. രോഹിത് ശർമ്മ ഐ.സി.സി ഏകദിന ക്രിക്കറ്റർ ഒഫ് ദ ഇയർ
. വിരാട് കൊഹ്‌ലി ഐ.സി.സി ഏകദിന, ടെസ്റ്റ് ടീമുകളുടെ ക്യാപ്ടൻ
. സ്പിരിറ്റ് ഒഫ് ക്രിക്കറ്റ് പുരസ്കാരവും കൊഹ്‌ലിക്ക്
. ബെൻ സ്റ്റോക്സ് ക്രിക്കറ്റർ ഒഫ് ദ ഇയർ
ദുബായ് : ഇന്റർ നാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ 2019 ലെ ഏറ്റവും മികച്ച ഏകദിന ക്രിക്കറ്റർക്കുള്ള പുരസ്കാരം ഇന്ത്യൻ ഒാപ്പണർ രോഹിത് ശർമ്മയ്ക്ക്. ആസ്ട്രേലിയൻ ഫാസ്റ്റ് ബൗളർ പാറ്റ് കമ്മിൻസ് പോയവർഷത്തെ ഏറ്റവും മികച്ച ടെസ്റ്റ് താരത്തിനുള്ള പുരസ്കാരം സ്വന്തമാക്കിയപ്പോൾ 2019 ലെ ഏറ്റവും മികച്ച ക്രിക്കറ്റ് താരത്തിനുള്ള സർ ഗാർഫീൽഡ് സോബേഴ്സ് ട്രോഫി ഇംഗ്ളീഷ് ആൾ റൗണ്ടർ ബെൻ സ്റ്റോക്സ് സ്വന്തമാക്കി. ഐ.സി.സിയുടെ പോയവർഷത്തെ ടെസ്റ്റ്, ഏകദിന ടീമുകളുടെ ക്യാപ്ടനായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ നായകൻ വിരാട് കൊഹ്‌ലി കളിക്കളത്തിലെ മാന്യമായ പ്രകടനത്തിനുള്ള സ്പിരിറ്റ് ഒഫ് ക്രിക്കറ്റ് പുരസ്കാരത്തിനും അർഹനായി.
ട്വന്റി 20 ക്രിക്കറ്റിലെ ഏറ്റവും മികച്ച അന്താരാഷ്ട്ര പ്രകടനത്തിനുള്ള പുരസ്കാരം ഇന്ത്യൻ പേസർ ദീപക് ചഹർ സ്വന്തമാക്കിയപ്പോൾ ആസ്ട്രേലിയൻ യുവ ബാറ്റ്സ്‌മാൻ മാർനസ് ലബുഷാംഗെ ഫുർജിംഗ് ക്രിക്കറ്റർ ഒഫ് ദ ഇയർ പുരസ്കാരം സ്വന്തമാക്കി. സ്കോട്ട്‌ലാൻഡിന്റെ കൈൽ കോയ്റ്റസറാണ് അസോസിയേറ്റ് രാജ്യങ്ങളിൽനിന്നുള്ള മികച്ച ക്രിക്കറ്ററായി തിരഞ്ഞെടുക്കപ്പെട്ടത്. ഏറ്റവും മികച്ച അമ്പയർക്കുള്ള ഡേവിഡ് ഷെപ്പോഡ് ട്രോഫി ഇംഗ്ളണ്ടുകാരനായ റിച്ചാർഡ് ഇല്ലിംഗ് വർത്ത് സ്വന്തമാക്കി.
ഐ.സി.സി ടെസ്റ്റ് ടീം ഒഫ് ദ ഇയർ
മായാങ്ക് അഗർവാൾ, ടോം ലതാം, മാർനസ് ലബുഷാംഗെ, വിരാട് കൊഹ്‌ലി (ക്യാപ്ടൻ), സ്റ്റീവ് സ്മിത്ത്, ബെൻ സ്റ്റോക്സ്, ബി.ജെ. വാറ്റ്‌ലിംഗ് (വിക്കറ്റ് കീപ്പർ), പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക്ക്, നീൽ വാഗ്‌നർ, നഥാൻ ലിയോൺ.
