thennoorkoonamthood

മുടപുരം: കൃഷിക്കായി നൂറുകണക്കിന് കർഷകർ ഉപയോഗിക്കുന്ന തെന്നൂർക്കോണം ഏലാ തോടിനെ സൈഡ് വാൾ കെട്ടി പുനരുദ്ധരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. കിഴുവിലം ഗ്രാമ പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഈ ഏലാ തോട് തെന്നൂർക്കോണം ക്ഷേത്രകുളത്തിന് അടുത്ത് നിന്നും ആരംഭിച്ച് കിഴുവിലം ഏലായിൽ എത്തിച്ചേരുന്നു. കിഴുവിലം ഏലായിൽ നെൽകൃഷി നടത്തുന്നതിന് ജലസേചന സൗകര്യം ഒരുക്കുന്നത് ഈ തോടാണ്. ഇതിനു പുറമെ ഈ തോട് കടന്നു പോകുന്ന ഇരുവശത്തുമുള്ള പുരയിടങ്ങളിൽ കരകൃഷി ചെയ്യുന്നതിനും കർഷകർ ഇവിടുത്തെ വെള്ളമാണ് ഉപയോഗിക്കുന്നത്. എന്നാൽ 30 വർഷം മുൻപ് തോടിന്റെ ഇരുവശത്തും കെട്ടിയ സൈഡ് വാൾ പലഭാഗവും കാലപ്പഴക്കം കൊണ്ടും ശക്തമായ കാലവർഷം മൂലമുണ്ടായ വെള്ളപ്പാച്ചിൽ മൂലവും തകർന്നുപോയി. അതുമൂലം തോടിന്റെ ഇരുവശത്തുമുള്ള പല പുരയിടങ്ങളും തോട്ടിലേക്ക് ഇടിഞ്ഞു വീഴുന്നതായി പരാതിയുണ്ട്. മാത്രമല്ല സൈഡ്‌ വാൾ ഇല്ലാത്തതിനാൽ തോടിന്റെ പലയിടത്തും കല്ലും മണ്ണും കൂടികിടക്കുന്നതിനാൽ വെള്ളം ഒഴുകുന്നതിന് തടസം സൃഷ്ടിക്കുന്നുണ്ട്. അതിനാൽ തോടിന് ഇരുവശത്തും സൈഡ് വാൾ നിർമ്മിക്കേണ്ടത് അനിവാര്യമാണ്. ഈ ആവശ്യം വർഷങ്ങളായി കർഷകരും നാട്ടുകാരും ഉന്നയിക്കുന്നുണ്ടെങ്കിലും പണി നടത്തിയിട്ടില്ല. മൈനർ ഇറിഗേഷൻ വകുപ്പാണ് അത് ചെയ്യേണ്ടതെന്ന് കർഷകർ പറഞ്ഞു. ഇതിനായി പല തവണ നീർത്തട പദ്ധതി ജീവനക്കാർ ഇവിടെ വരുകയും തോട് അളക്കുകയും സർവേ നടത്തുകയും ചെയ്തുവെങ്കിലും പണി നടന്നില്ല.