fastag

പുതിയ ഏത് പരിഷ്കാരത്തെയും കൈനീട്ടി സ്വീകരിക്കാൻ പൊതുവേ ആളുകൾക്ക് മടിയാണ്. ദേശീയപാതകളിലെ ടോൾ പ്ളാസകളിലെ തിരക്ക് കുറയ്ക്കാനും സുഗമമായ യാത്ര ഉറപ്പുവരുത്താനും വേണ്ടി ആവിഷ്കരിച്ച ഫാസ്ടാഗ് സമ്പ്രദായത്തിലും ഇതേ മനോഭാവമാണ് കാണുന്നത്. പണം മുൻകൂർ അടച്ച് ടാഗ് വാഹനത്തിൽ പതിച്ചാൽ ടോൾ പ്ളാസകളിൽ വാഹനം നിറുത്തി സമയം കളയേണ്ട കാര്യമില്ല. ടോൾ തുക ഫാസ്ടാഗ് അക്കൗണ്ടിൽ നിന്ന് സ്വയമേവ കുറവ് ചെയ്തുകൊണ്ടിരിക്കും. രാജ്യത്തൊട്ടാകെയുള്ള ടോൾ പ്ളാസകളിൽ ഫാസ്ടാഗ് പരിഷ്കാരം ഡിസംബർ ഒന്നു മുതൽ നിലവിൽ വരേണ്ടതായിരുന്നു. എന്നാൽ പുതിയ ഏർപ്പാടിനോട് വാഹന ഉടമകൾ വലിയ പ്രതിപത്തി കാണിക്കാൻ മടിച്ചു. തുടർന്ന് ഫാസ്ടാഗ് നടപ്പാക്കാനുള്ള തീയതി രണ്ടുവട്ടം പുതുക്കി നിശ്ചയിക്കേണ്ടിവന്നു. ഏറ്റവും ഒടുവിൽ ജനുവരി 15ന് പരിഷ്കാരം നടപ്പാക്കാനാണ് തീരുമാനിച്ചത്. അപ്പോഴും പ്രശ്നം ബാക്കിയായി.

ടോൾ പ്ളാസകൾ വഴി പതിവായിപ്പോകുന്ന മുപ്പതോ മുപ്പത്തഞ്ചോ ശതമാനം വാഹനങ്ങൾ മാത്രമേ ഫാസ്ടാഗ് സംവിധാനത്തിൽ ഉൾപ്പെട്ടിരുന്നുള്ളൂ. വലിയ ടോൾ പ്ളാസകളിൽ അങ്ങോട്ടുമിങ്ങോട്ടും ഒാരോ ട്രാക്ക് മാത്രമേ ടാഗില്ലാത്ത വാഹനങ്ങൾക്കായി മാറ്റിവച്ചിരുന്നുള്ളൂ. സ്വാഭാവികമായും ഇത്തരം ട്രാക്കിൽ ബുധനാഴ്ച മുഴുവൻ സമയവും വാഹനങ്ങളുടെ അവസാനിക്കാത്ത നിരയാണ് രൂപപ്പെട്ടത്. ചില പ്ളാസകളിൽ മണിക്കൂറുകളോളമെടുത്തു വാഹനങ്ങൾ കടന്നുപോകാൻ. വഴക്കും വക്കാണവുമൊക്കെ നടന്നു. വിജ്ഞാപനം ശ്രദ്ധിച്ച് ഫാസ്ടാഗ് അക്കൗണ്ട് എടുക്കാൻ ഉത്സാഹം കാണിച്ചിരുന്നെങ്കിൽ ഇൗ ഗതി വരുമായിരുന്നില്ല എന്ന് പലർക്കും ബോദ്ധ്യമായത് ടോൾ ഫ്ളാസകളിൽ ദീർഘനേരം ഉൗഴം കാത്തുകിടക്കേണ്ടിവന്നപ്പോഴാണ്.

ദേശീയപാത അതോറിട്ടിയും പൊതുമേഖലാ ബാങ്കുകളും മാദ്ധ്യമങ്ങളുമൊക്കെ ഫാസ്ടാഗ് പരിഷ്കാരത്തെക്കുറിച്ച് ആഴ്ചകളായി പ്രചാരണം നടത്തി വരികയായിരുന്നു. ടാഗ് പ്രദർശിപ്പിക്കാത്ത വാഹനങ്ങൾക്ക് ടോൾ പ്ളാസകളിൽ നേരിടാനിടയുള്ള ബുദ്ധിമുട്ടുകളെക്കുറിച്ച് മുന്നറിയിപ്പും നൽകിയിരുന്നു. വാഹന ഉടമകളിൽ ഭൂരിപക്ഷവും അത് ശ്രദ്ധിക്കുകയോ വേണ്ട നടപടി എടുക്കുകയോ ചെയ്തില്ലെന്നതിനു തെളിവാണ് ബുധനാഴ്ച അനുഭവപ്പെട്ട തിരക്ക്. ഏതായാലും പ്രശ്നത്തിന്റെ ഗൗരവം ഉൾക്കൊണ്ട് രാജ്യത്തെ ഏറ്റവും തിരക്കേറിയ 65 ടോൾ പ്ളാസകളിലെ നാലിലൊരുഭാഗം ട്രാക്കുകളിൽ ഒരുമാസത്തേക്കുകൂടി രൊക്കം പണം സ്വീകരിച്ച് വാഹനങ്ങൾ കടത്തിവിടാനുള്ള തീരുമാനമായിട്ടുണ്ട്. ഇതിൽ കേരളത്തിലെ അരൂർ-കുമ്പളം, പാലിയേക്കര എന്നീ രണ്ട് പ്ളാസകളും ഉൾപ്പെടുന്നു.

