കടയ്ക്കാവൂർ: അഞ്ചുതെങ്ങ് കമ്മ്യൂണിറ്റി സെന്ററിൽ ഡോക്ടറെ കാണാൻ രോഗികൾ മണിക്കൂറുകളോളം കാത്തിരിക്കേണ്ട ഗതികേടിൽ. നിലവിൽ അഞ്ചുതെങ്ങ് കമ്മ്യൂണിറ്റി സെന്ററിൽ നാല് ഡോക്ടർമാരാണുള്ളത്. മിക്കപ്പോഴും ഒരു ഡോക്ടറുടെ സേവനം മാത്രമേ ലഭിക്കുന്നുള്ളൂ. ദിവസേന കുറഞ്ഞപക്ഷം നൂറ്റിഅമ്പത് രോഗികളെങ്കിലും ചികിത്സ തേടിയെത്തുന്ന ആതുരാലയമാണ് ഇത്. ഒരു ഡോക്ടറുടെ സേവനം മാത്രമായതിനാൽ കൃത്യമായ രീതിയിൽ ഡോക്ടർമാരുടെ സേവനം ലഭിക്കുന്നില്ലെന്നാണ് അഞ്ചുതെങ്ങ് നിവാസികളുടെ പരാതി. രോഗികളെ നോക്കാൻ നാല് ഡോക്ടർമാരെങ്കിലും ഉണ്ടെങ്കിൽ മാത്രമേ രോഗികളെ അധികം ബുദ്ധിമുട്ടിക്കാതെ കൈകാര്യം ചെയ്യാൻ കഴിയൂ എന്നതാണ് വസ്തുത.
ഒരുകാലത്ത് കിടപ്പ് രോഗികൾ ഉണ്ടായിരുന്ന ആശുപത്രിയായിരുന്നു. കയർ വാർഡും(കയർതൊഴിലാളികളുടെ) പ്രസവ വാർഡും വളരെ കാര്യക്ഷമമായി പ്രവർത്തിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഇവിടെ രാവിലെ ഒൻപത് മുതൽ വൈകിട്ട് 6വരെ മാത്രമേ പ്രവർത്തനമുള്ളൂ. ജീവനക്കാർക്ക് താമസത്തിനുളള ക്വാട്ടേഴ്സുകൾ ഇപ്പോൾ പൊട്ടിപൊളിഞ്ഞ് കിടക്കുകയാണ്. അടിയന്തരമായി ആശുപത്രിയുടെ പ്രവർത്തനം മെച്ചപ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.