secretariat
secretariat

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലെ വാർഡ് പുനർവിഭജനം പൂർത്തിയാക്കാൻ അഞ്ച് മാസമെങ്കിലുമെടുക്കും. ഒരു വാർഡാണ് കൂട്ടുന്നതെങ്കിലും എല്ലാ വാർഡുകളുടെയും നിലവിലെ അതിർത്തി മാറേണ്ടി വരും.

വാർഡ് പുനർവിഭജനത്തിന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണറെ ചെയർമാനാക്കി സർക്കാർ ഡിലിമിറ്റേഷൻ കമ്മിഷനെ നിയോഗിച്ചിട്ടുണ്ട്. ആക്ഷേപം സ്വീകരിക്കാൻ സമയം നൽകുകയും എല്ലാ ജില്ലയിലും സിറ്റിംഗ് നടത്തുകയും വേണം. ഓർഡിനൻസിന്മേൽ ഗവർണർ തീരുമാനം വൈകിക്കുമ്പോൾ, സർക്കാരിനെ പ്രതിസന്ധിയിലാക്കുന്നത്

ഇതാണ്.

സെൻസസിന് ഒരു വർഷം മുമ്പ് വാർഡ് പുനർവിഭജനം നടത്തുന്നത് സെൻസസിനെ ബാധിക്കുമെന്ന കേന്ദ്രനിയമം ചൂണ്ടിക്കാട്ടി സെൻസസ് ഡയറക്ടർ സർക്കാരിന് കത്ത് നൽകിയിട്ടുണ്ട്. ഇത് കണക്കിലെടുത്താണ് ഡിസംബർ 26ന് ചേർന്ന മന്ത്രിസഭായോഗം തിരക്കിട്ട് ഓർഡിനൻസ് തയ്യാറാക്കിയതെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. ഒാർഡിനൻസ് 28ന് ഗവർണർക്ക് കൈമാറി. എസ്.സി-എസ്.ടി സംവരണ പ്രാതിനിദ്ധ്യം സംബന്ധിച്ച പാർലമെന്റ് പാസ്സാക്കിയ നിയമഭേദഗതി അംഗീകരിക്കുന്നതിന് 31ന് നിയമസഭ ചേർന്നു. അതോടെ ,ഓർഡിനൻസിന് സാധുതയില്ലാതായി. തുടർന്ന് വീണ്ടും മന്ത്രിസഭ ചേർന്ന് ഓർഡിനൻസ് പുതുക്കി ഗവർണർക്കയച്ചു. അപ്പോഴേക്കും 2020 പിറന്നുകഴിഞ്ഞു. ഇതിലുടക്കിയാണ് ഗവർണർ ഒാർഡിനൻസ് ഒപ്പിടാതെ മാറ്റിവച്ചിരിക്കുന്നതെന്ന് പ്രതിപക്ഷം കരുതുന്നു.

എന്നാൽ, ജില്ലകളുടെയും ഗ്രാമ, ടൗൺ പഞ്ചായത്തുകളുടെയും മറ്റും അതിർത്തികൾ മാറ്റരുതെന്നേ നിയമത്തിലുള്ളൂവെന്നും വാർഡ് വിഭജനത്തെ അത് ബാധിക്കില്ലെന്നുമാണ് സർക്കാർ വാദം. സർക്കാർ രണ്ട് തവണ വിശദീകരണം നൽകിയിട്ടും ഗവർണറോട് തദ്ദേശമന്ത്രി നേരിട്ട് സംസാരിച്ചിട്ടും സർക്കാരിന്റെ വിശദീകരണം ലഭിച്ചില്ലെന്ന ഗവർണറുടെ പ്രതികരണവും സർക്കാരിനെ വെട്ടിലാക്കി. ഗവർണർക്ക് കത്ത് നൽകിയ പ്രതിപക്ഷനേതാവ്, വാർഡ് വിഭജനവുമായി ബന്ധപ്പെട്ട ഒരു പരാതിയും സർക്കാരിന് നൽകിയിട്ടില്ലെന്ന് തദ്ദേശഭരണ വൃത്തങ്ങൾ അറിയിച്ചു.

മന്ത്രിസഭ 20ന്:

നിയമസഭാസമ്മേളനം ചേരുന്നതിന് ഗവർണറോട് ശുപാർശ ചെയ്യുന്നതുൾപ്പെടെ നിശ്ചയിക്കുന്നതിന്

അടുത്ത മന്ത്രിസഭായോഗം 20ന് തിങ്കളാഴ്ച ചേരും. ഗവർണറുടെ നയപ്രഖ്യാപനത്തോടെ വേണം സഭ ആരംഭിക്കാൻ. മന്ത്രിസഭാ തീരുമാനത്തിന്റെ കുറിപ്പ് സ്പീക്കറുടെ ഓഫീസിലെത്തിയ ശേഷം സ്പീക്കർ വേണം ഗവർണറുടെ അനുമതി തേടി നോട്ടീസയയ്ക്കാൻ. ഗവർണറുടെ സംബോധനയ്ക്ക് മുമ്പ് മുഖ്യമന്ത്രി ഗവർണറോട് അനൗപചാരികമായി ഇക്കാര്യം ചർച്ച ചെയ്യുന്നതാണ് കീഴ്വഴക്കം.