bridge

വെഞ്ഞാറമൂട്: ചരിത്ര സ്മൃതികളും കൊളോണിയൽ കാലഘട്ടത്തിന്റെ പ്രതാപവും പേറി വാമനപുരം നദിക്ക് കുറുകെ വാമനപുരത്തെയും കാരേറ്റിനെയും തമ്മിൽ ബന്ധിപ്പിച്ചിരുന്ന വാമനപുരം പഴയ പാലം അവഗണനയിൽ. ആധുനിക കാലത്ത് പണികഴിപ്പിച്ച പല പാലങ്ങളും തകർന്ന് പുതിയത് നിർമ്മിച്ചപ്പോഴും കാലപ്പഴക്കം ഒഴിച്ച് മറ്റ് കേടുപാടുകൾ ഒന്നുമില്ലാതെ നിലകൊള്ളുന്ന ഈ പാലം ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ എൻജിനീയറിംഗ് വൈദഗ്ദ്യത്തിന് ഉത്തമ ഉദാഹരണമാണ്. കാളവണ്ടി, കുതിരവണ്ടി മുതൽ ആധുനിക വാഹനങ്ങളെ വരെ അക്കരെ ഇക്കരെ എത്തിച്ചിരുന്ന ഈ പാലം, വർദ്ധിച്ച വാഹന തിരക്കും, പാലത്തിന്റെ വീതി കുറവ്, കാലപഴക്കം എന്നിവയൊക്കെ കൊണ്ട് പാലത്തിന് സമാന്തരമായി പുതിയ പാലം നിർമ്മിച്ചതോടെ മുത്തശ്ശി പാലത്തെ എല്ലാവരും അവഗണിച്ചു.കാടും പടർപ്പും മുൾച്ചെടികളും വളർന്ന് മൂടിയ അവസ്ഥയിലാണ് പാലം ഇപ്പോൾ. കാടു വെട്ടി തെളിച്ചും കാലാകാലങ്ങളിൽ അറ്റകുറ്റപണി നടത്തി സംരക്ഷിച്ചാൽ കാൽ നടയാത്രക്കാർക്കും ഇരുചക്രവാഹനങ്ങൾക്കും ഈ പാലത്തെ ഉപയോഗിക്കാനാകും. ഏറെ ഗതാഗക്കുരുക്ക് അനുഭവപ്പെടുന്ന കാരേറ്റ് - വാമനപുരം പ്രദേശത്തെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനും ഒരു പരിധി വരെ ഈ പാലത്തിന് കഴിയും. ബ്രിട്ടീഷ് ഭരണത്തിന്റെ അവശേഷിപ്പായി നിലകൊള്ളുന്ന ഈ പാലം ചരിത്ര വിദ്യാർത്ഥികൾക്കും, ചരിത്ര ഗവേഷകർക്കും ഉപയോഗപെടുത്താവുന്ന ഒന്നാണ്. ഈ പാലത്തെ പുരാവസ്തു വകുപ്പ് ഏറ്റെടുത്ത് പൈതൃക സ്വത്തായി കണക്കാക്കണമെന്നാണ് നാട്ടുകാരുടെയും ചരിത്ര വിദ്യാർത്ഥികളുടെയും ആവശ്യം.