
ബാലരാമപുരം: പള്ളിച്ചൽ പഞ്ചായത്തിലെ താന്നിവിള –പനയത്തേരി റോഡ് യാത്രികർക്ക് വെല്ലുവിളിയാകുന്നു. കുണ്ടും കുഴിയും നിറഞ്ഞ റോഡിൽ നരകയാത്ര തുടങ്ങിയിട്ട് രണ്ട് വർഷമായെന്ന് നാട്ടുകാരുടെ പരാതി. സ്കൂൾ ബസും ടെമ്പോ, ആട്ടോറിക്ഷ, ടാക്സി ഉൾപ്പെടെ നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. റോഡ് പൊട്ടിപ്പൊളിഞ്ഞതോടെ സ്കൂൾ ബസുകൾ ഇതുവഴിയുള്ള യാത്ര നിറുത്തി.റോഡിന്റെ നവീകരണത്തിന് ജില്ലാ പഞ്ചായത്ത് മെമ്പർ ലതകുമാരിയുടെ വാർഷിക ഫണ്ടിൽ നിന്നും 10 ലക്ഷം രൂപയും പള്ളിച്ചൽ പഞ്ചായത്ത് രണ്ട് ലക്ഷം രൂപയും നേരത്തെ അനുവദിച്ചിരുന്നു. റോഡിലെ ടാർ പൂർണമായും ഒലിച്ചുപോയ നിലയിലാണ്. ക്വാറി വേസ്റ്റ് നിരത്തി റോഡിലെ കുഴികൾ നികത്തിയെങ്കിലും ഉയർന്നും താഴ്ന്നും ഇരുചക്രവാഹനങ്ങൾക്ക് പോലും കടന്നുപോകാൻ കഴിയാത്ത സ്ഥിതിയാണ്. താന്നിവിള പനയത്തേരി ഭാഗത്ത് ഓടനവീകരണത്തിനാണ് 10 ലക്ഷം രൂപ അനുവദിച്ചത്. രണ്ട് ലക്ഷം രൂപ ചെലവിട്ട് കുഴികൾ രൂപപ്പെട്ട ഭാഗം ഇന്റെർലോക്ക് ചെയ്ത് ഗതാഗതയോഗ്യമാക്കാനാണ് പഞ്ചായത്ത് പദ്ധതിയിട്ടിരിക്കുന്നത്. ഓടനവീകരണത്തിന് കരാറുകാരന് വർക്ക് കൈമാറി എഗ്രിമെന്റ് ആയെങ്കിലും നവീകരണ ജോലികൾ ഇതുവരെയും ആരംഭിച്ചിട്ടില്ല. ഓടനവീകരണം കഴിഞ്ഞ് മാത്രമേ ഇന്റർലോക്ക് സ്ഥാപിക്കുകയുള്ളൂവെന്നാണ് പഞ്ചായത്ത് അറിയിച്ചിരിക്കുന്നത്. റോഡിന്റെയും ഓടയുടേയും പുന:രുദ്ധാരണജോലികൾ അടിയന്തരമായി നീളുന്നതിനാൽ നാട്ടുകാരും പ്രതിഷേധത്തിലാണ്.
കരമന-കളിയിക്കാവിള ദേശീയപാതയിൽ മുടവൂർപ്പാറ ഭാഗത്തെ തിരക്ക് വർദ്ധിക്കുന്ന സാഹചര്യങ്ങളിൽ കുരുക്കിൽ നിന്ന് രക്ഷനേടാൻ താന്നിവിള –പനയത്തേരി റോഡാണ് വാഹനയാത്രികർക്ക് ഉപയോഗിക്കുന്നത്.തിരുവനന്തപുരം ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾക്ക് ബാലരാമപുരം, എരത്താവൂർ, നെയ്യാറ്റിൻകര, വിഴിഞ്ഞം ഭാഗത്തേക്ക് പനയത്തേരി ഉപറോഡ് വഴിയും എളുപ്പത്തിൽ കടന്നുപോകാൻ സാധിക്കും. ബാലരാമപുരം മുടവൂർപ്പാറ ഭാഗത്തെ ഗതാഗതപ്രതിസന്ധി വാഹനയാത്രികർക്ക് വീണ്ടും തലവേദനയായിമാറിയിരിക്കുകയാണ്.
താന്നിവിള –പനയത്തേരി റോഡിൽ ജില്ലാ പഞ്ചായത്ത് ഫണ്ടായ 10 ലക്ഷം രൂപ വിനിയോഗിച്ച് ഓടയുടെ നിർമ്മാണം പൂർത്തിയായാൽ ഇന്റർലോക്ക് പാകാൻ നടപടി സ്വീകരിക്കും. റോഡിന്റെ ശോച്യാവസ്ഥ സംബന്ധിച്ച് പരാതികൾ നിരവധിയാണ്.