പാലോട്: അഗ്രി ഫാം ബനാന നഴ്സറിയിലെ തൊഴിലുറപ്പ് ജോലിക്കിടെ ഉണങ്ങിയ മരം വീണ് മരിച്ച കൊച്ചുവിള പന്നിയോട്ടുകടവ് ഗ്രീഷ്‌മാ ഭവനിൽ ലതയുടെ കുടുംബത്തിന് സ്വരൂപിച്ച 5.79 ലക്ഷം രൂപ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. കെ മധു മൂത്ത മകൾ ഗ്രീഷ്മയ്ക്ക് കൈമാറി. പെരിങ്ങമ്മല ഗ്രാമ പഞ്ചായത്തിലെ ഭരണസമിതിയും തൊഴിലുറപ്പ് തൊഴിലാളികളും കുടുംബശ്രീ ജീവനക്കാരും ചേർന്നാണ് 'കൈത്താങ്ങ് ' എന്ന പേരിൽ ലതയുടെ കുടുംബത്തിനായി തുക സ്വരൂപിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ചന്ദ്രൻ,പഞ്ചായത്ത് പ്രസിഡന്റ് പി.ചിത്രകുമാരി, പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ,സി.പി.എം ലോക്കൽ കമ്മറ്റി സെക്രട്ടറി എ.ഇബ്രാഹിം കുഞ്ഞ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കലയപുരം അൻസാരി, പഞ്ചായത്ത് ഉദ്യോസ്ഥ,സി.ഡി.എസ്. ചെയർ പേഴ്സൺ തുടങ്ങിയവർ പങ്കെടുത്തു. കഴിഞ്ഞ നവംബർ 26നാണ് നാടിനെ നടുക്കിയ ദുരന്തം ഉണ്ടായത്.മാർച്ചിൽ നിശ്ചയിച്ചിരുന്ന മുത്തമകളുടെ വിവാഹ ഒരുക്കങ്ങൾക്കിടയിലായിരുന്നു ലതയുടെ ദാരുണാന്ത്യം.