secretariat

തിരുവനന്തപുരം: സർക്കാർ ജീവനക്കാർ ഓരോ മാസവും 16 മുതൽ അടുത്ത മാസം 15 വരെയുള്ള അവധി അപേക്ഷ ശമ്പള വിതരണ സോഫ്ട്‌വെയറായ സ്‌പാർക്കിലൂടെ നൽകിയില്ലെങ്കിൽ അനധികൃത അവധിയായി കണക്കാക്കി ആ ദിവസങ്ങളിലെ ശമ്പളം വെട്ടിക്കുറയ്ക്കും. പിന്നീട് അവധിക്ക് അപേക്ഷിച്ചാൽ ശമ്പളം നൽകുമെന്നും പൊതുഭരണ വകുപ്പിന്റെ സർക്കുലറിൽ പറയുന്നു.

ഒരു മാസം പരമാവധി അഞ്ച് മണിക്കൂറാണ് (300 മിനിറ്റ്) ഗ്രേസ് ടൈം. ദിവസം പരമാവധി 60 മിനിറ്റ് വരെ വൈകാം. അതിന് ശേഷം വരുകയോ നേരത്തേ പോകുകയോ ചെയ്താൽ അത് അനധികൃത അവധിയായി കണക്കാക്കും.

ഒറ്റത്തവണ പഞ്ച് ചെയ്താൽ ഹാജരായി കണക്കാക്കില്ല, ആ ദിവസം അവധിയായി പരിഗണിക്കും. ദിവസവേതന, താത്കാലിക, കരാർ ജീവനക്കാരെ പഞ്ചിംഗിൽ നിന്ന് ഒഴിവാക്കി. ഗ്രേസ് സമയം കുറഞ്ഞാൽ പുനഃസ്ഥാപിക്കാനുമാകില്ല.

മറ്റു വ്യവസ്ഥകൾ
പഞ്ചിംഗ് മെഷീനുകൾ കെൽട്രോൺ സ്ഥാപിക്കും,​ ചുമതല റവന്യു വകുപ്പിന്

സിവിൽ സ്റ്റേഷൻ ഉൾപ്പെടെ വലിയ ഓഫീസുകൾ ഒറ്റ യൂണിറ്റായി പരിഗണിക്കും,​ സാധാരണ അവധി അപേക്ഷകൾ സ്‌പാർക്ക് വഴി നൽകണം

മുൻകാലങ്ങളിലുണ്ടായിരുന്ന ലേറ്റ് പെർമിഷൻ/ഏർലി എക്സിറ്ര് അനുവദിക്കില്ല

ഒരു മാസത്തിൽ 10 മണിക്കൂറോ അതിലേറെയോ ഓവർടൈം ചെയ്താൽ കോമ്പൻസേറ്ററി ഓഫ് അനുവദിക്കും.

 ഓരോ ദിവസത്തെയും നിർബന്ധിത പ്രവൃത്തി സമയം ഏഴ് മണിക്കൂർ

ശമ്പള ബിൽ തയ്യാറാക്കുന്നത് മുൻ മാസം 16 മുതൽ നടപ്പുമാസം 15 വരെയുള്ള ഹാജർനില അടിസ്ഥാനമാക്കി

 സർവീസിൽ പുതുതായി നിയമിതരാവുന്നവർ ആ ദിവസം തന്നെ ലഭിക്കുന്ന പെൻ നമ്പർ ഉപയോഗിച്ച് പഞ്ച് ചെയ്യണം