കല്ലമ്പലം: പള്ളിക്കൽ പഞ്ചായത്തിൽ വായനശാലയുടെ ഒറ്റമുറിയിൽ പ്രവർത്തിക്കുന്ന വില്ലേജ് എക്സ്റ്റൻഷൻ ഓഫീസിൽ അടിസ്ഥാന സൗകര്യങ്ങളില്ല. ധാരാളം പേർ നിത്യവും ആശ്രയിക്കുന്ന ഓഫീസിൽ നിന്നുതിരിയാനിടമില്ല. പഞ്ചായത്ത് ഓഫീസിന് സമീപം പ്രവർത്തിക്കുന്നതിനാൽ വിവിധ ആവശ്യങ്ങൾക്കെത്തുന്നവരുടെ തിരക്കാണെപ്പോഴും. ലക്ഷങ്ങൾ മുടക്കി പള്ളിക്കൽ ജംഗ്ഷനു സമീപം നിർമ്മിച്ച മിനിസിവിൽ സ്റ്റേഷനിൽ ധാരാളം സ്ഥലമുണ്ടെങ്കിലും വി.ഇ ഓഫിസ് അങ്ങോട്ട് മാറ്റി സ്ഥാപിക്കാനുള്ള നടപടികൾ ഒന്നുമായില്ല. സർക്കാർ സംവിധാനങ്ങളെല്ലാം ഒരു കുടക്കീഴിൽ കൊണ്ടുവരാനും പൊതുജനങ്ങളുടെ അലച്ചിൽ ഒഴിവാക്കാനുമാണ് മിനിസിവിൽ സ്റ്റേഷൻ നിർമ്മിച്ചതെങ്കിലും നിലവിൽ കൃഷിഭവൻ മാത്രമാണവിടെ പ്രവർത്തിക്കുന്നത്. എല്ലാ ഓഫീസ് സംവിധാനങ്ങളും ഇവിടേയ്ക്ക് മാറ്റി സ്ഥാപിക്കാനുള്ള സൗകര്യങ്ങളുണ്ടെങ്കിലും നടപ്പാക്കാത്തതിൽ നാട്ടുകാരുടെ പ്രതിഷേധം ശക്തമാണ്. അസൗകര്യങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന വി.ഇ ഓഫീസ് സിവിൽ സ്റ്റേഷനിലേക്ക് മാറ്റണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.