പാറശാല: കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പൂർത്തീകരിക്കാത്ത വിവിധ പദ്ധതികൾ എൽ.ഡി.എഫ് സർക്കാർ ഏറ്റെടുത്ത് പൂർത്തീകരിച്ചു വരുന്നതായി വൈദ്യുതി മന്ത്രി എം.എം. മണി പറഞ്ഞു. പാറശാല ബ്ലോക്ക് പഞ്ചായത്തിലെ ലൈഫ് മിഷൻ ഗുണഭോക്താക്കളുടെ കുടുംബ സംഗമവും ഭവനങ്ങളുടെ താക്കോൽ ദാനവും നിർവഹിക്കുകയായിരുന്നു മന്ത്രി. ചടങ്ങിൽ സി.കെ. ഹരീന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. വിവിധ വകുപ്പുകളിൽ നിന്നു ലഭ്യമാകുന്ന സേവനങ്ങളുടെ അദാലത്തിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. കേന്ദ്രസഹായം കാര്യമായ തോതിൽ കേരളത്തിന് ലഭിക്കുന്നില്ലെങ്കിലും തിരഞ്ഞെടുപ്പിന് മുമ്പ് സർക്കാർ വാഗ്ദാനങ്ങൾ പൂർത്തിയാക്കുന്നതാണെന്നും മന്ത്രി അറിയിച്ചു. ഗ്രാമവികസന വകുപ്പ് അഡി. ഡെവലപ്മെന്റ് കമ്മിഷണർ വി.എസ്. സന്തോഷ്‌കുമാർ വിഷയാവതരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.രാജേന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ആര്യദേവൻ, പാറശാല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.സുരേഷ്, മറ്റ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ സൗമ്യ ഉദയൻ, ബെൽസി ജയചന്ദ്രൻ, എൽ. ക്രിസ്തുദാസ്, അജിതകുമാരി, ജില്ലാപഞ്ചായത്തംഗം അഡ്വ. എസ്.കെ. ബെൻഡാർവിൻ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എസ്.ഷീജ, എ. മോഹൻദാസ്, എൽ. മഞ്ജുസ്മിത, രാജേഷ് ചന്ദ്രദാസ്, കെ. നിർമ്മലകുമാരി, ജെ.നിർമ്മലകുമാരി തുടങ്ങിയവർ സംസാരിച്ചു. പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആർ.സലൂജ സ്വാഗതവും ജോയിന്റ് ബി.ഡി.ഒ വി.സുരേന്ദ്രൻ നന്ദിയും പറഞ്ഞു. ചടങ്ങിൽ പങ്കെടുത്തവരുടെയും ജീവനക്കാരുടെയും വിവിധ കലാപരിപാടികളും നടന്നു. വിവിധ വകുപ്പുകളുടെ സ്റ്റാളുകളും ഒരുക്കിയിരുന്നു.