തിരുവനന്തപുരം: യുവാവിനെ തട്ടിക്കൊണ്ടുപോയി പണവും മൊബൈലും കവർന്ന കേസിൽ സ്ത്രീകൾ ഉൾപ്പെട്ട നാലംഗ സംഘത്തെ ഫോർട്ട് പൊലീസ് അറസ്റ്റുചെയ്‌തു. മുട്ടത്തറ ബീമാപള്ളി മാണിക്യവിളാകം ടി.സി. 75/ 2820ൽ നസീർ (33), മുട്ടത്തറ ബീമാപള്ളി മാമൂട്ട്‌വിളാകം വീട്ടിൽ അസ്‌ലം (25), കുളത്തൂർ പള്ളിത്തുറ ശാന്തിനഗർ ടി.സി. 101/ 1064 മണക്കാട് വീട്ടിൽ ഷീജ (35), രാജാജി നഗർ ടി.സി. 26/13- 95 ൽ ബിന്ദു (36) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ ഞായറാഴ്ച രാത്രി 8.30ന് കിഴക്കേകോട്ട അജന്താ തിയേറ്ററിന് സമീപത്തുവച്ച് യുവാവിനെ ഷീജ, ബിന്ദു എന്നിവർ ചേർന്ന് പരിചയക്കാരെന്ന രീതിയിൽ ആട്ടോയിൽ കയറ്റി. ഈ സമയം ആട്ടോയിലുണ്ടായിരുന്ന ബാക്കി രണ്ടുപേരും ചേർന്ന് ആക്രമിച്ച് 7,500 രൂപയും 11,000 രൂപ വിലയുള്ള മൊബൈൽ ഫോണും തട്ടിയെടുത്തെന്നും സ്റ്റാച്യു പുളിമൂട് ഭാഗത്ത് ഉപേക്ഷിച്ചെന്നുമാണ് യുവാവിന്റെ പരാതി. കേസെടുത്ത ഫോർട്ട് പൊലീസ് സമീപത്തെ സി.സി ടിവി ദ്യശ്യങ്ങൾ, പരാതിക്കാരൻ നൽകിയ പ്രതികളുടെ രൂപ വിവരണം എന്നിവ പരിശോധിച്ച് ഇവരെ അറസ്റ്റുചെയ്യുകയായിരുന്നു. ഇവരിൽ നിന്ന് മോഷണസാധനങ്ങൾ കണ്ടെടുത്തു. എസ്.എച്ച്.ഒ. എ.കെ. ഷെറിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്. പ്രതികളെ റിമാൻഡ് ചെയ്‌തു.