ആർഷഭാരതത്തിന്റെ ആദ്ധ്യാത്മിക വൈശിഷ്ട്യം ലോകത്തിനു മുന്നിൽ പ്രജ്വലിപ്പിച്ച ഊർജസ്വലനും തേജസ്വിയുമായ മഹാത്മാവാണ് സ്വാമി വിവേകാനന്ദൻ. അദ്ദേഹത്തിന്റെ 158- ാം ജന്മതിഥിയാണിന്ന്. 1863 ജനുവരി 12ന് മകര സംക്രമത്തിൽ കൃഷ്ണസപ്തമിതിഥിയിൽ ഉത്തരായനാരംഭത്തിൽ കൊൽക്കത്തയുടെ വടക്ക് സിംലയിലായിരുന്നു ജനനം. കുലീനതയിലും പാണ്ഡിത്യത്തിലും ഈശ്വരഭക്തിയിലും മികവുറ്റ കുടുംബത്തിലാണ് ഭൂജാതനായത്. കൊൽക്കത്ത ഹൈക്കോടതിയിൽ അറ്റോർണി ജനറലായിരുന്ന വിശ്വനാഥദത്തയായിരുന്നു പിതാവ്. അദ്ദേഹം വിശാലഹൃദയനും ഉദാരമതിയുമായിരുന്നു. അമ്മ ഭുവനേശ്വരീദേവിയായിരുന്നു നരേന്ദ്രന്റെ ആദ്യത്തെ ആദ്ധ്യാത്മിക ഗുരു. ധ്യാനവും ലീലയായി ശീലിച്ചിരുന്നു.
യാഥാസ്ഥിതിക ഹിന്ദുമതത്തിലെ പല ആചാരങ്ങളെയും എതിർത്തുകൊണ്ട് രൂപീകൃതമായ ബ്രഹ്മസമാജത്തിൽ നരേനും അംഗമായി. ആദ്ധ്യാത്മികതൃഷ്ണയ്ക്ക് ഉത്തരം കിട്ടാതെ മനസ് അസ്വസ്ഥമായിരുന്ന കാലത്താണ് ശ്രീരാമകൃഷ്ണ പരമഹംസനെ കാണാനിടയായത്. അദ്ദേഹം ത്യാഗിയാണെന്ന് മനസിലാക്കിയ നരേന്ദ്രൻ ഉത്തരം കിട്ടാതെ മനസിനെ മഥിച്ചുകൊണ്ടിരുന്ന, ആ ചോദ്യം അദ്ദേഹത്തോട് ചോദിച്ചു :
''മഹാശയ, അങ്ങ് ഈശ്വരനെ കണ്ടിട്ടുണ്ടോ?"
'' നിന്നെ കാണുന്നതുപോലെ ഞാനദ്ദേഹത്തെ കാണുന്നു; കുറേക്കൂടി തീവ്രമായ ഭാവത്തിലാണെന്നു മാത്രം. നിന്നോട് സംസാരിക്കുന്നതുപോലെ അദ്ദേഹത്തോട് സംസാരിക്കാനാകും." ഈശ്വരനു വേണ്ടി കേണാൽ അദ്ദേഹം പ്രത്യക്ഷമാകുമെന്നും പറഞ്ഞു. നരേന്ദ്രന് വിഗ്രഹാരാധനയിൽ വിശ്വാസമില്ലായിരുന്നു. ഗുരുദേവൻ നരേന്ദ്രനോട് കുടുംബത്തെ ദാരിദ്ര്യത്തിൽ നിന്നും രക്ഷിക്കാൻ ഭവതാരിണി ദേവിയോട് പ്രാർത്ഥിക്കാൻ ഉപദേശിച്ചു. അമ്മയെ അംഗീകരിക്കാത്തതുകൊണ്ടാണ് ഇത്രയും ദുഃഖമനുഭവിക്കുന്നതെന്നും പറഞ്ഞു. അമ്മയെ അറിഞ്ഞുകൂടെന്നും ഗുരു തന്നെ അമ്മയോട് പ്രാർത്ഥിക്കണമെന്നുമായിരുന്നു ശിഷ്യൻ ആവശ്യപ്പെട്ടത്. നരേൻ തന്നെ ദേവീസന്നിധിയിൽ പോയി പ്രാർത്ഥിക്കണമെന്ന് ഗുരു പറഞ്ഞു. അന്നാദ്യമായി ദേവീസന്നിധിയിൽ പോയി നരേൻ മനമുരുകി പ്രാർത്ഥിച്ചു. ജ്ഞാനത്തിനും ഭക്തിക്കും വേണ്ടി, മനമുരുകിയാണ് പ്രാർത്ഥിച്ചത്. മൂന്നുപ്രാവശ്യം പോയി. പക്ഷേ, കുടുംബത്തെക്കുറിച്ച് പ്രാർത്ഥിക്കാനായില്ല. ഇത് ഗുരുവിനെ അറിയിച്ചു. ' ലോകനന്മയ്ക്കു വേണ്ടിയാണ് നിന്റെ ജന്മം; അമ്മയ്ക്കും സഹോദരങ്ങൾക്കും ഭക്ഷണത്തിനും വസ്ത്രത്തിനും മുട്ടുവരില്ലെ" ന്നും ഗുരു ആശ്വസിപ്പിച്ചു.
