തിരുവനന്തപുരം: കൊച്ചി- ബംഗളുരു വ്യവസായ ഇടനാഴി കോയമ്പത്തൂർ വഴി കൊച്ചിയിലേക്ക് നീട്ടുന്നതിന്റെ ഭാഗമായി പാലക്കാട് സ്ഥാപിക്കുന്ന ഏകീകൃത ഉത്പാദന ക്ലസ്റ്ററിന്റെ വികസനത്തിന് 1351 ഏക്കർ ഭൂമി കിഫ്ബിയുടെ സഹായത്തോടെ ഏറ്റെടുക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. 1038 കോടി രൂപയാണ് ചെലവ്.
വ്യവസായ ഇടനാഴി കൊച്ചിയിലേക്ക് നീട്ടുന്നതിനുള്ള കേരളത്തിന്റെ അപേക്ഷ നാഷണൽ ഇൻഡസ്ട്രിയൽ കോറിഡോർ ഡവലപ്പ്‌മെന്റ് ഇംപ്ലിമെന്റേഷൻ ട്രസ്റ്റ് അംഗീകരിച്ചിട്ടുണ്ട്. 160 കിലോമീറ്ററാണ് ഇടനാഴിയുടെ നീളം. പരിസ്ഥിതിക്ക് അനുയോജ്യമായ വ്യവസായങ്ങൾ സ്ഥാപിച്ച് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. പുതുശ്ശേരി, ഒഴലപ്പതി ഭാഗങ്ങളിലാണ് ഭൂമി ഏറ്റെടുക്കുന്നത്.
മറ്റ് തീരുമാനങ്ങൾ:
പെരുമ്പാവൂർ വളയൻചിറങ്ങര ശ്രീശങ്കര വിദ്യാപീഠം കോളേജിൽ രസതന്ത്ര വിഭാഗത്തിൽ 3 അദ്ധ്യാപക തസ്തികകൾ.
തിരുവനന്തപുരം ജി.വി. രാജ സ്‌പോർട്സ് സ്കൂളിൽ പുതിയ ഡിവിഷൻ ആരംഭിക്കാൻ രണ്ട് യു.പി.എസ്.എ തസ്തികയും ഒരു പാർട്ട് ടൈം ഹിന്ദി അദ്ധ്യാപക തസ്തികയും.