പാലോട്: നന്ദിയോട് പ്രവർത്തിക്കുന്ന സ്പോർട്സ് കൗൺസിലിന്റെ നിയന്ത്രണത്തിലുള്ള ആൺകുട്ടികളുടെ ഹോസ്റ്റലിന്റെ സെപ്റ്റിക് ടാങ്കിൽ നിന്നുമുള്ള മാലിന്യം കഴിഞ്ഞകുറെ ദിവസങ്ങളായി സമീപത്തുള്ള തോട്ടിലേക്ക് ഒഴുകുന്നതുമൂലം അസഹ്യമായ ദുർഗന്ധവും കൊതുക് ശല്യവും രൂക്ഷമാണ്. കള്ളിപ്പാറ, ആലംപാറ, തൊട്ടുമുക്ക്, കുടവനാട്, നവധാര ജംഗ്ഷൻ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള കുടിവെള്ള സ്രോതസ്സായി നൂറ് കണക്കിന് ആളുകൾ ആശ്രയിക്കുന്ന കൈത്തോടിലേക്കാണ് ഈ മാലിന്യം വന്നു ചേരുന്നത്. നിരവധി തവണ കെട്ടിട ഉടമയെയും സ്പോർട്സ് കൗൺസിൽ അധികാരികളെയും നാട്ടുകാർ പരാതി അറിയിച്ചെങ്കിലും യാതൊരു നടപടികളും നാളിതുവരെയായി ഉണ്ടായിട്ടില്ല. ജലക്ഷാമം രൂക്ഷമായ ഈ പ്രദേശങ്ങളിൽ മലിന ജലം ഉപയോഗിക്കേണ്ട ഗതികേടിലാണ് പ്രദേശവാസികൾ. അടിയന്തിരമായി പരിഹാരം ഉണ്ടാക്കണമെന്ന് ആവിശ്യപ്പെട്ടുകൊണ്ട് നാട്ടുകാർ ജില്ലാ കളക്ടർക്കും ആരോഗ്യ വകുപ്പ് അധികാരികൾക്കും പഞ്ചായത്തിനും പരാതി നൽകിയിട്ടുണ്ട്. എന്നാൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന റോഡ് വികസനവുമായി ബന്ധപ്പെട്ട് ഈ കെട്ടിടത്തിനു മുന്നിലുള്ള ഓട വൃത്തിയാക്കിയപ്പോഴാണ് സെപ്റ്റിക് ടാങ്ക് പൊട്ടിയതെന്നും നിരവധി തവണ കെട്ടിട ഉടമസ്ഥനെ വിവരം അറിയിച്ചിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല എന്നും സ്പോർട്സ് കൗൺസിൽ അധികൃതർ അറിയിച്ചു.