നാലരദശാബ്ദം മുമ്പ് മൺമറഞ്ഞ ആർ.എസ്.പി നേതാവ് ടി.കെ. ദിവാകരനെ ജനങ്ങളിന്നും ഒാർമ്മിക്കുന്നു. അദ്ദേഹത്തിന്റെ വിസ്മയകരമായ ജീവിതം ധർമത്തിന്റെയും നേരിന്റെയും വീഥിയിലൂടെ സഞ്ചരിച്ചതു കൊണ്ടാണത്. സാധാരണക്കാരിൽ സാധാരണക്കാരനായി ജനിച്ച്, പട്ടിണിയിലൂടെ വളർന്ന്, പാവപ്പെട്ടവർക്കുവേണ്ടി അവസാന ശ്വാസംവരെ പടപൊരുതി, പടവുകൾ കയറി, എല്ലാവരെയും സ്തബ്ധരാക്കി പൊടുന്നനവെ അപ്രത്യക്ഷനായ ടി.കെ. സ്വാതന്ത്ര്യസമരസേനാനി, സ്റ്റേറ്റ് കോൺഗ്രസ് നേതാവ്, ആർ.എസ്.പി നേതാവ്, ട്രേഡ് യൂണിയൻ നേതാവ്, പ്രഗല്ഭനായ ഭരണാധികാരി, മികച്ച സാമാജികൻ, ധിഷണാശാലി തുടങ്ങി നിരവധി വിശേഷണങ്ങൾക്ക് അർഹനാണെങ്കിലും തൊഴിലാളിയുടെ മകനായി ജനിച്ച്, തൊഴിലാളിയായി വളർന്ന്, തൊഴിലാളിക്കുവേണ്ടി പോരാടി, തൊഴിലാളിക്കുവേണ്ടി മരിച്ച നേതാവ് എന്ന വിശേഷണമാണ് ഏറ്റവും അനുയോജ്യം.
കൊല്ലം പ്രവർത്തനകേന്ദ്രം
കൊല്ലമായിരുന്നു അദ്ദേഹത്തിന്റെയും പാർട്ടിയായ ആർ.എസ്.പിയുടെയും പ്രവർത്തനകേന്ദ്രം. ഒാട്ടുകമ്പനികൾ, കശുഅണ്ടിവറപ്പുശാലകൾ, ചെറിയ നെയ്ത്തുശാലകൾ, കൂരകൾ, കുടിലുകൾ തുടങ്ങിയവയിൽ നിന്നുള്ള പാവപ്പെട്ടവരും തൊഴിലാളികളും ജീവിതസമരം നടത്തുന്നതിനിടയിലാണ് അവരിലൊരാളായി 1920 ൽ ദിവാകരൻ ജനിച്ചത്. കുട്ടിയായിരിക്കുമ്പോൾ അച്ഛൻ മരിച്ചതിനെത്തുടർന്ന് ദിവാകരന്റെ അമ്മ കുട്ടികളോടൊത്ത് തൂപ്പുകാരിയായ വല്യമ്മയുടെ വീട്ടിൽ തിരിച്ചെത്തി. വല്യമ്മയാണ് ദിവാകരനെ പത്താംക്ളാസ് വരെ പഠിപ്പിച്ചത്. തുടർന്ന് തൊഴിലാളിപ്രസ്ഥാനം രൂപം പ്രാപിച്ചുവരുന്ന കൊല്ലത്തെ ഫാക്ടറി വർക്കേഴ്സ് യൂണിയൻ ഒാഫീസിൽ ശമ്പളമില്ലാത്ത ഗുമസ്തനായി ജോലിയിൽ പ്രവേശിച്ചു. ആടുന്ന കാലുകളും ഇളകുന്ന മേൽക്കട്ടിയുമുള്ള ചിന്നക്കടയിലെ ലേബർ യൂണിയൻ ഒാഫീസിലിരുന്നാണ് അദ്ദേഹം തൊഴിലാളി നേതാവായി രൂപാന്തരം പ്രാപിച്ചത്.
