vld2

വെള്ളറട: ഭരണഘടന സംരക്ഷിക്കുക പൗരത്വ ഭേദഗതി നിയമം പിൻവലിക്കുക എന്ന മുദ്രാവാക്യമുയർത്തി എൽ.ഡി.എഫ് 26ന് സംഘടിപ്പിക്കുന്ന മനുഷ്യ മഹാശൃംഖലയുടെ പ്രചാരണാർത്ഥമുള്ള തിരുവനന്തപുരം മണ്ഡലം പ്രചാരണ ജാഥ വെള്ളറടയിൽ നിന്ന് ആരംഭിച്ചു. പന്ന്യൻ രവീന്ദ്രൻ ജാഥാ ക്യാപ്ടൻ ആനാവൂർ നാഗപ്പന് പതാക കൈമാറി. നുണകൾ കൊണ്ടുമാത്രം രാജ്യം ഭരിക്കുന്നവരാണ് ബി.ജെ.പിയെന്ന് പന്ന്യൻ രവീന്ദ്രൻ പറഞ്ഞു.

രാജ്യത്തെ ജനങ്ങളെ മുഴുവൻ നുണകൾ കൊണ്ട് എന്നും പറ്റിക്കാമെന്നത് അവരുടെ വെറും വ്യാമോഹമാണ്. ഹിന്ദുക്കളിൽ വെറും 14ശതമാനം പേരുടെ പിന്തുണയേ ബി.ജെ.പിക്കുള്ളൂ. എന്നിട്ടും അവർ രാജ്യത്തെ മുഴുവൻ ഹിന്ദുക്കളുടെയും രക്ഷാകർത്താവ് ചമയുന്നു. ഇതു ജനം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പന്ന്യൻ പറഞ്ഞു.

സി.പി.എം വെള്ളറട ഏരിയാ സെക്രട്ടറി ഡി.കെ. ശശി അദ്ധ്യക്ഷത വഹിച്ചു. സി. ജയൻ ബാബു, എൻ. രതീന്ദ്രൻ, പള്ളിച്ചൽ വിജയൻ, കെ.എസ്. അരുൺ, അഡ്വ. ഫിറോസ് ലാൽ, ഇടക്കുന്നിൽ മുരളി, പാളയം രാജൻ, കവടിയാർ ധർമ്മജൻ, റൂഫസ് ഡാനിയേൽ, സബിർ തൊളിക്കുഴി, വാമനപുരം പ്രകാശ്കുമാർ, എസ്.വി. സുരേന്ദ്രൻനായർ, അഡ്വ. സജയൻ, എം.കെ ദീലിപ് എന്നിവർ ജാഥാംഗങ്ങളാണ്. ജാഥ ഇന്ന് രാവിലെ 9ന് മണ്ഡപത്തിൻ കടവിൽ നിന്ന് ആരംഭിച്ച് കാരക്കോണം, പാറശാല, ഉദിയൻകുളങ്ങര, നെയ്യാറ്റിൻകര, പെരുമ്പഴുതൂർ, ആറാലുംമൂടുവഴി ബാലരാമപുരത്ത് വൈകിട്ട് സമാപിക്കും.