നിർഭയ കേസിലെ നാലുപ്രതികൾക്ക് വിചാരണ കോടതി വിധിച്ച വധശിക്ഷ നടപ്പാകുന്നതും കാത്ത് ക്ഷമാപൂർവം കാത്തിരിക്കുന്നത് അതിക്രൂരമായ മാനഭംഗത്തിനിരയായി ജീവൻ വെടിയേണ്ടിവന്ന ആ യുവതിയുടെ അമ്മ ആശാദേവി മാത്രമല്ല, പെൺമക്കളെ ജീവനുതുല്യം സ്നേഹിക്കുന്ന മാതാപിതാക്കൾ ഉൾപ്പെടെ നിയമം നിലനിന്നുകാണാൻ ആഗ്രഹിക്കുന്ന സർവരുമാണ്.
ഡൽഹിയിൽ ഒാടുന്ന ബസിൽ വച്ച് ഒരു കൗമാരക്കാരനുൾപ്പെടെ ആറ് നരാധമന്മാർ പിച്ചിച്ചീന്തിയെറിഞ്ഞ യുവതിയുടെ ഘാതകരുടെ വധശിക്ഷ നടപ്പാക്കുന്നതും കാത്ത് രാജ്യം കാത്തിരിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. പ്രതികൾ ഒാരോരുത്തരായി നിയമത്തിന്റെ പുതിയ പഴുതുകൾ പ്രയോജനപ്പെടുത്തി മാറിമാറി കോടതിയിൽ എത്തുകയാണ്. വിചാരണക്കോടതി വിധിച്ച വധശിക്ഷ ഡൽഹി ഹൈക്കോടതിയും സുപ്രീംകോടതിയുമൊക്കെ ശരിവച്ചതാണ്. കഴിഞ്ഞ ദിവസവും പ്രതികളിൽ രണ്ടുപേർ തിരുത്തൽ ഹർജികളുമായി സുപ്രീംകോടതിയിൽ എത്തിയിരുന്നു. നേരത്തെ രണ്ട് പ്രതികളുടെ സമാനമായ ഹർജികൾ കോടതി തള്ളിയതാണ്. അതുപോലെ ഇൗ രണ്ടുപേരുടെ ഹർജികൾക്കും അതേ ഗതിയാണുണ്ടായത്. ഇതിനിടെ വിചാരണ കോടതി പ്രതികളുടെ ശിക്ഷ ഇൗമാസം 22ന് രാവിലെ ഏഴുമണിക്ക് നടപ്പാക്കാൻ വേണ്ടി മരണവാറണ്ടും പുറപ്പെടുവിച്ചിരുന്നു. പ്രതികളിൽ രണ്ടുപേരുടെ തിരുത്തൽ ഹർജികൾ ചൊവ്വാഴ്ച സുപ്രീം കോടതി തള്ളിയ ഉടനെ തന്നെ അവരിലൊരാൾ മരണ വാറണ്ടിനെതിരെ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. മരണവാറണ്ട് റദ്ദാക്കണമെന്നാണ് ആവശ്യം. രാഷ്ട്രപതിക്കും ഡൽഹി ലഫ്. ഗവർണർക്കും താൻ ദയാഹർജി നൽകിയിരിക്കുന്നതിനാൽ അതിൽ തീർപ്പാകും വരെ ശിക്ഷ നടപ്പാക്കരുതെന്നുമാണ് ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ കുറെ നാളുകളായി പ്രതികൾക്ക് വേണ്ടി ഇമ്മട്ടിലുള്ള ഹർജികളുമായി തത്പരകക്ഷികൾ കോടതികൾ കയറിയിറങ്ങുകയാണ്. നേരത്തെ രണ്ട് പ്രതികളുടെ തിരുത്തൽ ഹർജി സുപ്രീംകോടതി നിരാകരിച്ച ദിവസം തീർപ്പറിയാൻ കോടതിയിൽ നിർഭയയുടെ മാതാവും ഉണ്ടായിരുന്നു. അന്നുമാത്രമല്ല, ഇൗ കേസ് കോടതികളിലെത്തുന്ന എല്ലാദിവസവും അവർ കൃത്യമായി ഹാജരാകുമായിരുന്നു. മനുഷ്യൻ ഒരു പെൺകുട്ടിയോട് ചെയ്യാൻ മടിക്കുന്ന ഏറ്റവും പൈശാചിക ക്രൂരതകളാണ് പ്രതികൾ കാണിച്ചുകൂട്ടിയത്.
