arif-muhammed-khan

തിരുവനന്തപുരം: സംസ്ഥാന ഭരണത്തലവനായ തന്നെ അറിയിക്കാതെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത് പ്രോട്ടോക്കോൾ ലംഘനമാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. സംസ്ഥാന സർക്കാരിനെതിരെ മാദ്ധ്യമങ്ങൾക്ക് മുന്നിൽ ആഞ്ഞടിച്ച ഗവർണർ, താൻ റബർ സ്റ്റാമ്പല്ലെന്നും ഓർമ്മിപ്പിച്ചു.

സർക്കാരിന് സുപ്രീംകോടതിയെ സമീപിക്കാൻ ഭരണഘടനാപരമായ അവകാശമുണ്ടെങ്കിലും പ്രോട്ടോക്കോളനുസരിച്ച് ഭരണത്തലവനായ തന്നെ അറിയിച്ചില്ല. അനുമതി വാങ്ങിയതുമില്ല. പത്രങ്ങളിലൂടെയാണ് താൻ വിവരമറിഞ്ഞത്. സർക്കാരിന്റെ വിവേചനാധികാരം അംഗീകരിക്കുന്നുവെങ്കിലും തന്നെ അറിയിക്കാതെ കോടതിയിൽ പോയത് പരിശോധിക്കും.
ചിലർ നിയമത്തിന് അതീതരാണന്ന് വിചാരിക്കുന്നു. താനുൾപ്പെടെ ആരും നിയമത്തിനതീതരല്ല. താൻ നിയമത്തിന് കീഴിൽ നിന്നാണ് പ്രവർത്തിക്കുന്നത്. ഭരണഘടനയും നിയമവും ആരും മറികടക്കരുത്. ഭരണഘടനയുടെ സ്പിരിറ്റ് ഉൾക്കൊണ്ടാണ് താൻ പ്രവർത്തിക്കുന്നത്. പൗരത്വ വിഷയത്തിൽ സുപ്രീംകോടതിയെ സമീപിച്ചതിന്റെ പേരിലല്ല വാർഡ് വിഭജന ഓർഡിനൻസിൽ ഒപ്പിടാതിരുന്നത്. ഓരോ വിഷയവും അതിന്റേതായ മെറിറ്റിലാണ് താൻ കാണുന്നത്.

സംശയങ്ങൾ തീർത്താൽ ഒപ്പിടും

തദ്ദേശ ഓർഡിനൻസിൽ ഒപ്പിടില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് ഗവർണർ വ്യക്തമാക്കി. നിയമസഭ ചേരാനിരിക്കെ കൊണ്ടു വന്ന ഓർഡിനൻസിലാണ് വ്യക്തത തേടിയത്. അതിന് മറുപടി ലഭിച്ചിട്ടില്ല. സംശയങ്ങൾ പരിഹരിച്ചാൽ ഒപ്പിടും. അതിന് തനിക്ക് സമയം വേണം.