ആര്യനാട്: ആര്യനാട് കൊക്കോട്ടേല അണിയിലകടവ് പാലത്തിന് സമീപം മാലിന്യ നിക്ഷേപം. കുറ്റിച്ചൽ -ആര്യനാട് പഞ്ചായത്ത് കളുടെ അതിർത്തി പ്രദേശമായ അണിയിലകടവ് പാലത്തിന് സമീപം മാലിന്യ നിക്ഷേപം നടത്തുന്നത്. അറവ് ശാലയിലെ മാലിന്യങ്ങളും ഹോട്ടൽ വേസ്റ്റുകളും നിക്ഷേപിക്കുന്നത് നിത്യസംഭവമായിരിക്കുന്നു. വിജനമായ ഈ പ്രദേശത്ത് പുതിയ പാലത്തിനോട് ചേർന്ന് കാടുള്ളതിനാൽ ഇവിടെ രാത്രികാലങ്ങളിൽ വിദൂര സ്ഥലങ്ങളിൽ നിന്നും വാഹനങ്ങളിലാണ് ഇത്തരം വേസ്റ്റ് കൊണ്ടിടുന്നത്.
അഴുകിയ ഇറച്ചി വേസ്റ്റും എല്ലിൻ കഷണങ്ങളും തെരുവ് നായ്ക്കൾ പ്രധാന റോഡിൽ കൊണ്ടിടുകയാണ്. ഇതു കാരണം ഇരുചക്രവാഹനങ്ങൾ അപകടത്തിലാകുന്നത് നിത്യസംഭവമാണ്. പകൽ സമയങ്ങളിൽ തെരുവ് നായ്ക്കൾ കൂട്ടം കൂടി കടിപിടികൂടുന്നത് കാരണം വിദ്യാർത്ഥികൾക്ക് സ്കൂളിൽ പോകാൻ ഭയമാണ്.
ഇറച്ചി മാലിന്യങ്ങൾ കാക്കകൾ കൊത്തിവലിച്ച് സമീപത്തെ കുടിവെള്ള കിണറുകളിലും കരമനയാറ്റിലും കൊണ്ടിടാറുണ്ട്. അണിയിലകടവിലെ പഴയ കമ്പി പാലത്തിനടിയിലൂടെ ചാക്കിൽ കെട്ടിയ ഇറച്ചി വേസ്റ്റ് ഇടുന്നത്. ദിവസങ്ങൾ കഴിഞ്ഞ് അഴുകി കരമനയാറ്റിലേക്കെത്തുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ആര്യനാട്-കുറ്റിച്ചൽ ഗ്രാമപഞ്ചായത്തുകൾ അടിയന്തിരമായി പാലത്തിന് സമീപം നിരീക്ഷണ ക്യാമറയും മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. വിജനമായ ഇവിടെ രാത്രി കാലങ്ങളിൽ സാമൂഹ്യ വിരുദ്ധരുടെ ശല്യവും കൂടുതലാണ്. രാത്രി കാലങ്ങളിൽ പൊലീസ് പട്രോളിംഗ് ശക്തമാക്കണമെന്നും സമീപവാസികൾ ആവശ്യപ്പെടുന്നു.