വെറും 17 വയസുള്ളപ്പോൾ കൊല്ലത്തെ ബസ് തീവയ്പ്പ് കേസിൽ ടി.കെയെ പ്രതിയാക്കി ലോക്കപ്പിലിട്ട് തല്ലിച്ചതച്ചു. ഒന്നരവർഷം ജയിൽശിക്ഷയും അനുഭവിച്ചു. ഇതിനിടെ സ്റ്റേറ്റ് കോൺഗ്രസിന്റെ നേതൃത്വത്തിൽ ഉത്തരവാദ പ്രക്ഷോഭവും സ്വാതന്ത്ര്യസമരവും തിളയ്ക്കാൻ തുടങ്ങി. തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് കമ്മറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും പാർട്ടിയുടെ മുന്നണിപ്പോരാളിയായി മാറുകയും ചെയ്തു. ക്വിറ്റ് ഇന്ത്യ സമരത്തിൽ പങ്കെടുത്തതിന് ജയിലിടയ്ക്കപ്പെട്ടു. വയലാർ-പുന്നപ്ര സമരം കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിലാണ് നടന്നതെങ്കിലും കമ്മ്യൂണിസ്റ്റുകാരനല്ലാത്ത ടി.കെയും പ്രതിയായി. ആലപ്പുഴ ജയിലിലടയ്ക്കപ്പെട്ട ടി.കെ ഉൾപ്പെടെയുള്ള തടവുകാർക്ക് ക്രൂരമായ മർദ്ദനമേറ്റു. തുടർന്ന് പത്തുദിവസം അവർ നിരാഹാരം കിടന്നാണ് മർദ്ദനം അവസാനിപ്പിച്ചത്. ജനകീയ പ്രക്ഷോഭങ്ങളിലേർപ്പെട്ട് പലതവണ ജയിൽവാസവും ക്രൂരമർദ്ദനവും ഏറ്റുവാങ്ങി. ക്രൂരമർദ്ദനങ്ങളുടെ വടുക്കളും രോഗങ്ങളും മരണംവരെ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
ടി.കെ. ദിവാകരന്റെ സഹപ്രവർത്തകനും ആത്മമിത്രവുമായിരുന്ന ബേബിജോൺ പറയുന്നു: 'ആ മർദ്ദനങ്ങൾ വരുത്തിവച്ച സ്ഥിതി എല്ലാവർക്കുമറിയാം. നടുവിന് ഒരു ബെൽറ്റ്, പിടലിക്ക് ഒരു ബെൽറ്റ്, കാലത്ത് ഉണർന്നാലുടൻ പത്തുപതിനഞ്ച് നിമിഷമെങ്കിലും ചുമയ്ക്കുമായിരുന്നു. പക്ഷേ, അതിൽ ദുഃഖിതനായിരുന്നില്ല അദ്ദേഹം. ഏതു വംശത്തിന്റെ താത്പര്യത്തിനായി പ്രവർത്തിക്കാൻ തീരുമാനിച്ചോ, അതിന് ഇതെല്ലാം ആവശ്യമാണെന്ന വിശ്വാസത്തോടുകൂടിയാണ് എല്ലാം സഹിച്ചത്."
നിയമസഭാംഗം, മന്ത്രി
ഏഴുതവണ കൊല്ലത്തുനിന്ന് നിയമസഭയിലേക്ക് മത്സരിച്ചതിൽ നാല് വിജയവും മൂന്ന് തോൽവിയുമുണ്ട്. അതികായന്മാരോടാണ് ഏറ്റുമുട്ടിയത്. രാഷ്ട്രീയ പ്രബുദ്ധതയുള്ള കൊല്ലത്തെ ഒാരോ മത്സരവും തീപാറുന്നതായിരുന്നു. ശക്തനായ കോൺഗ്രസ് നേതാവ് ആർ. ശങ്കറിനെതിരെ മത്സരിച്ച് 1948 ൽ തോറ്റെങ്കിൽ 1954 ൽ വിജയം നേടി. നിയമസഭയിൽ പ്രതിപക്ഷ ഉപനേതാവ്, സഭാനേതാവ് തുടങ്ങിയ പദവികളിലിരുന്ന് നടത്തിയ ഇടപെടലുകളും പ്രസംഗങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടു.
