പാലോട്: നന്ദിയോട്ടെ കുടിവെള്ള പ്ലാന്റിലെ ഓവർ ഹെഡ് ടാങ്കുകളുടെ നിർമ്മാണം വൈകുന്നതിനാൽ പഞ്ചായത്തിലെ വിവിധ മേഖലകളിൽ കുടിവെള്ള ക്ഷാമം രൂക്ഷമായി. വേനൽക്കാലം ആരംഭിക്കാനിരിക്കെ ഒട്ടുമിക്ക പ്രദേശങ്ങളിലും രൂക്ഷമായ കുടിവെള്ള ക്ഷാമമാണ് അനുഭവപ്പെടുന്നത്. വേനൽ കടുക്കുന്നതോടെ ജലക്ഷാമം വീണ്ടും രൂക്ഷമാകാനാണ് സാദ്ധ്യത. ഇതോടൊപ്പം റോഡ് വികസനത്തിന്റെ പേരിൽ കുടിവെള്ള പൈപ്പ് ലൈനുകൾ പലയിടത്തും പൊട്ടിപ്പോയതിനാൽ പൈപ്പിലൂടെയുള്ള ജലവിതരണവും മുടങ്ങിയ സ്ഥിതിയാണ്. പത്തുവർഷമായിട്ടും പദ്ധതി വൈകുന്നതിനാൽ നന്ദിയോട് ഗ്രാമപഞ്ചായത്തിലെ നൂറുകണക്കിന് കുടുംബങ്ങളുടെ കുടിനീരെന്ന സ്വപ്നസാക്ഷാത്കാരം ഇനിയും അകലെയായി. 60 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങളുടെ ഭൂരിഭാഗവും പൂർത്തിയായി. ഇതിൽ മൂന്നു സ്ഥലങ്ങൾ നന്ദിയോട് പഞ്ചായത്തിലും രണ്ട് സ്ഥലങ്ങൾ ആനാട് ഗ്രാമപഞ്ചായത്തിലുമാണ്. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സാമ്പത്തിക സഹായത്തോടെയാണ് പദ്ധതി നടത്തിപ്പ്. ഈ പദ്ധതിക്ക് വേണ്ടി സ്ഥലം വാങ്ങിയത് വലിയ വിവാദമായിരുന്നു. നിശ്ചയിച്ച പ്രകാരം പദ്ധതി പൂർത്തീകരിക്കുകയാണെങ്കിൽ നഗരത്തിലേത് പോലെ ശുദ്ധമായ കുടിവെള്ളം ഗ്രാമപ്രദേശങ്ങളിലും എത്തിക്കാനാകും എന്നത് ഉറപ്പാണ്.
കുടിവെള്ള പദ്ധതി ഇതുവരെ...
സ്റ്റോറേജ് പ്ലാന്റ്, എയർ ക്ലാരിയേറ്റർ, രണ്ട് ഫ്ളാഷ് മിക്സർ, ക്ലാരിഫയർ ഫോക്കുലേറ്റർ എന്നിവയുടെ നിർമ്മാണം പൂർത്തിയായിട്ടുണ്ട്. കുടിവെള്ളമെത്തിക്കുന്നതിനായി പാലോട് പുതിയ പമ്പ് ഹൗസും നിർമ്മാണം പൂർത്തിയാക്കിയിട്ടുണ്ട്. ട്രീറ്റ്മെന്റ് പ്ലാന്റ് നിർമ്മാണം അവസാന ഘട്ടത്തിലാണ്. എന്നാൽ വൈദ്യുതി ലഭിച്ചിട്ടില്ല. ഗാർഹിക കണക്ഷനുകൾ നൽകാനുള്ള വിധത്തിലാണ് പദ്ധതിയുടെ നിർവഹണം.