gold-

കല്ലറ: വിവാഹത്തലേന്ന് വധു സ്വർണവും പണവുമായി മുങ്ങി. മടവൂർ സ്വദേശിനിയായ 19 കാരിയാണ് മുങ്ങിയത്. കുറുഞ്ചിലക്കാട് സ്വദേശിയായ 26 കാരനുമായി ഇന്ന് രാവിലെ പള്ളിക്കലെ കല്യാണമണ്ഡപത്തിൽ വിവാഹം നടക്കാനിരിക്കുകയായിരുന്നു. ഇന്നലെ രാത്രി വരനും ബന്ധുക്കളും വധുവിന്റെ വീട്ടിലെത്തി പുടവ നൽകിയിരുന്നു. രാത്രി പതിനൊന്നുമണിവരെ ബന്ധുക്കൾക്കൊപ്പം ഒരുഭാവവുമില്ലാതെ കഴിഞ്ഞ പെൺകുട്ടി വീട്ടുകാരും ബന്ധുക്കളും ഉറക്കമായശേഷമാണ് സ്ത്രീധനമായി നൽകാൻ കരുതിവച്ചിരുന്ന സ്വർണവും സ്വീകരണചടങ്ങിൽ നിന്ന് ലഭിച്ച പണവും കൈക്കലാക്കി മുങ്ങിയത്. ബ്രോക്കറാണ് പെൺകുട്ടിയെ കാണാനില്ലെന്ന വിവരം പുലർച്ചെ വരന്റെ വീട്ടുകാരെ അറിയിച്ചത്. വിവാഹചടങ്ങിന് പുറപ്പെടാൻ മണിക്കൂറുകൾ ബാക്കിനിൽക്കെ വധുവിന്റെ തിരോധാനം വരനെയും കുടുംബത്തെയും ആശങ്കയിലാക്കി. വരന്റെ വീട്ടുകാരുടെ പരാതിയിൽ കല്ലറ പൊലീസ് അന്വേഷണം ആരംഭിച്ചു.