പൂവച്ചൽ: പൂവച്ചൽ ഗ്രാമപഞ്ചായത്തിലെ പൊന്നെടുത്തകുഴി വാർഡിലെ മുളയറ - മരത്തകിടി റോഡ് തകർന്നിട്ടും ആധികൃതർ തിരിഞ്ഞു നോക്കുന്നില്ലെന്ന് പരാതി. വർഷങ്ങൾക്കു മുൻപ് ടാർ ചെയ്ത റോഡ് ഇപ്പോൾ കാൽനടയാത്രയ്ക്ക് പോലും കഴിയാത്ത സ്ഥിതിയിലാണ്.
ആദിവാസി - പിന്നാക്ക വിഭാഗങ്ങളിൽപ്പെട്ട ആളുകളാണ് ഈ മേഖലയിൽ താമസിക്കുന്നത്. അവരുടെ പ്രധാന ആശ്രയമാണ് ഈ റോഡ്. വിവിധ സ്വകാര്യ -ഗവൺമെന്റ് സ്കൂളുകളുടെ ബസുകൾ എത്തിയാണ് കുട്ടികളെ കൊണ്ടുപോകുന്നത്. എന്നാലിപ്പോൾ റോഡ് പൂർണമായും തകർന്നതോടെ സ്കൂൾ ബസുകൾ പോലും ഇവിടേക്ക് എത്താൻ വിസമ്മതിക്കുകയാണ്. മുളയറ എൽ.പി സ്കൂളിൽ പോകുന്ന കുട്ടികൾ കാൽനടയായിട്ടാണ് ഇതുവഴി പോകുന്നത്. പലപ്പോഴും മെറ്റൽ ഇളകിക്കിടക്കുന്ന സ്ഥലത്ത് സ്കൂൾ കുട്ടികൾ കാൽ തട്ടി വീഴുന്നതും സ്വകാര്യ വാഹനങ്ങൾ പോകുമ്പോൾ മെറ്റൽ തെറിച്ച് കുട്ടികൾക്ക് അപകടമുണ്ടാകുന്നതും പതിവാണെന്ന് രക്ഷിതാക്കൾ പരാതിപ്പെടുന്നു.