തിരുവനന്തപുരം:എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഓരോ വാർഡ് കൂട്ടാനുള്ള ഓർഡിനൻസ് ഒപ്പിടാതെയും തിരിച്ചയയ്‌ക്കാതെയും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇടഞ്ഞെങ്കിലും, വാർഡ് വിഭജന നീക്കവുമായി സർക്കാർ മുന്നോട്ട് പോവുകയാണ്. 31ന് ആരംഭിക്കുന്ന നിയമസഭയുടെ ബഡ്ജറ്റ് സമ്മേളനത്തിൽ ബിൽ പാസാക്കാനാണ് ആലോചന. ഗവർണർ ഉടക്കിട്ട സാഹചര്യത്തിൽ ബിൽ പാസാക്കുന്നതാവും അഭികാമ്യമെന്ന് അഡ്വക്കേറ്റ് ജനറൽ സർക്കാരിന് നിയമോപദേശം നൽകിയിട്ടുണ്ട്.
എന്നാൽ നിയമസഭ ബിൽ പാസാക്കിയാലും ഗവർണർ ഒപ്പുവച്ചാലേ നിയമമാകൂ. ഗവർണർക്ക് ഒപ്പിടൽ വൈകിക്കാം. ഒപ്പിടാതിരിക്കുന്നത് ഗവർണറുടെ അധികാര പരിധി കടന്നുള്ള നീക്കമാകുമെന്ന വിലയിരുത്തലുണ്ട്. ഒാർഡിനൻസിന് പകരം നിയമസഭയിൽ ബില്ല് പാസാക്കിയാൽ പോരേയെന്ന് കഴിഞ്ഞ ദിവസം തദ്ദേശമന്ത്രി എ.സി. മൊയ്തീനോട് ഗവർണർ ചോദിച്ച സ്ഥിതിക്ക് അദ്ദേഹം ഒപ്പിടാതിരിക്കില്ലെന്നും ചൂണ്ടിക്കാട്ടുന്നു.
ജനസംഖ്യാവർദ്ധനവിന് ആനുപാതികമായി തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ എണ്ണം കൂട്ടാനാണ് ഒാർഡിനൻസ് എന്നാണ് സർക്കാരിന്റെ വിശദീകരണം.
വാർഡ് വിഭജനം നടന്നില്ലെങ്കിൽ
വാർഡ് വിഭജനം ഉടൻ നടത്തിയില്ലെങ്കിലും തദ്ദേശ തിരഞ്ഞെടുപ്പ് നടത്താൻ തടസമില്ല. സർക്കാർ എന്ത് തീരുമാനിച്ചാലും തിരഞ്ഞെടുപ്പ് നടത്താൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനും ബാദ്ധ്യസ്ഥമാണ്.
വാർഡ് വിഭജനം 2001 സെൻസസ് പ്രകാരം
മുൻ സർക്കാർ പുതിയ മുനിസിപ്പാലിറ്റികൾ രൂപീകരിച്ചപ്പോൾ 1200 തദ്ദേശ സ്ഥാപനങ്ങളിൽ 82 എണ്ണത്തിൽ മാത്രമാണ് 2011ലെ സെൻസസിന്റെ അടിസ്ഥാനത്തിൽ വാർഡുകൾ വിഭജിച്ചത്. ബാക്കി 1118ലും 2001ലെ സെൻസസ് പ്രകാരമായിരുന്നു വാർഡ് വിഭജനം.കോടതിയിലെ കേസ് കാരണമാണ് 2011ൽ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും വിഭജനം പൂർത്തിയാകാതിരുന്നത്. രണ്ട് തരം വാർഡ് വിഭജനം ഒഴിവാക്കി എല്ലാം ഒരേ തരത്തിലാക്കാനാണ് ഓർഡിനൻസ് എന്നാണ് സർക്കാരിന്റെ വാദം.
ചെന്നിത്തലയുടെ കത്തും സർക്കാർ നിലപാടും
പുതിയ സെൻസസിന് ഒരു വർഷം മുമ്പ് പ്രാദേശികഘടന മാറ്റരുതെന്ന 1948ലെ കേന്ദ്രനിയമത്തെ മറികടക്കാനാണ് സർക്കാർ ശ്രമമെന്നും, അതിനാൽ ഒാർഡിനൻസിൽ ഒപ്പുവയ്ക്കരുതെന്നുമാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഗവർണറോട് ആവശ്യപ്പെട്ടത്. ജില്ലകളുടെയോ ഗ്രാമ, ടൗൺ പഞ്ചായത്തുകളുടെയോ അതിർത്തി മാറരുതെന്നേ കേന്ദ്രനിയമത്തിൽ പറയുന്നുള്ളൂവെന്നും , ഒാർഡിനൻസിലൂടെ വാർഡുകളുടെ എണ്ണം കൂട്ടുക മാത്രമാണ് ചെയ്യുന്നതെന്നുമാണ് സർക്കാർ പറയുന്നത്.
തദ്ദേശ മന്ത്രിയോട് ഗവർണറുടെ ചോദ്യം
തദ്ദേശ മന്ത്രി എ.സി.മൊയ്തീനോട് ഗവർണർ ചോദിച്ച സംശയങ്ങളിലൊന്ന് പത്ത് വർഷത്തേക്കുള്ള സെൻസസിനിടെ രണ്ട് തവണ വാർഡ് വിഭജനം ആകാമോ എന്നാണ്. എത്ര തവണ ആകാമെന്നൊന്നും നിയമത്തിൽ പറയുന്നില്ലെന്നും സെൻസസിന് ഒരു വർഷം മുമ്പ് അതിർത്തി മാറ്റരുതെന്നേ നിയമത്തിൽ പറയുന്നുള്ളൂവെന്നും മന്ത്രി വിശദീകരിച്ചു.