പറവൂർ : സഹപ്രവർത്തകയുമൊത്ത് സ്കൂട്ടറിൽ ജോലി സ്ഥലത്തേക്ക് പോകവെ കെ.എസ്.ആർ.ടി.സി ബസിന് അടിയിൽപ്പെട്ട് യുവതിക്ക് ദാരുണാന്ത്യം. വടക്കേക്കര സത്താർ ഐലന്റ് തറയിൽ വീട്ടിൽ ഓട്ടോറിക്ഷ ഡ്രൈവർ ശ്രീകാന്തിന്റെ ഭാര്യ രശ്മിയാണ് (31) മരിച്ചത്. മാല്യങ്കര കളങ്ങര വീട്ടിൽ കുഞ്ഞപ്പന്റെ മകളാണ്. സ്കൂട്ടർ ഓടിച്ചിരുന്ന തുരുത്തിപ്പുറം ചാത്തൻതറ പരേതനായ ഗിരീഷിന്റെ ഭാര്യ നീതുവിന് (23) പരിക്കേറ്റു. ഇരുവരും ആസ്റ്റർ മെഡ്സിറ്റിയിലെ സ്റ്റോർകീപ്പിംഗ് കരാർ ജീവനക്കാരാണ്. ഇന്നലെ വൈകിട്ട് നാലരയോടെ മുനിസിപ്പൽ കവലയിലായിരുന്നു അപകടം.രാത്രി ഷിഫിറ്റിൽ ജോലിക്ക് കയറുന്നതിന് ആശുപത്രിയിലേക്ക് പോകുകയായിരുന്നു ഇരുവരും. സ്കൂൾ വിദ്യാർത്ഥികളായ അശ്വനി, അനുശ്രീ എന്നിവരാണ് മക്കൾ.