ജക്കാർത്ത : ഇന്തോനേഷ്യ മാസ്റ്റേഴ്സ് ബാഡ്മിന്റൺ ടൂർണമെന്റിൽ പി.വി. സിന്ധു രണ്ടാം റൗണ്ടിലെത്തിയപ്പോൾ മറ്റ് ഇന്ത്യൻ താരങ്ങളായ സൈന നെഹ്വാൾ , കിഡംബി ശ്രീകാന്ത്, സായ്പ്രണീത്, സൗരഭ് വെർമ്മ, പി.കാശ്യപ് എന്നിവർ ആദ്യ റൗണ്ടിൽ പുറത്തായി.
ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ സിന്ധു ജാപ്പനീസ് താരം അയാ ഒാഹേരിയെയാണ് കീഴടക്കിയത്. 14-21, 21-15, 21-11 എന്ന സ്കോറിനായിരുന്നു സിന്ധുവിന്റെ വിജയം. ആദ്യറൗണ്ടിൽ സൈനയെ കീഴടക്കിയ ജാപ്പനീസ് താരം സയാക്ക തകാഹാഷിയാണ് രണ്ടാം റൗണ്ടിൽ സിന്ധുവിന്റെ എതിരാളി. 21-19, 13-21, 5-21 എന്ന സ്കോറിനാണ് സൈന തോറ്റത്. ഇന്തോനേഷ്യക്കാരൻ ഷെസാർ ഹിരേൻ റുസ്താഹിയോ 21-18. 12-21, 14-21 എന്ന സ്കോറിനാണ് ശ്രീകാന്തിനെ കീഴടക്കിയത്. പി.കാശ്യപിനെ മറ്റൊരു ഇന്തോനേഷ്യക്കാരൻ അന്തോണി സിനിസുക ജിന്റിംഗാണ് ആദ്യ റൗണ്ടിൽ തോൽപ്പിച്ചത്.
മൊമോട്ട നാട്ടിലേക്ക് മടങ്ങി
ടോക്കിയോ : മലേഷ്യ മാസ്റ്റേഴ്സ് ബാഡ്മിന്റൺ ടൂർണമെന്റിൽ പുരുഷ സിംഗിൾസ് കിരീടം നേടിയ ശേഷം എയർപോർട്ടിലേക്കുള്ള യാത്രയ്ക്കിടെ കാറപകടത്തിൽ പരിക്കേറ്റ ജാപ്പനീസ് താരം കെന്റോ മൊമോട്ട ആശുപത്രി വിട്ട് ജപ്പാനിലേക്ക് മടങ്ങി. ലോക ഒന്നാം റാങ്കുകാരനായ മൊമോട്ടോയ്ക്ക് രണ്ടുമാസത്തിലേറെ വിശ്രമം വേണ്ടിവരും.