p

കടയ്ക്കാവൂർ: കടയ്ക്കാവൂർ പഞ്ചായത്തിന്റെ ഹൃദയഭാഗത്തായിട്ടാണ് സർക്കാർ ഹോമിയോ ഡിസ്പൻസറി സ്ഥിതി ചെയ്യുന്നത്. എല്ലാപേർക്കും സൗകര്യപ്രദമായ സ്ഥലമായ ചെക്കാലവിളാകം ജംഗ്ഷനിലുള്ള കടയ്ക്കാവൂർ മാർക്കറ്റിന്റെ പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ളക്സിന്റെ രണ്ടാം നിലയിലാണ് ഡിസ്പൻസറി പ്രവർത്തിക്കുന്നത്.

ഇത് കിടത്തി ചികിത്സയുള്ള ഒരു ഹോമിയോ ആശുപത്രിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഡിസ്പൻസറി കോമ്പൗണ്ടിൽ തന്നെയാണ് കടയ്ക്കാവൂർ പഞ്ചായത്തിലെ പ്രധാന പൊതുമാർക്കറ്റും പ്രവർത്തിക്കുന്നത്. മാർക്കറ്റിന്റെ ഒരുഭാഗത്ത് വർഷങ്ങളായി തള്ളിയിരിക്കുന്ന മാലിന്യങ്ങൾ അഴുകി ഇൗച്ചയും പുഴുവും കൂത്താടികളും അരിച്ച് കുന്നുകൂടി കിടക്കുന്നു. ഇവയിൽനിന്ന് ഉണ്ടാകുന്ന രൂക്ഷമായ ദുർഗന്ധം ചന്തയിലും ഡിസ്പൻസറിയിലും എത്തുന്നവർക്ക് അസഹനിയമാണ്. ചന്തക്കുള്ളിലെ പാെതുശൗചാലയത്തിന് അടുത്തായിട്ടാണ് മാലിന്യങ്ങൾ കൂട്ടിയിട്ടിരിക്കുന്നത്. കച്ചവടക്കാർക്കും രോഗികൾക്കും സാധനങ്ങൾ വാങ്ങാനെത്തുന്നവർക്കും ഇൗ മാലിന്യകൂമ്പാരത്തിൽ ചവിട്ടിവേണം ശൗചാലയത്തിലേക്ക് പോകാൻ.

ചന്തയ്ക്ക് അകത്ത് വില്പന സാധനങ്ങൾ പലതും തറയിൽ വിരിപ്പ് വിരിച്ചാണ് നിരത്തിയിരിക്കുന്നത്. മാലിന്യ കൂമ്പാരത്തിൽ നിന്നും വരുന്ന രോഗാണുക്കൾ ആഹാരസാധനങ്ങളിൽ പറ്റിയും ചന്തയിലും ആശുപത്രിയിലും വരുന്നവർക്ക് രോഗങ്ങൾ പകരാനുള്ള സാദ്ധ്യത കൂടുതലാണെന്നാണ് നാട്ടുകാർ പറയുന്നത്.

ചന്തയ്ക്കകത്ത് വാഹനങ്ങൾ കയറ്റാൻ പാടില്ലെന്ന് പഞ്ചായത്ത് ബോർഡ് വച്ചിട്ടുണ്ട് പഞ്ചായത്തിന്റെ വിലക്കിന് പുല്ലു വില കൽപ്പിച്ചാണ് വാഹനങ്ങൾ കയറ്റുന്നത്. ഇൗ വാഹനങ്ങൾ തട്ടി പലർക്കും പരിക്കുകൾ പറ്റുന്നുണ്ട്. ചന്തയ്ക്കകത്ത് വാഹനങ്ങൾ കയറ്റരുതെന്ന നിയമം കർശനമാക്കണമെന്നാണ് നാട്ടുകാർ പറയുന്നത്. ചന്തയുടെ മുൻവശം പൊതുറോഡിന് ഇരുവശവും അനവധി വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് നിത്യസംഭവമാണ്. ഇതുമൂലം ഇരുദിശകളിൽ നിന്നും വരുന്ന വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാതെ ബുദ്ധിമുട്ടുന്നുണ്ട് ഇത് കാരണം യാത്രക്കാർക്ക് വിശേഷിച്ച് വിദ്യാർത്ഥികൾക്ക് യഥാസമയം ലക്ഷ്യസ്ഥാനത്ത് എത്താൻ കഴിയുന്നില്ല. അടിയന്തരമായി ഇതിന് പരിഹാരം കാണണമെന്നതാണ് നാട്ടുകാരു‌ടെ ആവശ്യം.