ഐ.സി.സി വൺഡേ ടീം ഒഫ് ദ ഇയർ
രോഹിത് ശർമ്മ, ഷായ് ഹോപ്പ്, വിരാട് കൊഹ്‌ലി (ക്യാപ്ടൻ), ബാബർ അസം, കേൻ വില്യംസൺ, ബെൻ സ്റ്റോക്സ്, ജോസ് ബട്ട്‌ലർ (വിക്കറ്റ് കീപ്പർ), മിച്ചൽ സ്റ്റാർക്ക്, ട്രെന്റ് ബൗൾട്ട്, മുഹമ്മദ് ഷമി, കുൽദീപ് യാദവ്.
2 ഇന്ത്യൻ താരങ്ങളാണ് ഐ.സി.സി ടെസ്റ്റ് ടീം ഒഫ് ദ ഇയറിൽ ഇടം പിടിച്ചത്.
4 ഇന്ത്യൻ താരങ്ങൾ ഏകദിന ടീമിൽ ഇടം പിടിച്ചു.
തുടർച്ചയായ മൂന്നാം തവണയാണ് കൊഹ്‌ലി ഐ.സി.സി ടീം ക്യാപ്ടനായി തിരഞ്ഞെടുക്കപ്പെടുന്നത്.
2019 ൽ ടെസ്റ്റിലും ഏകദിനത്തിലും മികച്ച പ്രകടനമാണ് കൊഹ്‌ലി കാഴ്ചവച്ചത്. ടെസ്റ്റിൽ ഏഴ് ഡബിൾ സെഞ്ച്വറികൾ തികച്ച വിരാട് തന്റെ കരിയർ ബെസ്റ്റായ 254 നോട്ടൗട്ട് കഴിഞ്ഞ ഒക്ടോബറിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ കുറിച്ചു. നായകനെന്നനിലയിൽ ഇന്ത്യയെ ആസ്ട്രേലിയയിലെ ടെസ്റ്റ് പരമ്പരയിലും ഇന്ത്യൻ മണ്ണിലെ എല്ലാ ടെസ്റ്റ് പരമ്പരകളിലും വിജയത്തിലെത്തിച്ചു.
5
സെഞ്ച്വറികൾ ലോകകപ്പിൽ കുറിച്ച റെക്കാഡ് പ്രകടനമാണ് രോഹിതിനെ ഏകദിനത്തിലെ ഏറ്റവും മികച്ച താരമാക്കിയത്. ഒരു അർദ്ധ സെഞ്ച്വറിയും കൂടി നേടിയ രോഹിത് 81 ശരാശരിയിൽ 648 റൺസാണ് ലോകകപ്പിൽ നേടിയത്. 2019 ൽ കളിച്ച 28 ഏകദിനങ്ങളിൽനിന്ന് ഏഴ് സെഞ്ച്വറികളടക്കം നേടിയത് 1409 റൺസ്.
ബിഗ് ബെൻ
2019 ലോകകപ്പിന്റെ ഫൈനലിൽ പുറത്തെടുത്ത മികച്ച ആൾ റൗണ്ട് പ്രകടനവും ആഷസിലെ ഹീറോയിസവുമാണ് സ്റ്റോക്സിനെ പോയവർഷത്തെ ഏറ്റവും മികച്ച കളിക്കാരനാക്കിയത്. ലോകകപ്പ് ഫൈനലിലെ മാൻ ഒഫ് ദ മാച്ചും പ്ളേയർ ഒഫ് ദ സിരീസും ബെന്നായിരുന്നു.
സ്പിരിറ്റ് ഒഫ് ക്രിക്കറ്റ്
2019 ലോകകപ്പിൽ ആസ്ട്രേലിയയ്ക്കെതിരായ മത്സരത്തിനിടെ സ്റ്റീവൻ സ്മിത്തിനെ കൂവിയ കാണികളോട് കൈയടിക്കാൻ ആവശ്യപ്പെട്ടതിനാണ് കൊഹ്‌ലിക്ക് പുരസ്കാരം. പന്തുരയ്ക്കൽ വിവാദത്തിൽനിന്ന് മടങ്ങിവന്നതേയുണ്ടായിരുന്നുള്ളൂ സ്മിത്ത് മുമ്പ് കളിക്കളത്തിൽവച്ച് സ്മിത്തിനോട് പലതവണ കോർത്തിട്ടുള്ള കൊഹ്‌ലി ഇൗ അവസരത്തിൽ യഥാർത്ഥ ക്രിക്കറ്റ് സ്പിരിറ്റ് പുറത്തെടുക്കുകയായിരുന്നു.
