ktr

കാട്ടാക്കട:കോട്ടൂർ കാപ്പുകാട് ആന പരിപാലന കേന്ദ്രം അന്താരാഷ്ട്ര നിലവാരത്തിലേക്ക്. അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായുള്ള വിവിധ പദ്ധതികളുടെ നിർമ്മാണം കാപ്പുകാട്ട് പുരോഗമിക്കുന്നു.ആദ്യഘട്ടത്തിൽ നിർമ്മാണത്തിനാവശ്യമായ വന പ്രദേശത്ത് മരങ്ങൾ മുറിച്ചുമാറ്റിയും മണ്ണിട്ട് നികത്തലും തകൃതിയായി നടക്കുകയാണ്.

ഇതു കഴിഞ്ഞാലുടൻ വിവിധ കെട്ടിടങ്ങളുടെ നിർമ്മാണം നടക്കും.പദ്ധതി നടത്തിപ്പ് ഹൗസിംഗ് ബോർഡിനാണ്. പദ്ധതി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി പ്രത്യേക ഓഫീസ് വനം വകുപ്പിന്റെ നേതൃത്വത്തിൽ കാപ്പുകാട് ആരംഭിച്ചിട്ടുണ്ട്. നിർമ്മാണങ്ങളുടെ പുരോഗതി വിലയിരുത്താൻ വനം വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിയുടെ ചേമ്പറിൽ ഉന്നതതല യോഗം ചേർന്നിരുന്നു. അതിന്റെ തുടർച്ചയായായി കാപ്പുകാടും കെ.എസ്.ശബരീനാഥൻ എം.എൽ.എ യുടെ നേതൃത്വത്തിൽ ബന്ധപ്പെട്ടവരുടെ യോഗം ചേർന്നു.പദ്ധതിയുടെ സ്പെഷ്യൽ ഓഫീസർ സി.ജെ.വർഗീസ്,അസി. കൺസർവേറ്റർ ഒഫ് ഫോറസ്റ്റ് സജു.എസ്.നായർ,ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ജി.മണികണ്ഠൻ,അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ നാസറുദ്ദീൻ തുടങ്ങിയവർ പങ്കെടുത്തു.

രണ്ടാം ഘട്ടം

36.08 കോടി രൂപയുടെ പദ്ധതി

 പ്രധാന റോഡായ കോട്ടൂർ മുതൽ കാപ്പുകാട് വരെയുള്ള 2 കിലോമീറ്റർ ആധുനിക നിലവാരത്തിൽ നവീകരിക്കും

വെറ്ററിനറി ഹോസ്പിറ്റൽ

ആനക്കൊട്ടിൽ നിർമ്മാണം

മറ്റു വിവിധ പദ്ധതികൾ

റോഡ് നവീകരിക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിക്കടക്കം നിവേദനം നൽകിയിരുന്നു. മന്ത്രി അനുകൂല തീരുമാനം നൽകിയിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ രണ്ടാം ഘട്ട നിർമ്മാണത്തിൽ റോഡ് കൂടി ഉൾപ്പെടുത്താൻ കഴിയും.... ---ശബരീനാഥൻ എം.എൽ.എ


പദ്ധതിച്ചെലവ്......108 കോടി

 ഘട്ടങ്ങൾ...2

ഒന്നാം ഘട്ടം

 71.92 കോടിയുടെ പദ്ധതി

15 ആനക്കൊട്ടിലുകൾ നിർമ്മിക്കും.

കുഞ്ഞ് ആനകൾ മുതൽ വന മേഖലകളിൽ അപകടകാരികളായി നിൽക്കുന്ന ആനകളെ വരെ പരിപാലിക്കാനും പരിചരിക്കാനുമുള്ള സംവിധാനം.

 ആന മ്യൂസിയം  അഡ്മിനിസ്ട്രേഷൻ ഓഫീസ്  റിസർച്ച്‌ ട്രെയിനിംഗ് സെന്റർ ഹോസ്റ്റൽ - ക്വാർട്ടേഴ്സ് എന്നിവ നിർമ്മിക്കും.

2ചെക്ക് ഡാമുകൾ നിർമ്മിക്കും.

എങ്ങനെ എത്താം

തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്ന് 35 കിലോമീറ്ററാണ് കോട്ടൂരേക്കുള്ള ദൂരം. തിരുവനന്തപുരം നഗരത്തിൽ നിന്ന് 30 കിലോമീറ്റർ മാറി മലയിൻ കീഴ് -കാട്ടാക്കട റൂട്ടിൽ യാത്രാ ചെയ്താൽ കോട്ടൂരിലെത്താം. (തിരുവനന്തപുരത്തുനിന്നും കോട്ടൂർ ബസ് ലഭിക്കും. അല്ലെങ്കിൽ കാട്ടാക്കടയിൽ നിന്ന് കോട്ടൂർ ബസിൽ കയറിയാലും മതി)

ബോട്ടിംഗ്

ചങ്ങാടത്തിൽ അഗസ്ത്യമലകളുടെ ഭംഗിയാസ്വദിച്ച് നെയ്യാറിലൂടെ ഉള്ള ജലയാത്ര ആരെയും അതിശയിപ്പിക്കുന്നതാണ്‌. മുളം ചങ്ങാടം,​ കുട്ടവഞ്ചി പെഡൽ ബോട്ട് തുടങ്ങിയ ബോട്ടുകളാണ് ഇതിനായി സജ്ജീകരിച്ചിരിക്കുന്നത്. ഇതോടൊപ്പം മരം കൊണ്ട് നിർമ്മിച്ച വീട്ടിൽ ഒരു രാത്രി താമസിക്കാനുള്ള അവസരവും ഇവിടെ ഒരുക്കുന്നുണ്ട്. ഉച്ചയ്ക്ക് 12 മണി മുതൽ പിറ്റേന്ന് ഉച്ചയ്ക്ക് 12 വരെയുള്ള താമസത്തിന് 2000 രൂപയാണ് ചാർജ്ജ്. ആദിവാസികളായ കാണിക്കാർക്ക് തങ്ങാനും മറ്റുമായി നിർമ്മിച്ച തടി വീടുകളാണ് ഇവ. നെയ്യാറിന്റെ തീരത്ത് നിർമ്മിച്ച ഈ ലോഗ് ഹൗസുകൾ സഞ്ചാരികളുടെ മുഖ്യ ആകർഷണങ്ങളിലൊന്നാണ്. മുളം കമ്പുകൾ കൊണ്ടാണ് ഇവ നിർമ്മിച്ചിരിക്കുന്നത്. ഇതിനുള്ളിലിരുന്നാൽ ജലസംഭരണിയും ആനകളെ കുളിപ്പിക്കുന്നതും കാണാം.