നടുക്കായലിൽ താളംപിഴച്ചാൽ അമരക്കാരനെ മാറ്റുന്ന പതിവില്ലാത്തവരാണ് സ്പാനിഷ് ഫുട്ബാൾ ക്ളബ് ബാഴ്സലോണക്കാർ. സീസണിന്റെ നടുക്കുവെച്ച് പുതിയ പരിശീലകനെത്തേടുന്ന ബാഴ്സലോണയെന്ന അത്ഭുതമാണ് പുതുവർഷത്തിൽ സംഭവിച്ചത്. കഴിഞ്ഞ രണ്ട് സീസണുകളിൽ ബാഴ്സലോണയെ സ്പാനിഷ് ലാലിഗ ചാമ്പ്യൻമാരാക്കിയ ഏണസ്റ്റോ വൽവെർദെയെ വെറുതെ എടുത്തുകളയുകയായിരുന്നു ബാഴ്സ. ഇൗ സീസണിലും വേണമെന്നുവച്ചാൽ ബാഴ്സയ്ക്ക് ലാലിഗ കിരീടം സ്വന്തമാക്കാവുന്നതേയുള്ളൂ. പക്ഷേ സീസണിന്റെ തുടക്കം മുതൽ തങ്ങളുടെ മഹത്വത്തിന് ഇടിവ് തട്ടുന്ന ചില പരാജയങ്ങളും സമനിലകളും ബാഴ്സലോണ നേരിടേണ്ടിവന്നു. ആ നാണക്കേട് ഇനിയും തുടരാൻ വയ്യ എന്ന വ്യക്തമായ സൂചനയാണ് കഴിഞ്ഞദിവസം 55 കാരനായ വൽവെർദെയെ മാറ്റി റയൽ ബെറ്റിസിന്റെ മുൻ പരിശീലകനായ ക്വിക്വെ സെറ്റിയനെ മുഖ്യപരിശീലകനായി നിയമിച്ചത്. 2022 ജൂൺ 30 വരെയാണ് സെറ്റിയാന് ബാഴ്സലോണ കരാർ നൽകിയിരിക്കുന്നത്.
ഇതിന് മുമ്പ് ബാഴ്സലോണ സീസൺ പൂർത്തിയാകുംമുമ്പ് പരിശീലകനെ മാറ്റിയത് 2003 ലാണ്. അന്ന് ഡച്ചുകാരൻ ലൂയിസ് വാൻഗാലിന് കീഴിൽ ലാലിഗയിൽ 12-ാം സ്ഥാനത്തേക്ക് താഴ്ന്നപ്പോഴാണ് നടപടിയുണ്ടായത്. അതിനുശേഷം പരിശീലകർ ഇത്തരത്തിലൊരു ദുരോഗ്യം നേരിടേണ്ടിവന്നിരുന്നില്ല.
2017 ൽ ബാഴ്സലോണയിലേക്ക് പരിശീലകനായെത്തിയ വൽവെർദെ 2018 ലെ കിംഗ്സ് കപ്പും ക്ളബിന് നേടിക്കൊടുത്തിരുന്നു. എന്നിട്ടും പാതിവഴിയിൽ പടിയിറങ്ങാനായിരുന്നു യോഗം.
പുതിയ പരിശീലകന് മുന്നിൽ വലിയ വെല്ലുവിളിയാണ് ബാഴ്സലോണ ടീം മാനേജ്മെന്റ് നൽകിയിരിക്കുന്നത്. ലാലിഗയിൽ 40 പോയിന്റുമായി ഒന്നാമതാണ് ഇപ്പോഴും ബാഴ്സ. എന്നാൽ ഗോൾ ശരാശരിയിലാണ് റയൽ മാഡ്രിഡിനെ രണ്ടാംസ്ഥാനക്കാരാക്കിയിരിക്കുന്നത് എന്നുമാത്രം. ലീഗിൽ ഇഞ്ചോടിഞ്ച് പോരാട്ടങ്ങളാണ് ശേഷിക്കുന്നത്. ഒരു സമനിലപോലും കിരീടം കവരുമെന്നതിനാൽ സീസണിന്റെ അവസാനം വരെ കോച്ചിന്റെ ജീവിതം സംഘർഷഭരിതമാകും.
സൂപ്പർ കപ്പിൽ ഫൈനലിലെത്താതെ പോയതാണ് വൽവെർദെയുടെ പെട്ടെന്നുള്ള പടിയിറക്കത്തിന് കാരണമായതെങ്കിൽ സെറ്റിയന് മുന്നിൽ ചാമ്പ്യൻസ് ലീഗുണ്ട്. ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിൽ ഇറ്റാലിയൻ ക്ളബ് നാപ്പോളിയാണ് എതിരാളികൾ. വൽവെർദെയ്ക്ക് ചാമ്പ്യൻസ് ലീഗ് ബാലികേറാമലയായിരുന്നു. 2018 ൽ എ.എസ്. റോമയോട് തോറ്റു പുറത്തായി. 2019 ൽ ലിവർ പൂളിനോടും.
61 കാരനായ സെറ്റിയൻ കഴിഞ്ഞ സീസണിൽ റയൽ ബെറ്റ്സിനെ 10-ാം സ്ഥാനക്കാരാക്കിയശേഷം സന്തോഷത്തോടെ പിരിയുകയായിരുന്നു. അത്‌ലറ്റിക്കോ മാഡ്രിഡിന്റെയും റേസിംഗ് സന്റാഡറിന്റെയും മുൻതാരമായ പൊസഷൻ ഫുട്ബാളിന്റെയും അറ്റാക്കിംഗ് ഗെയിം പ്ളാനിന്റെയും ഉസ്‌താദാണ്. പെപ് ഗ്വാർഡിയോളയ്ക്ക് കീഴിൽ ബാഴ്സ അഭ്യസിച്ച അടവുകൾ ഒന്നുകൂടി വൃത്തിയായി ചൊല്ലി പഠിപ്പിക്കാൻ സെറ്റിയന് കഴിയുമെന്ന് സാരം.
ബാഴ്സ തങ്ങളുടെ ചാവി മുൻതാരം സാവി ഹെർണാണ്ടസിനെ ഏൽപ്പിക്കുമെന്നാണ് ആരാധകർ കരുതിയിരുന്നത്. എന്നാൽ നറുക്കുവീണത് സെറ്റിയനും. സാവി പരിശീലകനെന്നനിലയിൽ ഇനിയും വളർന്നു വരാനുണ്ടെന്ന് ബാഴ്സയ്ക്കറിയാം. സാവി പരിചയം നേടുന്നതുവരെയേ തനിക്ക് സമയമുണ്ടാകൂ എന്ന് സെറ്റിയനുമറിയാം. അതിനകം നല്ല പേര് നേടുക എന്നതാകും അദ്ദേഹത്തിന് മുന്നിലുള്ള വലിയ വെല്ലുവിളി.