fire

വെഞ്ഞാറമൂട്: പലഹാര നിർമ്മാണശാലയ്‌ക്ക് തീപിടിച്ച് വൻനാശം. കഴിഞ്ഞ ദിവസം പുലർച്ചെ ഒന്നിന് മാരിയത്ത് സുലേഖ നിവാസിൽ ഇശക്കിരാജിന്റെ ഉടമസ്ഥതയിലുള്ള പലഹാര നിർമ്മാണ ശാലയിലാണ് തീപിടിത്തമുണ്ടായത്

നിർമ്മാണശാലയും ഇരുചക്രവാഹനങ്ങളും പൂർണമായി കത്തിനശിച്ചു. സമീപത്തെ വീടുകളിലേക്ക് തീപടരുന്നതിന് മുമ്പ് വെഞ്ഞാറമൂട് ഫയർഫോഴ്സ് യൂണിറ്റ് സ്ഥലത്തെത്തി നിയന്ത്രണ വിധേയമാക്കുകയായിരുന്നു. ഇവിടെ സൂക്ഷിച്ചിരുന്ന എണ്ണപ്പാട്ടയിലും കശുവണ്ടി തോടിലും വിറകിലുമാണ് ആദ്യം തീപിടിച്ചത്. കടയിൽ നിന്നും തീയും പുകയും ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ വെഞ്ഞാറമൂട് ഫയർഫോഴ്സിൽ വിവരമറിയിക്കുകയായിരുന്നു. പൊങ്കൽ പ്രമാണിച്ച് തൊഴിലാളികൾ നാട്ടിൽ പോയിരുന്നതിനാൽ വൻദുരന്തം ഒഴിവായി. കെട്ടിടത്തിന്റെ നാല് ഭാഗങ്ങളിൽ നിന്നും ഏറെ നേരം പമ്പ് ചെയ്‌ത ശേഷമാണ് തീ നിയന്ത്രണവിധേയമാക്കിയത്. അപകടത്തിന്റെ കാരണമറിയില്ലെന്നും ഏകദേശം ആറുലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നും ഉടമ പറഞ്ഞു. അസി. സ്റ്റേഷൻ ഓഫീസർ നസീറിന്റെ നേതൃത്വത്തിൽ സീനിയർ ഫയർഓഫീസർ രാജേന്ദ്രൻനായർ, ഫയർഓഫീസർമാരായ നിശാന്ത് സുമേഷ്, സന്തോഷ്, രജികുമാർ, മോഹനൻപിള്ള, ശരത് എന്നിവരാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്.