തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് ഇൗ വർഷാവസാനം നടക്കേണ്ട തിരഞ്ഞെടുപ്പിന് മുന്നോടിയായി നിലവിലുള്ള വാർഡുകളുടെ എണ്ണം ഒന്ന് വീതം കൂട്ടാനും ,അതുവഴി മൊത്തം വാർഡുകളുടെ വിഭജനത്തിന് സാഹചര്യമൊരുക്കുന്നതിനും മന്ത്രിസഭ അംഗീകരിച്ച ഒാർഡിനൻസിൽ ഒപ്പിടാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.വിസമ്മതം പ്രകടിപ്പിച്ചു..ഇതോടെ, വാർഡ് വിഭജന നടപടികളും പുതിയ വോട്ടർ പട്ടിക തയ്യാറാക്കലും അനിശ്ചിതത്വത്തിലായി. വാർഡുകളുടെ എണ്ണം കൂട്ടാനുള്ള ഒാർഡിനൻസിൽ ഒപ്പ് വയ്ക്കരുതെന്ന് അവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഗവണർക്ക് കത്ത് നൽകിയിരുന്നു.
പൗരത്വനിയമഭേദഗതിക്കെതിരെ സംസ്ഥാന നിയമസഭ പ്രമേയം പാസാക്കിയതിൽ നേരത്തേ പരസ്യമായി അതൃപ്തി അറിയിച്ച ഗവർണർക്കെതിരെ സർക്കാരും ഭരണ- പ്രതിപക്ഷകക്ഷി നേതാക്കളും രൂക്ഷ വിമർശനം ഉയർത്തിയ സാഹചര്യത്തിലാണ് സർക്കാരിനെ വെട്ടിലാക്കിയുള്ള ഗവർണറുടെ പുതിയ നീക്കം.
ഇന്നലെ കൊല്ലം ഗസ്റ്റ് ഹൗസിൽ വച്ച് ഗവർണറെ കണ്ട തദ്ദേശ വകുപ്പ് മന്ത്രി എ. സി. മൊയ്തീൻ ഈ ഒാർഡിനൻസിന്റെ കാര്യം സൂചിച്ചപ്പോഴാണ് ഒാർഡിനൻസിൽ ഒപ്പ് വയ്ക്കുന്നതിൽ ഗവർണർ വിയോജിപ്പ് പ്രകടിപ്പിച്ചത്. കൊല്ലം എം.പി. എൻ.കെ.പ്രേമചന്ദ്രന്റെ മകന്റെ വിവാഹത്തിൽ പങ്കെടുക്കാൻ കൊല്ലത്തെത്തിയതായിരുന്നു .ഇരുവരും . തദ്ദേശ സ്ഥാപനങ്ങളിലേക്ക് വരുന്ന ഒക്ടോബറിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ഒാർഡിനൻസ് ഉടനെ ഇറക്കേണ്ടത് അനിവാര്യമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. " ഞാൻ ഒപ്പിട്ടില്ലെങ്കിലും നിയമസഭ ചേരാനിരിക്കുകയല്ലേ, നിങ്ങൾക്കത് ബില്ലാക്കി നിയമസഭയിൽ കൊണ്ടുവരാമല്ലോ" എന്നായിരുന്നു ഗവർണറുടെ മറുപടി.
ഗവർണർ ഒപ്പിട്ടില്ലെങ്കിൽ
സർക്കാർ വെട്ടിലാവും
തദ്ദേശ ഒാർഡിൻസിൽ ഗവർണർ ഒപ്പിടാതിരിക്കുകയും , തിരിച്ചയയ്ക്കുകയും ചെയ്താൽ സർക്കാർ വെട്ടിലാവും. . ഒാർഡിനൻസിന് പകരമുള്ള ബിൽ നിയമസഭയുടെ ബഡ്ജറ്റ് സമ്മേളനത്തിൽ കൊണ്ടുവന്ന് പ്രതിപക്ഷത്തിന്റെ എതിർപ്പോടെ പാസ്സാക്കണം, ഒാർഡിൻസ് പാസാക്കുന്നത് 1948ലെ സെൻസസ് നിയമത്തിന് എതിരാണെന്നാണ് പ്രതിപക്ഷത്തിന്റെ ആക്ഷേപം. സെൻസസ് നിയമമനുസരിച്ച് പുതിയ സെൻസസിന് ഒരു വർഷത്തിൽ താഴെ ശേഷിക്കെ വാർഡ് വിഭജനം നടത്തരുതെന്ന് പ്രതിപക്ഷം ആവശ്യപ്പെടുന്നു. .
ഡിസംബർ 26ന് ചേർന്ന മന്ത്രിസഭായോഗമാണ് ഒാർഡിനൻസ് തയ്യാറാക്കി രാജ്ഭവനിലേക്ക് അയച്ചത്.ഇത് ഉടൻ പാസാക്കിയാലേ തദ്ദേശസ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പിന് തുടക്കമിട്ട് വോട്ടർപട്ടിക തയ്യാറാക്കാനും വാർഡ് വിഭജനത്തിനും നടപടി തുടങ്ങാനാവൂ. ഇത് വൈകിയാൽ തിരഞ്ഞെടുപ്പും വൈകും. അടുത്ത വർഷം ഏപ്രിലിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ തദ്ദേശ തിരഞ്ഞെടുപ്പ് നീട്ടി വയ്ക്കാനാവില്ല.
1994 ലെ കേരള പഞ്ചായത്ത് രാജ് ആക്ടിലും 1994ലെ കേരള മുനിസിപ്പാലിറ്റി ആക്ടിലും ഭേദഗതി വരുത്തി ഒാരോ തദ്ദേശ സ്ഥാപനത്തിലും ഒരു വാർഡ് വർദ്ധിപ്പിക്കാനുള്ള നിയമസാധുതയ്ക്കാണ് ഒാർഡിനൻസ്.
കൂട്ടിച്ചേർക്കേണ്ടത്
1200 വാർഡുകൾ
സംസ്ഥാനത്ത് 941 ഗ്രാമപഞ്ചായത്തുകളും 152 ബ്ളോക്ക് പഞ്ചായത്തുകളും 14 ജില്ലാപഞ്ചായത്തുകളും 87 മുനസിപ്പാലിറ്റികളും 6 കോർപ്പറേഷനുകളുമുണ്ട്. ഇതിലെല്ലാം കൂടി 1200 വാർഡുകൾ കൂട്ടിച്ചേർക്കുകയാണ് ഒാർഡിനൻസിലെ ലക്ഷ്യം. അടോടെ, നിലവിലുള്ള 21865 വാർഡുകളുടെ അതിരുകൾ പുനർനിർണ്ണയിക്കാൻ സർക്കാരിന് അവകാശം ലഭിക്കും. ഇത് എൽ.ഡി.എഫിന് രാഷ്ട്രീ നേട്ടമുണ്ടാക്കുമെന്നും, . 2015 ലെ വോട്ടർപട്ടികയുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പ് നടത്തിയാൽ മതിയെന്ന സർക്കാർനിലപാട് ഇൗ ലക്ഷ്യം മുന്നിൽ കണ്ടാണെന്നുമാണ് പ്രതിപക്ഷം ആരോപിക്കുന്നത്.