തിരുവനന്തപുരം: ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തെയും പരിസരത്തെയും വെള്ളിവെളിച്ചത്തിൽ ആറാടിച്ച് ലക്ഷദീപം തെളിഞ്ഞു. ആറു വർഷത്തിലൊരിക്കൽ നടക്കുന്ന മുറജപത്തിന്റെ സമാപനമായിട്ടാണ് ലക്ഷദീപം തെളിയിച്ചത്. ദീപപ്രഭയിൽ തിളങ്ങിയ ക്ഷേത്രം കാണാൻ പതിനായിരങ്ങളാണ് ഇന്നലെ വൈകിട്ട് ക്ഷേത്ര പരിസരത്ത് എത്തിയത്. ക്ഷേത്രത്തിൽ 56 ദിവസമായി നടന്നുവരുന്ന വേദ മന്ത്രോച്ചാരാണ ചടങ്ങായ മുറജപത്തിന് ഇന്നലെ മകര ശീവേലിയോടെ സമാപനമായി. ഇന്നലെ വൈകിട്ട് ആറോടെ കിഴക്കേ ഗോപുരത്തിലെ വൈദ്യുത വിളക്കുകളാണ് ആദ്യം തെളിഞ്ഞത്. പിന്നാലെ മറ്റു നടകളിലെ വിളക്കുകളും വെളിച്ചം ചൊരിഞ്ഞു. ക്ഷേത്രത്തിനകത്തെ കമ്പവിളക്കുകൾ, ശ്രീകോവിലിനു ചുറ്റുമുള്ള അഴിവിളക്കുകൾ, ആയിരക്കണക്കിന് മൺചെരാതുകൾ, പല ദിശകളിലായി കറങ്ങുന്ന എണ്ണവിളക്കു ഗോപുരം എന്നിവയും തെളിഞ്ഞതോടെ ക്ഷേത്രം പ്രഭാപൂരിതമായി. പത്മതീർത്ഥക്കരയിലും ചെരാതുകളും അലങ്കാരദീപങ്ങളും തെളിഞ്ഞു. തിരഞ്ഞെടുക്കപ്പെട്ട നൂറോളം പേർ ചേർന്നാണ് കൽവിളക്കുകളും ചെരാതുകളും കത്തിച്ചത്.

ക്ഷേത്രത്തിനകത്തേക്ക് പാസ് ഉള്ളവരെ മാത്രം പ്രവേശിപ്പിച്ചപ്പോൾ പുറത്ത് അഭൂതപൂർവമായ തിരക്കാണ് അനുഭവപ്പെട്ടത്. 21,000 പേരെയാണ് പാസ് മുഖാന്തരം നാല് നടകളിലൂടെയും പ്രവേശിപ്പിച്ചത്. വി.എെ.പി പാസുകാരെ വടക്കേനട വഴി പ്രവേശിപ്പിച്ചു.

ക്ഷേത്രത്തിന്റെ പുറമേ നിന്നുള്ള ദർശനം കാണാൻ നിരവധി പേരാണ് പത്മതീർത്ഥക്കരയിലും ക്ഷേത്രത്തിന്റെ നാല് നടയിലും പുറത്തെ റോഡുകളിലുമായി തമ്പടിച്ചത്.

രാത്രി 8.30 മുതൽ മുറജപത്തിന്റെ ഏഴാമത്തേതും അവസാനത്തേതുമായ മുറയുടെ സമാപനം സൂചിപ്പിച്ചുകൊണ്ടുള്ള മുറശീവേലി നടന്നു. ശീവേലിയിൽ ഏറ്റവും മുൻനിരയിൽ ദർശിനി, സുദർശിനി എന്നീ ആനകൾ അണിനിരന്നു. പിന്നാലെ ആചാരപ്രകാരം അപ്പക്കാള, ചെല്ലക്കുതിര, പുറംതളിക്കാർ, കൊടിതോരണങ്ങളേന്തിയ ബാലന്മാർ എന്നിവർ അകമ്പടി സേവിച്ചു. ഇവർക്കു പിന്നിൽ ഉടവാളേന്തി ക്ഷേത്രസ്ഥാനി മൂലം തിരുനാൾ രാമവർമ്മ. ഇതിനു പിന്നാലെ ഇടതുവശത്ത് അകത്തെ പ്രവൃത്തിക്കാരും വലതുവശത്ത് രാജകുടുംബത്തിലെ പുരുഷാംഗങ്ങളും അണിനിരന്നു. ഇവർക്കും പിറകിൽ യോഗത്തു പോറ്റിമാർ, ക്ഷേത്ര ഭരണസമിതി അംഗങ്ങൾ, വഴിപാടുകാർ. ചുരുട്ടി, വെഞ്ചാമരം, ആലവട്ടം, കട്ടിയം എന്നിവയ്ക്കു പിന്നാലെ ശ്രീകാര്യക്കാരും സ്വാമിയാരും നാല് തന്ത്രിമാരും നിരന്നു. ഇതിനു പിന്നാലെയാണ് സ്വർണനിർമ്മിതമായ ഗരുഡ വാഹനത്തിൽ ശ്രീപദ്മനാഭസ്വാമിയെ എഴുന്നള്ളിച്ചത്. വെള്ളിയിലുള്ള ഗരുഡ വാഹനങ്ങളിൽ തെക്കേടം നരസിംഹമൂർത്തിയെയും തിരുവമ്പാടി ശ്രീകൃഷ്ണസ്വാമിയെയും എഴുന്നള്ളിച്ചു. ശീവേലിപ്പുരയ്ക്ക് ചുറ്റും നിന്ന് ഭക്തർ മകരശീവേലി തൊഴുതു. മൂന്ന് പ്രദക്ഷിണത്തോടെ ശീവേലി സമാപിച്ചു. ആറാണ്ടിലൊരിക്കൽ നടക്കുന്ന മുറജപത്തിനും ഇതോടെ സമാപനമായി. നവംബർ 26 ന് ആരംഭിച്ച മുറജപം എട്ട് ദിവസം കൂടുന്ന ഏഴു മുറകളിലൂടെയാണ് സമാപിച്ചത്. ഇരുനൂറോളം വേദപണ്ഡിതർ വേദമന്ത്രങ്ങൾ ഉരുക്കഴിക്കാനെത്തി. ആഴ്‌വാഞ്ചേരി തമ്പാക്കളുടെ കാര്യദർശിത്വത്തിലാണ് അവസാന മുറയിലെ ജപം നടന്നത്. 2025ലാണ് അടുത്ത മുറജപം. ഭക്തരുടെ സൗകര്യാർത്ഥം ഇന്നും നാളെയും കൂടി ലക്ഷദീപ സജ്ജീകരണം കാണാനായി സൗകര്യമൊരുക്കും. ഇന്നലെ കാണാൻ അവസരം ലഭിക്കാത്തവർക്കും കൂടുതൽ പേർക്ക് ലക്ഷദീപം കാണാനും സൗകര്യമൊരുക്കുന്നതിനു വേണ്ടിയാണിത്.