vld-1

വെള്ളറട: കുരിശുമല തീർത്ഥാടനം ആരംഭിക്കാൻ ആഴ്ചകൾ ശേഷിക്കെ റിംഗ് റോഡ് നിർമ്മാണം എങ്ങുമെത്താതെ പാതിവഴിയിലായിരിക്കുകയാണ്. നിർമ്മാണം എങ്ങുമെത്താത്തതിനാൽ ഉണ്ടായിരുന്ന റോഡും നഷ്ടപ്പെട്ട് യാത്രാദുരിതത്തിൽ കഴിയുകയാണ് പ്രദേശവാസികൾ. കുരിശുമല തീർത്ഥാടനത്തിനെത്തുന്നവർക്ക് ഗതാഗത കുരുക്കിൽ പെടാതെ വേഗത്തിൽ എത്തുന്നതിനായാണ് ഈ റോഡ് ഉപയോഗിക്കുന്നത്. 2017ലെ കുരിശുമല തീർത്ഥാടനത്തിന് മുന്നോടിയായി പണി പൂർത്തീകരിക്കുമെന്ന് ബന്ധപ്പെട്ട അധികൃതരും മറ്റും അന്ന് നാട്ടുകാർക്ക് ഉറപ്പുനൽകിയിരുന്നെങ്കിലും അതൊന്നും നടപ്പായില്ല. കത്തിപ്പാറ മുതൽ പന്നിമലവരെയുള്ള രണ്ടു കിലോമീറ്ററിനകത്തു വരുന്ന ദൂരം പണിചെയ്യാൻ രണ്ടുവർഷം കഴിഞ്ഞിട്ടും കരാറുകാരനും പി.ഡബ്ലിയു.ഡിയും തയ്യാറാകാത്തതിനെ തുടർന്ന് നാട്ടുകാർ സമര സമിതി രൂപീകരിച്ച് പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. പ്രതിക്ഷേധം ശക്തമായിതനെ തുടർന്ന് റോഡിൽ വലിയ മെറ്റിലുകൾ വിതറിയിട്ട് മാസങ്ങൾ പലതു കഴിഞ്ഞു. ചരക്കു വാഹനങ്ങളും ഇതുവഴി പോകാൻ തുടങ്ങിയതോടുകൂടി മെറ്റിലുകൾ ഇളകിയ നിലയിലാണ്. ഇതുകാരണം ചെറുവാഹനങ്ങൾക്കും ഇരുചക്രവാഹനങ്ങൾക്കും കാൽനട യാത്രക്കാർക്കുപോലും കടന്നുപോകാൻ കഴിയാത്ത അവസ്ഥയിലാണ്. നിർമ്മാണം ആരംഭിച്ച ആദ്യഘട്ടങ്ങളിൽ ചില എതിർപ്പുകൾ നാട്ടുകാരുടെ ഭാഗത്തു നിന്നും ഉണ്ടായതാണ് നിർമ്മാണം വൈകാൻ കാരണമെന്ന് പി.ഡബ്ലിയു.ഡി അധികൃതർ പറയുന്നു. സ്ഥലം ഏറ്റെടുക്കുന്നത് ഉൾപ്പെടെ ഉണ്ടായ കാലതാമസമാണ് ബാക്കി പണികൾ വൈകാൻ കാരണമെന്ന് പറയുന്നെങ്കിലും മെറ്റിൽ ഇട്ട് മാസങ്ങൾ കഴിഞ്ഞിട്ടും ടാറിംഗിനുവേണ്ടിയുള്ള നടപടി സ്വീകരിക്കാത്തതാണ് യാത്രാദുരതത്തിന് കാരണമായതെന്ന് നാട്ടുകാർ പറയുന്നു. നിലവിലുണ്ടായിരുന്ന റോഡ് തിരികെ ലഭിച്ചെങ്കിലും മതിയായിരുന്നു എന്നാണ് ഇപ്പോൾ നാട്ടുകാരുടെ നിലപാട്.

പ്രശ്നം ഗുരുതരം

നിലവിലെ റോഡ് കുത്തിപൊളിച്ച് അതിന്റെ പുറത്താണ് വലിയ മെറ്റിലുകൾ വിതറിയിരിക്കുന്നത്

വലിയ വാഹനങ്ങൾ കടന്നു പോകുന്നതിനാൽ മെറ്റിലുകൾ ഇളകി കാൽനട യാത്രയ്ക്കക്ക് പോലും കഴിയാതായി

സ്ഥലം ഏറ്റെടുക്കുന്നത് ഉൾപ്പെടെ ഉണ്ടായ കാലതാമസമാണ് ബാക്കി പണികൾ വൈകാൻ കാരണമെന്ന് അധികൃതർ പറയുന്നു

കുരിശുമല സീസൺ സമയത്താണ് ഈ റോഡ് പ്രധാനമായും ഉപയോഗിക്കുന്നത്

അധികൃതരുടെ അനാസ്ഥയ്ക്കെതിരെ നാട്ടുകാർ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചെങ്കിലും അതും ഫലം കണ്ടില്ല