റോഡ് വിളവൂർക്കൽ പഞ്ചായത്തുമായും, മേപ്പൂക്കട-കുഴയ്ക്കാട് റോഡ് മാറനല്ലൂർ പഞ്ചായത്തുമായും, അന്തിയൂർക്കോണം-കല്ലുവരമ്പ് റോഡ് കാട്ടാക്കട പഞ്ചായത്തുമായും ബന്ധിപ്പിക്കുന്നവയാണ്. റോഡ് നവീകരിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ പഞ്ചായത്ത് അധികൃതരെയും വാർഡ് അംഗങ്ങളെയും നിരവധി തവണ സമീപിച്ചിട്ടും യാതൊരു പ്രയോജനവുമുണ്ടായിട്ടില്ല. ബസ് സർവീസ് ഉണ്ടായിരുന്ന അന്തിയർക്കോണം-കല്ലുവരമ്പ്, മേപ്പൂക്കട-കുഴയ്ക്കാട് മലയിൻകീഴ്-ശ്രീകൃഷ്ണപുരം-മഞ്ചാടി എന്നീ റോഡുകളുടെ തകർച്ചകാരണം ബസ് സർവീസ് നിറുത്തലാക്കിയിരിക്കുകയാണ്. കുഴികൾ മാത്രമായി മാറിയ റോഡിൽ മഴക്കാലത്തെ വെള്ളക്കെട്ട് അപകട ഭീഷണിയുമാകാറുണ്ട്. സ്കൂൾ-കോളേജ് വിദ്യാർത്ഥികളാണ് ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നത്. പഞ്ചായത്ത് ഫണ്ട് വിനിയോഗിച്ച് റോഡ് നവീകരിക്കുമെന്ന് വാഗ്ദാനം നൽകിയെങ്കിലും ഫലമുണ്ടായിട്ടില്ല. മലയിൻകീഴ്- പഴയറോഡിൽ പേരിന് അറ്റകുറ്റ പണികൾ നടത്തിയിരുന്നെങ്കിലും യാതൊരു പ്രയോജനവുമില്ല. പലഭാഗത്തും ടാർ ഇളകി മാറി മെറ്റലുകൾ അപകട ഭീഷണിയാവുകയാണ്. നിലവിലെ ഭരണ സമിതിയുടെ കാലാവധി തീരാൻ കുറച്ച് മാസമേയുള്ളു എന്നതിനാൽ പഞ്ചായത്ത് റോഡുകൾ അടിയന്തരമായി നവീകരിക്കാൻ അധികൃതർ തയ്യാറാകണമെന്ന
ആവശ്യം ശക്തമായിട്ടുണ്ട്.

പ്രധാനമായും തകർന്നത് 7 റോഡുകൾ

പ്രശ്നം ഗുരുതരം

ട്രഷറി നിയന്ത്രണം റോഡ് നവീകരണത്തിന് വെല്ലുവിളിയായി

പലയിടത്തും മെറ്റലുകൾ ഇളകി യാത്ര ദുഃസഹമായി

മഴക്കാലമായാൽ വെള്ളക്കെട്ടും ചെളിയുമാണ്

കുട്ടികൾ ഉൾപ്പടെയുള്ള സാധാരണക്കാർ ഏറെ ദുരിതത്തിലാണ്

ബസ് സർവീസുകൾ ഉണ്ടായിരുന്ന പല റൂട്ടുകളിലും സർവീസുകൾ നിറുത്തി

തകർച്ചയിലായ പ്രധാന റോഡുകൾ

മേപ്പൂക്കട-കുഴയ്ക്കാട്

അന്തിയൂർക്കോണം-കല്ലുവരമ്പ്

മലയിൻകീഴ്-ശ്രീകൃഷ്ണപുരം

മലയിൻകീഴ്-പഴയറോഡ്

ഇരട്ടക്കലുങ്ക്-പുത്തൻവിള

മൂഴിനട-മഞ്ചാടി

കരിപ്പൂര്-പനവിള

പ്രതികരണം :
ശ്രീകൃഷ്ണപുരം മഞ്ചാടി റോഡ് ജില്ലാപഞ്ചായത്ത് ഫണ്ട് വിനിയോഗിച്ച് നവീകരിക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ നടക്കുന്നതിനിടെ ഫണ്ട് നൽകുമെന്ന് എം.എൽ.എ അറിയിച്ചിരുന്നു. എന്നാൽ 2018-19 വർഷത്തെ ഫണ്ട് വിഹിതത്തിൽ നിന്ന് 7 ലക്ഷം രൂപ എം.എൽ.എ അനുവദിച്ചിരുന്നെങ്കിലും ആ തുക കൊണ്ട് റോഡ് നവീകരിക്കാനാകില്ല. 2020-21 പദ്ധതിയിൽ ജില്ലാപഞ്ചായത്ത് അംഗം എസ്. ശോഭനകുമാരി ഫണ്ട് നൽകാമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്. പഞ്ചായത്തിലെ മറ്റ് റോഡുകളുടെ നവീകരണ പ്രവർത്തനങ്ങൾ നടക്കാത്തതിന് പ്രധാനകാരണം ട്രഷറി നിയന്ത്രണമാണ്. നവീകരണ പ്രവർത്തനങ്ങൾ അടിയന്തരമായി നടത്താനാണ് പഞ്ചായത്ത് ഭരണ സമിതി ശ്രമിക്കുന്നത്.

-എസ്. രാധാകൃഷ്ണൻനായർ,

പ്രസി‌ന്റ് മലയിൻകീഴ് ഗ്രാമപഞ്ചായത്ത്.