അഞ്ചുവർഷം കൊല്ലം നഗരസഭാ അദ്ധ്യക്ഷനുമായിരുന്നു. അച്ചുതമേനോൻ മുഖ്യമന്ത്രിയായിരുന്നെങ്കിലും സഭാനേതാവ് ടി.കെ. ആയിരുന്നു. നിയമസഭാ വാദപ്രതിവാദങ്ങളിൽ അദ്ദേഹത്തെ തോല്പിക്കുക ദുഷ്കരമായിരുന്നു . സഭാനടപടിക്രമങ്ങൾ മന:പാഠമാക്കിയും വസ്തുതകളും സ്ഥിതിവിവരക്കണക്കുകളും ശേഖരിച്ചും നന്നായി ഗൃഹപാഠം ചെയ്തും സഭയിലെത്തുന്ന ടി.കെ. ചുരുങ്ങിയ കാലയളവിനുള്ളിൽ മികച്ച പാർലമെന്റേറിയൻ എന്ന് പേരെടുത്തു. കോൺഗ്രസ് ഉൾപ്പെടെയുള്ള പഞ്ചകക്ഷികൾ തമ്മിലുള്ള ഐക്യം നിലനിറുത്താനും ഭരണനിർവഹണത്തിലെ കുരുക്കഴിക്കാനും അദ്ദേഹം നിർണായക പങ്ക് വഹിച്ചു.
പാലങ്ങൾ റോഡുകൾ
1967 ലെ ഇ.എം.എസ് മന്ത്രിസഭയിലും 1970 ലെ അച്ചുതമേനോൻ മന്ത്രിസഭയിലും പൊതുമരാമത്ത് മന്ത്രിയായിരുന്ന ടി.കെ. ഒൻപതുവർഷത്തോളം ഇൗ വകുപ്പിനെ നയിച്ചു. നിരവധി റോഡുകളും പാലങ്ങളും ഉയർന്നത് ഇക്കാലത്താണ്. അടിസ്ഥാന സൗകര്യത്തിലൂടെ മാത്രമേ വികസനമുണ്ടാവൂ എന്ന് തിരിച്ചറിഞ്ഞ നേതാവാണദ്ദേഹം. വികസന കാര്യത്തിൽ രാഷ്ട്രീയം കലർത്താതിരിക്കാൻ ശ്രദ്ധിച്ചു.
കേരളത്തിൽ നല്ല റോഡുകളുടെ വലിയൊരു ശൃംഖല സൃഷ്ടിച്ചെടുക്കാനും വികസനരംഗത്ത് കുതിച്ചുചാടാനും സാധിച്ചു. എൻ.എച്ച് 47, എൻ.എച്ച് 17 എന്നീ ദേശീയ പാതകളുടെ വികസനം, ഹൈവേ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, പൊതുമരാമത്ത് ജോലികൾക്ക് കൺസ്ട്രക്ഷൻ കോർപ്പറേഷൻ തുടങ്ങിയവയുടെ പിന്നിലും ദിവാകരന്റെ കൈയൊപ്പുണ്ട്. കൊല്ലം ബൈപാസ് 45 വർഷം മുമ്പ് അദ്ദേഹം കണ്ട സ്വപ്നമാണ്.
യഥാർത്ഥ തൊഴിലാളി നേതാവ്
പത്താംക്ളാസ് വിദ്യാഭ്യാസമേ അദ്ദേഹത്തിനുണ്ടായിരുന്നുള്ളൂ എങ്കിലും വിവിധഭാഷകൾ സ്വായത്തമാക്കുകയും അഗാധമായ അറിവ് സമ്പാദിക്കുകയും ചെയ്തിരുന്നു. തൊഴിൽ കോടതികളിൽ അഭിഭാഷകന്റെ പാണ്ഡിത്യത്തോടെ തൊഴിൽ കേസുകൾ വാദിച്ചു. മികച്ച ഭരണാധികാരിയെന്ന് പേരെടുത്തു. കൈമടക്കി വച്ച കോളറുള്ള വെള്ളഷർട്ടും കൈയിൽ ബീഡിയും തീപ്പെട്ടിയുമായാൽ ടി.കെ. ആയി.
തൊഴിലാളി പ്രസ്ഥാനത്തിന്റെ നേതാക്കളായി കമ്മ്യൂണിസ്റ്റുകാർ ഉൾപ്പെടെ നിരവധി പേരുണ്ടെങ്കിലും സമ്പൂർണ തൊഴിലാളിയും തൊഴിലാളി നേതാവും ടി.കെ. ദിവാകരൻ മാത്രമാണ്. ടി.കെ. ദിവാകരന്റെ ഏഴു മക്കളിൽ ബാബു ദിവാകരൻ മൂന്നുതവണ നിയമസഭാംഗവും മന്ത്രിയുമായി പിതാവിന്റെ കാലടികൾ പിന്തുടരുന്നു.