പുതിയ മാറ്റങ്ങളോട് പൊരുത്തപ്പെടാൻ ഇന്ത്യപോലൊരു രാജ്യത്ത് ജനങ്ങൾക്ക് കൂടുതൽ സമയം ആവശ്യമാണ്. എത്രയധികം പ്രചാരണം നടത്തിയാലും വരട്ടെ, സാവകാശമാകാം എന്നു കരുതുന്നവരാണ് അധികവും. ഫാസ്ടാഗിന്റെ കാര്യത്തിൽ മാത്രമല്ല നിത്യജീവിതവുമായി ബന്ധപ്പെട്ട സുപ്രധാന കാര്യങ്ങളിൽപോലും സാധാരണക്കാരുടെ മനസ്ഥിതി ഇതാണ്. ആധാർ കാർഡിനായുള്ള എൻറോൾമെന്റ് തുടങ്ങിയ നാളുകളിൽ എന്തെല്ലാം പുകിലുകളായിരുന്നു . ഒടുവിൽ സർക്കാരിന്റെ വിവിധ ആനുകൂല്യങ്ങൾ ലഭിക്കാൻ ആധാർ വേണ്ടിവരുമെന്ന വ്യവസ്ഥ കർക്കശമാകാൻ തുടങ്ങിയപ്പോഴാണ് സ്വമേധയാ ആളുകൾ കാർഡ് എടുക്കാൻ മുന്നോട്ടുവന്നത്. രാജ്യത്തെ 135 കോടി ജനങ്ങളിൽ 99 ശതമാനവും കാർഡ് എടുത്തുകഴിഞ്ഞുവെന്നാണ് പുതിയ വിവരം. ഇതുപോലെ റേഷൻ കാർഡും മൊബൈലുമൊക്കെ ആധാറുമായി ബന്ധപ്പെടുത്തുന്ന വിഷയം വന്നപ്പോഴും കാര്യങ്ങൾ ഇങ്ങനെയൊക്കെയായിരുന്നു. ആവശ്യം ബോദ്ധ്യമാകുമ്പോഴേ പലരും പുതിയ നിബന്ധനകൾ സ്വീകരിക്കാൻ തയ്യാറാവൂ.

ഫാസ്ടാഗ് നിബന്ധനയിൽ ഒരുമാസത്തേക്കുകൂടി ഇളവ് അനുവദിച്ചിട്ടുണ്ടെങ്കിലും എല്ലാവാഹന ഉടമകളും സമയപരിധിക്കുള്ളിൽ ടാഗ് എടുക്കണമെന്നില്ല. നടപടിക്രമങ്ങൾ അങ്ങേയറ്റം ലഘുവാണെന്ന് അധികൃതർ അവകാശപ്പെടുന്നുണ്ട്.എന്നാൽ അത് ലഭ്യമാക്കാനുള്ള കേന്ദ്രങ്ങൾ കൈയെത്തും ദൂരത്തിലുണ്ടെങ്കിൽ സംഗതി വളരെ എളുപ്പമാകും. ഇതിനാവശ്യമായ ക്രമീകരണങ്ങൾ അനായാസം ഏർപ്പെടുത്താവുന്നതേയുള്ളൂ. ഹൈവേകളിൽ ഒന്നോ രണ്ടോ മാസം പ്രവർത്തിക്കുന്ന പ്രത്യേക കിയോസ്കുകൾ സ്ഥാപിക്കാവുന്നതാണ്. ഹൈവേകളിലെ പെട്രോൾ ബങ്കുകൾ ഏറ്റവും അനുയോജ്യമായ സേവനകേന്ദ്രങ്ങളാക്കാവുന്നതാണ്. ടോൾ പ്ളാസകളിലും ഇതിനുള്ള സൗകര്യമുണ്ടാകണം. പുതിയ പാലങ്ങൾക്കും റോഡുകൾക്കും മുടക്കുന്ന പണം തിരികെ ഇൗടാക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിവച്ച ടോൾ സമ്പ്രദായം വലിയ വരുമാനമാർഗമാണിന്ന്. വികസനത്തിന്റെ പേരിൽ ദുർവഹമായ ഭാരം താങ്ങേണ്ടിവരുന്നതിൽ വാഹന യാത്രക്കാരാണ് എപ്പോഴും മുന്നിൽ. ഫാസ്ടാഗ് എടുക്കാൻ വൈകിയതിന്റെ പേരിൽ ടോൾ ബൂത്തുകളിൽ അവരെ മണിക്കൂറുകളോളം ബന്ദികളാക്കുന്നതിന് ഒരു നീതീകരണവുമില്ല.