രാജ്യത്തിന്റെ മൊത്തം ശാപം ഏറ്റുവാങ്ങിയ പ്രതികൾക്ക് നിയമത്തിന്റെ സർവ ആനുകൂല്യങ്ങളും ഒന്നൊന്നായി ലഭിക്കുമ്പോൾ നീതി നടപ്പാകുന്നതും കാത്ത് കോടതികൾ കയറിയിറങ്ങേണ്ടിവരുന്ന തങ്ങളുടെ ദയനീയ സ്ഥിതി കാണാൻ നീതിപീഠങ്ങൾക്ക് കഴിയുന്നില്ലല്ലോ എന്ന നിർഭയയുടെ മാതാവിന്റെ ആത്മരോദനം സമൂഹത്തിന് മുമ്പിൽ ഉത്തരം ലഭിക്കാത്ത ചോദ്യമായിത്തന്നെ നിൽക്കുകയാണ്. അപൂർവങ്ങളിൽ അപൂർവമായ കൊലപാതകക്കുറ്റത്തിനാണ് വധശിക്ഷ വിധിക്കുന്നത്. നിർഭയ കേസിലെ പ്രതികളെല്ലാവരും വധശിക്ഷ ലഭിക്കാൻ അർഹരാണെന്ന് വിചാരണ കോടതി അസന്ദിഗ്ദ്ധമായി വിധി എഴുതിയതാണ്. സമഗ്രമായ വിചാരണയും തെളിവുപരിശോധനയുമൊക്കെ നടത്തിയാണ് കോടതി അന്തിമ നിഗമനത്തിലെത്തിയത്. അപ്പീലുകളിൽ ഹൈക്കോടതിയും സുപ്രീംകോടതിയും ശിക്ഷ അതേപടി ശരിവയ്ക്കുകയും ചെയ്തു. രാജ്യത്തിന്റെ പൊതുമനസും ശിക്ഷ എത്രയും വേഗം നടപ്പാക്കണമെന്നുതന്നെയാണ് ദീർഘനാളായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. നിയമപരമായോ ധാർമ്മികമായോ മനുഷ്യത്വപരമായോ പ്രതികൾ യാതൊരു ദയവും അർഹിക്കുന്നില്ലെന്നതിനുള്ള ന്യായീകരണം അവരുടെ പൈശാചിക പ്രവൃത്തി തന്നെയാണ്.
രാജ്യത്തെ ഞെട്ടിച്ച അതിക്രൂരമായ ഒരു കുറ്റകൃത്യത്തിലുൾപ്പെട്ടവർക്കായി നിയമത്തിലെ അവസാന പഴുതും തേടി ശിക്ഷ വൈകിപ്പിക്കാൻ ഇറങ്ങിത്തിരിച്ചവർ യഥാർത്ഥത്തിൽ സമൂഹത്തിനു നൽകുന്ന സന്ദേശം എന്താണ്? ഏഴുവർഷമായി നടക്കുന്ന കേസ് നടത്തിപ്പിനുവേണ്ടിവന്ന അഭൂതപൂർവമായ ചെലവുകൾ വഹിക്കുന്നത് ആരാണ്? തൂക്കുകയറിൽനിന്ന് ഇവരെ രക്ഷിക്കാൻ വിശ്രമമില്ലാതെ നിയമ പോരാട്ടത്തിൽ ഏർപ്പെട്ടിരിക്കുന്നവരുടെ ഉദ്ദേശ്യം ശുദ്ധമാണെന്ന് ആർക്ക് പറയാനാകും. നിർഭയകേസിന്റെ വെളിച്ചത്തിലെങ്കിലും അനർഹമായ നിയമാനുകൂല്യങ്ങൾക്ക് നിയന്ത്രണങ്ങൾ കൊണ്ടുവരേണ്ടതാണ്. വധശിക്ഷയ്ക്കെതിരെ മനുഷ്യാവകാശവാദികൾ ശക്തമായി രംഗത്തുണ്ടെന്നുള്ളത് ശരിതന്നെ. വധശിക്ഷാവിധി നിയമ പുസ്തകത്തിൽ തുടരുന്നതിനെതിരെ വൻ പ്രതിഷേധവും ഉയരാറുണ്ട്. എന്നാൽ അത് ശിക്ഷാവ്യവസ്ഥയിൽ നിലനിൽക്കുന്നിടത്തോളം വധശിക്ഷ വിധിക്കുന്ന കേസുകളിൽ അത് നടപ്പാക്കാൻ സ്റ്റേറ്റ് ബാദ്ധ്യസ്ഥമാണ്. നിർഭയകേസിൽ പ്രതികൾക്കുനൽകിയ വധശിക്ഷാവിധി ക്രൂരമായിപ്പോയെന്ന് സ്വബോധമുള്ള ആരും പറയുകയില്ല. അത്രയധികം കൊടുംക്രൂരതകളാണ് പ്രതികൾ നിസഹായയായ ഒരു യുവതിയോട് കാട്ടിക്കൂട്ടിയത്. അപ്പീലുകളും തിരുത്തൽ ഹർജികളും പുനഃപരിശോധനാ ഹർജികളും ദയാഹർജികളുമായി വിധി നടത്തിപ്പ് നീട്ടിക്കൊണ്ടുപോകാൻ നടത്തുന്ന ശ്രമങ്ങൾ സാധാരണ ജനങ്ങൾക്ക് നിയമങ്ങളിലുള്ള വിശ്വാസം തന്നെ ഇല്ലാതാക്കുന്നതാണ്. എന്നാണ് ഇതിനൊരവസാനം എന്ന് അവർ ഉറക്കെ ചോദിക്കാൻ തുടങ്ങിയിട്ടുണ്ട്. രാജ്യത്തെ പരമോന്നത കോടതിയും ശരിവച്ചുകഴിഞ്ഞ ഒരു ശിക്ഷാവിധിയിന്മേൽ പിന്നീട് ദയാഹർജി സ്വീകരിക്കുന്നത് അനുചിതമാണെന്ന് രാഷ്ട്രപതിപോലും ഇൗയിടെ അഭിപ്രായം പറഞ്ഞതാണ്. നിയമ പരിഷ്കർത്താക്കൾ ശ്രദ്ധിക്കേണ്ട വാക്കുകളാണത്.