ഐ ലീഗിൽ ഇൗസ്റ്റ് ബംഗാളിനെ 3-1ന്
തകർത്ത് ഗോകുലം എഫ്.സി
പോയിന്റ് പട്ടികയിൽ ഇൗസ്റ്റ് ബംഗാളിനെ
മറികടന്ന്
ഗോകുലം നാലാമത്.
3
കൊൽക്കത്ത : ഇന്ത്യൻ ഫുട്ബാളിലെ കരുത്തരായ ഇൗസ്റ്റ് ബംഗാളിനെ അവരുടെ തട്ടകത്തിൽ ചെന്ന് കീഴടക്കി ഗോകുലം കേരള എഫ്.സിയുടെ തേരോട്ടം.
ഇന്നലെ കല്യാണി യൂണിവേഴ്സിറ്റി സ്റ്റഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഗോകുലം ഇൗസ്റ്റ് ബംഗാളിനെ അടിയറവ് പറയിച്ചത്. ഇൗ സീസണിലെ ആറ് മത്സരങ്ങളിൽ മൂന്നാം വിജയം നേടിയ ഗോകുലം ഒൻപതാം സ്ഥാനത്തുനിന്ന് ഒറ്റക്കുതിപ്പിന് നാലാമതേക്കുയർന്നു.
ഇന്നലെ കളിതുടങ്ങി 21-ാം മിനിട്ടിൽ ഹെന്റി കിസേക്കയിലൂടെ ഗോകുലമാണ് ആദ്യം സ്കോർ ചെയ്തത്. സെബാസ്റ്റ്യൻ താംഗ്മുവാൻസിംഗിന്റെ പാസിൽനിന്നായിരുന്നു കിസോക്കയുടെ ഗോൾ. 27-ാം മിനിട്ടിൽ കാസിം അയ്‌ദാര ഗോകുലത്തിന്റെ വല കുലുക്കി കളി സമനിലയിലാക്കി. എന്നാൽ ആദ്യപകുതിക്ക് വിസിൽ മുഴങ്ങുന്നതിന് തൊട്ടുമുമ്പ് ഗോകുലത്തിന്റെ ഒരു മുന്നേറ്റം തടുക്കുന്നതിനിടെ സെൽഫ് ഗോളടിച്ച മാർട്ടി ക്രെസ്പി ഇൗസ്റ്റ് ബംഗാളിന്റെ കുഴിതോണ്ടി. 68-ാം മിനിട്ടിൽ നായകൻ മാർക്കസ് ജോസഫാണ് ഗോകുലത്തിന്റെ മൂന്നാം ഗോൾ നേടിയത്.
ഇൗ വിജയത്തോടെ ഗോകുലത്തിന് ആറ് മത്സരങ്ങളിൽനിന്ന് 10 പോയിന്റായി. ഏഴ് മത്സരങ്ങളിൽ നിന്ന് 14 പോയിന്റുള്ള മോഹൻ ബഗാനാണ് ഒന്നാമത്. പഞ്ചാബ് (11), ചർച്ചിൽ (10) എന്നിവരാണ് ഇപ്പോൾ ഗോകുലത്തിന് മുന്നിലുള്ളത്.
5 പടവുകൾ ചാടിക്കടന്ന്
ഇന്നലെ മത്സരം ആരംഭിക്കുന്നതിന് മുമ്പ് ഏഴ് പോയിന്റുമായി ഒൻപതാം സ്ഥാനത്തായിരുന്നു ഗോകുലം. മത്സര ശേഷം ഐസ്വാൾ , ട്രാവു , നെരോക്കോ, ചെന്നൈ സിറ്റി, ഇൗസ്റ്റ് ബംഗാൾ എന്നിങ്ങനെ അഞ്ച് ക്ളബുകളെ മറികടന്ന് നാലാമതേക്ക് ഉയർന്നു. ഇവർക്കെല്ലാം എട്ട് പോയിന്റാണുള്ളത്.
പോയിന്റ് നില
ക്ളബ്, കളി, പോയിന്റ്
ബഗാൻ 7-14
പഞ്ചാബ് 8-11
ചർച്ചിൽ 5-10
ഗോകുലം 6-10
ഇൗസ്റ്റ് ബംഗാൾ 6-8
ചെന്നൈ സിറ്റി 6-8
നെരോക്ക 7-8
ട്രാവു എം.സി 7-8
ഐസ്വാൾ 7-8
റയൽ കാശ്മീർ 6-6
ആരോസ് 7-4
.