1885-ാം ആണ്ടിന്റെ മദ്ധ്യത്തിൽ ശ്രീരാമകൃഷ്ണദേവന്റെ കണ്ഠരോഗം അധികരിച്ചു. ശിഷ്യർ കടുത്ത ദുഃഖത്തിലായി.യുവശിഷ്യർ കാശീപുരം ഉദ്യാനഗൃഹത്തിൽ താമസിച്ച് ഗുരുവിനെ ശുശ്രൂഷിച്ചു. നരേന്ദ്രന്റെ വലിയ ആഗ്രഹം സമാധിയിൽ മുഴുകിയിരിക്കാനാണെന്നു മനസിലാക്കിയ ഗുരുദേവൻ 'പടർന്നു പന്തലിച്ച് ആശ്രയം നൽകുന്ന വൻ വൃക്ഷമാകാനാണ് നിന്റെ നിയോഗമെന്ന് " ഓർമ്മിപ്പിച്ചു. പ്രിയ ശിഷ്യനാഗ്രഹിച്ച അപൂർവാനുഭൂതി ഒരിക്കൽ ലഭ്യമാക്കി . അത് തത്കാലം പൂട്ടുകയാണെന്നും താക്കോൽ തന്റെ കൈയിലായിരിക്കുമെന്നും ഗുരു പറഞ്ഞു. 1890 മുതൽ സ്വാമിജി യാത്രകളാരംഭിച്ചു . ആദ്യം കാശി, വൃന്ദാവനം, ബദരി, രാമേശ്വരം തുടങ്ങിയ പുണ്യതീർത്ഥങ്ങൾ സന്ദർശിച്ചു. ഹിമാലയം മുതൽ കന്യാകുമാരി വരെ തീവണ്ടിയിലും കപ്പലിലും കാൽനടയായും യാത്ര ചെയ്തു. കൈയിൽ യാതൊന്നും കരുതിയില്ല. ഗ്രാമങ്ങളിലും പട്ടണങ്ങളിലും ദരിദ്രരുടെയും രാജാക്കന്മാരുടെയും താമസിച്ചു. വൃക്ഷച്ചുവട്ടിൽ അന്തിയുറങ്ങി.പട്ടിണി കിടന്നു.
ജൂലായിൽ സ്വാമിജി അമേരിക്കയിലെത്തി. പിന്നീടുള്ള ദിനങ്ങൾ ദുർഘടം പിടിച്ചതുമായിരുന്നു. സമ്മേളനത്തിനു പ്രവേശിക്കാനുള്ള സാക്ഷ്യപത്രമില്ലായിരുന്നു. വളരെ നേരത്തെ അമേരിക്കയിലെത്തിയതുകൊണ്ട് ബാക്കിയുള്ള ദിവസങ്ങൾ കഴിച്ചുകൂട്ടാൻ പണത്തിന്റെ ദൗർലഭ്യവുമുണ്ടായി. ഈശ്വരാനുഗ്രഹത്താൽ ഹാർവേൾഡ് വിശ്വവിദ്യാലയത്തിലെ ഗ്രീക്ക് സാഹിത്യാദ്ധ്യാപകനായ ജെ.എച്ച്. റൈറ്ററിനെ പരിചയപ്പെട്ടു. അദ്ദേഹമിങ്ങനെ പറഞ്ഞു: 'സ്വാമീ, അങ്ങയോട് പ്രമാണപത്രം ആവശ്യപ്പെടുന്നത് സൂര്യന് പ്രകാശിക്കാനുള്ള അവകാശം ചോദിക്കും പോലെയാണ്. മതമഹാ സമ്മേളനത്തിന്റെ നടത്തിപ്പിലുള്ള റൈറ്ററിന്റെ സഹോദരന് കത്തും സ്വാമിജിയെ ഏല്പിച്ചു. അതിലിങ്ങനെ എഴുതിയിരുന്നു ' നമ്മുടെ വിശ്വവിദ്യാലയത്തിലെ അദ്ധ്യാപകരെയെല്ലാം കൂടിച്ചേർത്താലും അതിലധികം വിദ്വത്തമുള്ള പുരുഷശ്രേഷ്ഠനെയാണ് പരിചയപ്പെടുത്തുന്നത്.
സെപ്തംബർ 11ന് ആർട്ട് പാലസിൽ നടന്ന സമ്മേളനത്തിൽ തേജസ്വിയായ വിവേകാനന്ദ സ്വാമികൾ സദസിനെ 'അമേരിക്കയിലെ സഹോദരീ സഹോദരന്മാരെ" എന്ന് അഭിസംബോധനം ചെയ്തു. ഏഴായിരം പേരുള്ള സദസ് കരഘോഷം മുഴക്കി.
1902 ജൂലായ് നാല്. മഹാസമാധി ദിനം. അന്നും സ്വാമിജി ബ്രഹ്മചാരികൾക്ക് മൂന്ന് മണിക്കൂർ സംസ്കൃത ക്ളാസെടുത്തു. പ്രേമാനന്ദസ്വാമികളുമൊത്ത് നടക്കാൻ പോയപ്പോൾ ഒരു വൈദിക കലാശാല സ്ഥാപിക്കാനുള്ള ആശയം പ്രകടിപ്പിച്ചു. ഉദ്ദേശ്യത്തെക്കുറിച്ച് പ്രേമാനനന്ദ സ്വാമി ആരാഞ്ഞപ്പോൾ ''അത് അന്ധവിശ്വാസങ്ങളെ ഉന്മൂലനം ചെയ്യും "എന്നായിരുന്നു സ്വാമിജിയുടെ മറുപടി.