പാറ്റ് കമ്മിൻസ്
ടെസ്റ്റ് ക്രിക്കറ്റർ
12 ടെസ്റ്റുകളിൽ നിന്ന് 50 വിക്കറ്റുകൾ സ്വന്തമാക്കിയ കമ്മിൻസ് ടെസ്റ്റ് ബൗളിംഗ് റാങ്കിംഗിലെ ഒന്നാംസ്ഥാനക്കാരനായാണ് 2019 അവസാനിപ്പിച്ചത്.
ദീപക് ചഹർ
ട്വന്റി 20 പെർഫോമൻസ്
നാഗ്പൂരിൽ ബംഗ്ളാദേവിനെതിരായ ട്വന്റി 20 മത്സരത്തിൽ ഏഴ് റൺസ് നൽകി ആറ് വിക്കറ്റ് വീഴ്ത്തിയ പ്രകടനമാണ് ദീപകിനെ പുരസ്കാരത്തിന് അർഹനാക്കിയത്.
ലബുഷാംഗെ
എമർജിംഗ് പ്ളേയർ
11 ടെസ്റ്റുകളിൽനിന്ന് 1,104 റൺസ് അടിച്ചെടുത്ത ലബുഷാംഗെ 2019 ജനുവരിയിൽ ഐ.സി.സി റാങ്കിംഗിൽ 110-ാം സ്ഥാനത്തായിരുന്നു. 2019 ഡിസംബറിൽ നാലാമത്തേക്ക് ഉയർന്നു. ഇൗവർഷം ഏറ്റവും കൂടുതൽ ടെസ്റ്റ് റൺസ് നേടിയ ക്രിക്കറ്റർ.
കൈൽ കോട്സർ
അസോസിയേറ്റ് പ്ളയർ
സ്കോട്ട്‌ലാൻഡിന് വേണ്ടി 59 ഏകദിനങ്ങളും 58 ട്വന്റി 20 കളും കളിച്ചിട്ടുള്ള താരം. കഴിഞ്ഞവർഷം ലോകകപ്പ് യോഗ്യതാടൂർണമെന്റിൽ സ്കോട്ട്‌ലാൻഡിന്റെ ക്യാപ്ടനായിരുന്നു.
സ്പിരിറ്റ് ഒഫ് ക്രിക്കറ്റ് അവാർഡ് എന്ന് ആദ്യം കേട്ടപ്പോൾ അത്ഭുതം തോന്നി. കാരണം ചീത്ത സ്വഭാവക്കാരനെന്നാണല്ലോ ഇതുവരെ എനിക്കുണ്ടായിരുന്ന പേര്. കളിക്കളത്തിൽ സ്ളെഡ് ജിംഗ് നടത്താം, വഴക്കുകൂടാം, പക്ഷേ ആരെയും കൂവരുത് എന്നാണ് എന്റെ അഭിപ്രായം. സ്മിത്ത് അന്ന് അനുഭവിച്ച വേദന തിരിച്ചറിഞ്ഞതുകൊണ്ടാണ് കാണികളോട് കൂവരുതെന്ന് ആവശ്യപ്പെട്ടത്.
വിരാട് കൊഹ്‌ലി
എനിക്ക് എല്ലാ പിന്തുണയും നൽകിയ ടീമംഗങ്ങൾക്കും സ്പോർട്ടിംഗ് സ്റ്റാഫിനുമായി ഇൗ അവാർഡ് സമർപ്പിക്കുന്നു. അവർ ഇല്ലായിരുന്നുവെങ്കിൽ അവാർഡിന് അർഹനായി ഞാനുണ്ടാകുമായിരുന്നില്ല.
ബെൻ സ്റ്റോക്സ്
ഈ അംഗീകാരം തേടിയെത്തിയതിൽ അതിയായ സന്തോഷേം. ടീമെന്ന നിലയിലെ 2019 ലെ പ്രകടനം അതീവ സംതൃപ്തി നൽകുന്നതായിരുന്നു.
രോഹിത് ശർമ്മ.