raju-narayana-swami-ias

തിരുവനന്തപുരം: ചട്ടങ്ങൾക്ക് വിരുദ്ധമായി ജോലിയിൽ നിന്നും വിട്ടുനിന്ന ഐ.എ.എസ് ഉദ്യോഗസ്ഥൻ രാജു നാരായണ സ്വാമിയോട് സർക്കാർ വിശദീകരണം തേടും. ഇതിന്റെ ഭാഗമായി അദ്ദേഹത്തിന് കാരണം കാണിക്കൽ നോട്ടീസ് നൽകും. 15 ദിവസത്തിനകം മറുപടി നൽകിയില്ലെങ്കിൽ തുടർനടപടികളിലേക്ക് കടക്കുമെന്ന് സർക്കാർ വൃത്തങ്ങൾ സൂചിപ്പിച്ചു.

ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര പ്രിൻസിപ്പൽ സെക്രട്ടറിയായിരിക്കെയാണ് നാളികേരള വികസന ബോർഡ് ചെയർമാനായി ഡെപ്യൂട്ടേഷനിൽ സ്വാമി കേന്ദ്രത്തിലെത്തിയത്. എന്നാൽ കൃത്യവിലോപം കാണിച്ചെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞവർഷം മാർച്ചിൽ സ്വാമിയെ കേന്ദ്രസർക്കാർ നീക്കി. സ്വാമിയുടെ ഡെപ്യൂട്ടേഷൻ കാലാവധി അവസാനിപ്പിച്ചതായും സേവനത്തിൽനിന്നു വിടുതൽ നൽകിയതായും കേന്ദ്രസർക്കാർ സംസ്ഥാന സർക്കാരിനെ അറിയിച്ചിരുന്നു. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും സംസ്ഥാനത്ത് ജോലിയിൽ പ്രവേശിക്കാൻ രാജു നാരായണ സ്വാമി തയാറായിട്ടില്ല.

നാളികേര വികസന ബോർഡ് ചെയർമാൻ സ്ഥാനത്തുനിന്നും മാറ്റിയ നടപടിക്കെതിരെ കോടതിയിലും അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിലും കേസുള്ളതിനാലാണു സർവീസിലേക്കു തിരികെ പ്രവേശിക്കാത്തതെന്നാണ് രാജുനാരായണ സ്വാമിയുടെ വാദം. ഇക്കാര്യവും സർക്കാരിനെ ഔദ്യോഗികമായി അറിയിച്ചിട്ടില്ല.