chenkal-temple

പാറശാല: മഹേശ്വരം ശ്രീ ശിവപാർവതി ക്ഷേത്രത്തിലെ മകരപൊങ്കലിന് വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്. രാവിലെ ശ്രീകോവിലിൽ നിന്നും ക്ഷേത്ര മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതി ക്ഷേത്ര ആനക്കൊട്ടിലിൽ ഒരുക്കിയ പണ്ടാര അടുപ്പിലേക്ക് ദീപം പകർന്നതോടെ പൊങ്കൽ മഹോത്സവത്തിന് തുടക്കമായി. നെയ്യാറ്റിൻകര തഹസീൽദാർ കെ. മോഹൻകുമാർ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വട്ടവിള രാജ്‌കുമാർ, പാറശാല സി.ഐ കെ. കണ്ണൻ, ക്ഷേത്ര ഭരണ സമിതി രക്ഷാധികാരി തുളസീദാസൻ നായർ, മേൽശാന്തി കുമാർ മഹേശ്വരം, സെക്രട്ടറി കെ.ജി. വിഷ്ണു, ക്ഷേത്ര ഉപദേശക സമിതി അംഗങ്ങളായ വി.കെ. ഹരികുമാർ, കെ.പി. മോഹനൻ, വൈ. വിജയൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, ഭക്തജനങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ഭക്തജനങ്ങൾക്കായി തിരുവനന്തപുരം പി.ആർ.എസ് ആശുപത്രിയുടെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പും സ്ഥലത്ത് പ്രവർത്തിച്ചിരുന്നു. ക്ഷേത്ര വക സദ്യാലയത്തിൽ ഭക്തജനങ്ങൾക്കായി സൗജന്യ പ്രഭാത ഭക്ഷണവും ഒരുക്കിയിരുന്നു. ഉച്ചപൂജ കഴിഞ്ഞ് 10.30 മണിയോടെ പൊങ്കൽ നിവേദ്യ സമർപ്പണം നടന്നു. ക്ഷേത്ര മഠാധിപതി സ്വാമി മഹേശ്വരാനന്ദയുടെ വൈകിട്ട് മകര ദീപക്കാഴ്ചയും ഉണ്ടായിരുന്നു.