തിരുവനന്തപുരം: രണ്ടുപേരുടെ മരണത്തിനിടയാക്കിയ ശാസ്‌തമംഗലം വാഹനാപകടത്തിൽ ഉൾപ്പെട്ടെന്ന് കരുതുന്ന കാർ കണ്ടെത്തി. ഇന്നലെയാണ് ഇളം തവിട്ട് നിറത്തിലുള്ള സെൻ എസ്റ്റിലോ കാർ മ്യൂസിയം പൊലീസ് കണ്ടെത്തിയത്. കാർ ബൈക്കിൽ തട്ടിയിട്ടില്ലെന്ന നിലപാടിൽ കാറുടമ ഉറച്ചുനിൽക്കുന്നതിനാൽ കൂടുതൽ ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷം തുടർനടപടികളിലേക്ക് കടക്കാനാണ് പൊലീസിന്റെ തീരുമാനം.
രാജ്ഭവനിലെ ക്ലറിക്കൽ അസിസ്റ്റന്റ് സനാതനൻ എന്നയാളുടെ വാഹനമാണിത്. മ്യൂസിയം പൊലീസ് സ്റ്റേഷനിൽ നിന്ന് അല്പം അകലമുള്ള രാജ്ഭവൻ ക്വാർട്ടേഴ്സിലാണ് ഇയാൾ താമസിക്കുന്നത്. ഇയാൾ തന്നെയാണ് സംഭവ ദിവസം കാറോടിച്ചതെന്ന് സമ്മതിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ആർ.ടി ഓഫിസിൽ നിന്നും ലഭിച്ച കാറുകളുടെ വിവരങ്ങളും സി.സി ടി.വി ദൃശ്യങ്ങളും കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് വാഹനം കണ്ടെത്തിയത്. ക്വാർട്ടേഴ്‌സിൽ ഒതുക്കിയിട്ടിരുന്ന കാർ പൊലീസ് പ്രാഥമിക പരിശോധനയ്ക്ക് വിധേയമാക്കിയെങ്കിലും വാഹനം തട്ടിയതായി അടയാളങ്ങളൊന്നുമില്ല. രേഖാചിത്രത്തിലൂടെയും ഇയാളാണ് കാറുടമയെന്ന് പൊലീസിന് സൂചന ലഭിച്ചിരുന്നു. വാഹനാപകടം നടന്ന സമയം താനും റോഡിലുണ്ടായിരുന്നതായും ശബ്ദം കേട്ടാണ് അപകടത്തെക്കുറിച്ച് അറിഞ്ഞതെന്നും ഇയാൾ പൊലീസിനോട് പറഞ്ഞെന്നാണ് വിവരം. അവിടെയെത്തിയപ്പോൾ രണ്ടുപേർ രക്തത്തിൽ കുളിച്ച് കിടക്കുന്നത് കണ്ടു. ആളുകൾ കൂടിയതോടെ ഭയന്ന് കാറുമായി പോവുകയായിരുന്നു. അപകടത്തിന് പിന്നാലെ പൊലീസ് കാർ അന്വേഷിക്കുന്നതായി അറിഞ്ഞ് കാർ ഒതുക്കിയിട്ടതാണെന്നും ഇയാൾ വ്യക്തമാക്കി. വെള്ളയമ്പലം – ശാസ്തമംഗലം റോഡിൽ ഡിസംബർ 29ന് രാത്രി 8.30ന് നടന്ന അപകടത്തിൽ നാലാഞ്ചിറ മാർ ഗ്രിഗോറിയോസ് കോളജിലെ നാലാംവർഷ നിയമവിദ്യാർത്ഥി ആദിത്യ ബി. മനോജ് (22), ഊബർ ഈറ്റ്‌സിലെ ജീവനക്കാരൻ അബ്ദുൽ റഹീം (44) എന്നിവരാണ് മരിച്ചത്. ആദിത്യ ബൈക്കിൽനിന്ന് തെറിച്ചുവീണും അബ്ദുൾറഹീം റോഡ് മുറിച്ചു കടക്കുമ്പോഴുമാണ് അപകടത്തിൽപ്പെട്ടത്.