പൂച്ചാക്കൽ: സാമ്പത്തിക തർക്കത്തെ തുടർന്ന് ജ്യേഷ്ഠന്റെ കുത്തേറ്റ് യുവാവ് മരിച്ചു. ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് ആറാം വാർഡിൽ കരുനാട്ടിൽ മണിയൻ നായരുടെ മകൻ മഹേഷ് (30) ആണ് മരിച്ചത്.സംഭവത്തിൽ ജ്യേഷ്ഠൻ ഗിരീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച വെളുപ്പിന് രണ്ടിനായിരുന്നു സംഭവം.
കാപ്പ ചുമത്തി ജയിലിലായിരുന്ന മഹേഷ് രണ്ടാഴ്ച മുമ്പാണ് പുറത്തിറങ്ങിയത്. മഹേഷും ഗിരീഷും ഒരേ കോമ്പൗണ്ടിൽ തന്നെയുള്ള വീടുകളിലായിരുന്നു താമസം. മഹേഷ് ഉപയോഗിച്ചിരുന്ന ഒമിനി വാൻ ഗിരീഷ് വിറ്റതുമായി ബന്ധപ്പെട്ട് ഇവർ തമ്മിൽ തർക്കമുണ്ടായിരുന്നു. ഇന്നലെ പുലർച്ചെ ഗിരീഷിന്റെ വീട്ടിലെത്തിയ മഹേഷ്, ഗിരീഷിന് നേർക്ക് കുരുമുളക് സ്പ്രേ ചെയ്തു. തുടർന്ന് ഇരുവരും തമ്മിലുണ്ടായ സംഘർഷത്തിനിടെ ഗിരീഷ് മഹേഷിന്റെ വയറിൽ കുത്തുകയായിരുന്നു.
തുടർന്ന് ഗിരീഷും അച്ഛനും ചേർന്ന് മഹേഷിനെ ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും യാത്രാമദ്ധ്യേ മരിച്ചു. ആശുപത്രിയിൽ നിന്നാണ് ഗിരീഷിനെ (33) ചേർത്തല പൊലീസ് അറസ്റ്റ് ചെയ്തത്. ഭാര്യയെയും മക്കളെയും ഭാര്യവീട്ടിൽ കൊണ്ടാക്കിയശേഷമാണ് മഹേഷ് സഹോദരന്റെ വീട്ടിൽ വഴക്കിനെത്തിയത്. മഹേഷിന്റെ ഭാര്യ : രേണുക. മക്കൾ : ശക്തി,ഗൗരി.പള്ളിപ്പുറം സ്വദേശിയായ മുകുന്ദൻ പിള്ളയുടെ വീടിനു നേരേ പെട്രോൾ ബോംബ് എറിഞ്ഞ കേസിലെ പ്രതികളാണ് മഹേഷും ഗിരീഷുമെന്ന് പൊലീസ് അറിയിച്ചു.