നെടുമങ്ങാട് :കുട്ടികളോടുള്ള ലൈംഗിക അതിക്രമങ്ങൾക്കെതിരെ പൊലീസിന്റെ പ്രചാരണ വാഹനം 'മാലാഖ' പൊതുസ്ഥലങ്ങളിൽ പ്രയാണം തുടങ്ങി.എല്ലാ പൊലീസ് സ്റ്റേഷനുകളുടെയും പരിധിയിൽ ഇനി മാലാഖയെ കാണാം.കുട്ടികൾക്കെതിരായ അതിക്രമം തടയുന്നതിന്റെ ഭാഗമായി പൊലീസ് ആവിഷ്കരിച്ച പ്രചാരണ പദ്ധതിയുടെ പേരാണ് മാലാഖ.വാവ എക്സ്‌പ്രസ് എന്ന വാഹനത്തിലാണ് 'മാലാഖ'യുടെ സഞ്ചാരം.ടീമംഗങ്ങൾ എല്ലാ കവലകളിലും പ്രചാരണ പരിപാടികൾ അവതരിപ്പിക്കും.പദ്ധതിയുടെ തിരുവനന്തപുരം റൂറൽ ജില്ലാതല ഉദ്‌ഘാടനം നെടുമങ്ങാട് കച്ചേരി നടയിൽ ജില്ലാ പൊലീസ് മേധാവി ബി.അശോകൻ ഫ്‌ളാഗ് ഒഫ് ചെയ്ത് നിർവഹിച്ചു.നെടുമങ്ങാട് ഡിവൈ.എസ്.പി,സി.ഐ രാജേഷ്‌കുമാർ തുടങ്ങിയവരും സ്‌കൂൾ-കോളേജ് വിദ്യാർത്ഥികളും പങ്കെടുത്തു.