പോത്തൻകോട്: എം.സി റോഡിലെ അപകടങ്ങൾ കുറയ്‌ക്കുക എന്ന ലക്ഷ്യത്തോടെ കഴക്കൂട്ടം മുതൽ അടൂർ വരെ ലോക ബാങ്കിന്റെ സഹായത്തോടെ നടപ്പിലാക്കുന്ന മാതൃകാ സുരക്ഷാ റോഡ് പദ്ധതി അന്തിമഘട്ടത്തിൽ. 17 ജംഗ്‌ഷനുകളുടെ നവീകരണവും ബി.എം ആൻഡ് ബി.സി സാങ്കേതികവിദ്യ പ്രകാരമുള്ള ടാറിംഗും പദ്ധതിയിലുണ്ട്. ലോക ബാങ്കിന്റെ സഹായത്തോടയാണ് കെ.എസ്.ടി.പി ഈ റോഡ് വികസിപ്പിച്ചത്. ഓസ്‌ട്രേലിയൻ കമ്പനിയായ വിക്റോഡ്‌സ് റോഡ് സുരക്ഷക്കുള്ള ക്രമീകരണങ്ങൾ ഒരുക്കും. റോഡ് കടന്നുപോകുന്ന മൂന്നു ജില്ലകളിൽ ഓരോ കിലോമീറ്റർ റോഡ് വീതം പ്ലാസ്റ്റിക് മിശ്രിതം ഉപയോഗിച്ച് റോഡിന്റെ ഉപരിതലം മിനുക്കും. റോഡിലെ സുരക്ഷാജോലികൾ ഏകോപിപ്പിക്കാൻ പൊലീസ്, മോട്ടോർ വാഹനവകുപ്പ്, വിദ്യാഭ്യാസം, ആരോഗ്യം പൊതുമരാമത്ത് വകുപ്പുകളുടെ സംയുക്ത സമിതി രൂപീകരിച്ചിട്ടുണ്ട്. നവീകരണം പൂർത്തിയായി 6 വർഷം വരെ പരിപാലന ചുമതലയും കരാറെടുത്ത കമ്പനികൾക്കാണ്. ആദ്യം 16 മാസം കാലാവധി പറഞ്ഞിരുന്നെങ്കിലും നിർമ്മാണം വൈകിയതോടെ പദ്ധതി കാലാവധി നീട്ടുകയായിരുന്നു. പദ്ധതിയിടെ 56 ശതമാനം ലോകബാങ്കും 44 ശതമാനം സംസ്ഥാന സർക്കാരുമാണ് വഹിക്കുന്നത്.
പദ്ധതിനിർവഹണ ചുമതല - കെ.എസ്.ടി.പി
പദ്ധതി നടപ്പാക്കുന്നത്
-----------------------------------------------------------------------
കഴക്കൂട്ടം മുതൽ തൈക്കാട് വരെ - 12 കിലോമീറ്റർ
തൈക്കാട് മുതൽ അടൂർ വരെ - 78.65 കിലോമീറ്റർ
പദ്ധതിത്തുക - 146 കോടി
പദ്ധതിയിൽ നടപ്പാക്കുന്നത്
------------------------------------------
ഇന്ത്യൻ റോഡ് കോൺഗ്രസ് (ഐ.ആർ.സി ) പ്രകാരമുള്ള ആധുനിക റോഡ് മാർക്കിംഗ്, ഫുട്പാത്തുകളുടെയും കലിങ്കുകളുടെയും പുനർനിർമ്മാണം, നിലവിലെ ഓടകളുടെ നവീകരണം, ഓടകളുടെ നിർമ്മാണം, കോൺക്രീറ്റ് സ്ലാബുകൾ സ്ഥാപിക്കൽ, റോഡ് കൈവരികളുടെ നിർമ്മാണം, മെറ്റൽ ബീം ക്രാഷ് ബാരിയറുകൾ സ്ഥാപിക്കൽ, അത്യാധുനിക സിഗ്നൽ സംവിധാനം, ദിശാസൂചക ബോർഡുകൾ തുടങ്ങിയവയാണ് മാതൃകാ സുരക്ഷാ റോഡ് പദ്ധതിയിൽപ്പെടുന്നത്
നിർമ്മാണം തുടങ്ങിയത് - 2017ൽ