മുംബയ് : വാങ്കഡെയിൽ ആസ്ട്രേലിയയ്ക്ക് എതിരായ ആദ്യ ഏകദിന മത്സരത്തിനിടെ പന്ത് ഹെൽമറ്റിൽ കൊണ്ടതിനെതുടർന്ന് കുഴഞ്ഞുവീണ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്ത് നാളെ രാജ്കോട്ടിൽ നടക്കുന്ന രണ്ടാം ഏകദിനത്തിൽ കളിക്കില്ല.
പരിക്കിൽനിന്ന് മോചിതനാകാത്ത ഋഷഭ് ഇന്നലെ ടീമിനൊപ്പം രാജ്കോട്ടിലേക്ക് പോയിരുന്നില്ല. 24 മണിക്കൂർ ആശുപത്രി നിരീക്ഷണത്തിലായിരുന്ന താരത്തെ ബംഗളുരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയിലേക്ക് പുനരധിവാസത്തിന് വിടും. ബംഗളുരുവിൽ നടക്കുന്ന മൂന്നാം മത്സരത്തിൽ കളിക്കാനാകുമോ എന്ന് ഫിറ്റ്നസ് ടെസ്റ്റിന് ശേഷം തീരുമാനിക്കും.
പാറ്റ് കമ്മിൻസിന്റെ ബൗൺസർ കൊണ്ടാണ് പന്തിന്റെ തലയ്ക്ക് പരിക്കേറ്റത്. പന്തിന് പകരം കെ. എൽ. രാഹുലാണ് വാങ്കഡെയിൽ കീപ്പിംഗ് ഗ്ളൗസ് അണിഞ്ഞത്.
മൂന്നാം ടെസ്റ്റ് ഇന്നുമുതൽ
പോർട്ട് എലിസബത്ത് : ദക്ഷിണാഫ്രിക്കയും ഇംഗ്ളണ്ടും തമ്മിലുള്ള നാല് മത്സര പരമ്പരയിലെ മൂന്നാം ടെസ്റ്റിന് നാളെ പോർട്ട് എലിസബത്തിൽ തുടക്കമാകും. ആദ്യടെസ്റ്റിൽ ദക്ഷിണാഫ്രിക്കയും രണ്ടാം ടെസ്റ്റിൽ ഇംഗ്ളണ്ടും ജയിച്ചതിനാൽ പരമ്പര 1-1ന് സമനിലയിലാണ്. അതേസമയം പര്യടനത്തിനെത്തിയതുമുതൽ അജ്ഞാത രോഗവും പരിക്കും തളർത്തുകയാണ് ഇംഗ്ളണ്ടിനെ. കഴിഞ്ഞദിവസം ക്യാപ്ടൻ ജോ റൂട്ട് രോഗക്കിടക്കയിലായിരുന്നു. 17 പേരെയാണ് ഇതുവരെ അസുഖം ബാധിച്ചത്. പേസർമാരായ ജൊഫ്ര ആർച്ചർ, മാർക്ക്വുഡ് എന്നിവർ പരിക്കിൽനിന്ന് പൂർണമായും മോചിതരായിട്ടില്ല.
വൽവെർദെയ്ക്ക്
ഒരു മത്സരവിലക്ക്
മാഡ്രിഡ് : സ്പാനിഷ് സൂപ്പർ കപ്പിന്റെ ഫൈനലിൽ ഗോളെന്നുറപ്പിച്ച അത്ലറ്റിക്കോ താരം അൽവാരോ മൊറാട്ടയുടെ മുന്നേറ്റം ഫൗളിലൂടെ ഒഴിവാക്കി ചുവപ്പുകാർഡ് ഏറ്റുവാങ്ങിയ റയൽ മാഡ്രിഡ് താരം ഫെഡറിക്കോ വൽവെർദെയ്ക്ക് ഒരു മത്സരത്തിൽ വിലക്ക് നൽകാൻ സ്പാനിഷ് ഫുട്ബാൾ ഫെഡറേഷൻ തീരുമാനിച്ചു.
കളിയുടെ അവസാന സമയത്തെ വൽവെർദെയുടെ ഇടപെടലാണ് നിർണായകമായതെന്ന് ഷൂട്ടൗട്ടിൽ 1-4ന് തോറ്റശേഷം അത്ലറ്റിക്കോ കോച്ച് ഡീഗോ സിമയോണി പറഞ്ഞിരുന്നു. കളിയിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടതും വൽവെർദെയായിരുന്നു.