ഇന്ത്യൻ ഭരണഘടന പ്രാബല്യത്തിൽ വന്ന് എഴുപത് വർഷങ്ങൾ പൂർത്തിയാവുമ്പോൾ ഭരണഘടനാ മൂല്യങ്ങളെയും അടിസ്ഥാന തത്വങ്ങളെയും സംബന്ധിച്ച വിപുലമായ ചർച്ചകൾക്കും വിശകലനങ്ങൾക്കുമാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്. നിയമവ്യവസ്ഥ ധർമ്മവ്യവസ്ഥ തന്നെയാണ്. നിയമവാഴ്ചയിലൂടെ സംരക്ഷിക്കപ്പെടുന്നത് ധാർമ്മിക ജീവിതത്തിലേക്കുള്ള സാരതത്വങ്ങളാണ്.
'പരമാധികാര സോഷ്യലിസ്റ്റ് മതേതര ജനാധിപത്യ റിപ്പബ്ളിക് "എന്ന ഭരണഘടനയുടെ മുഖവരയിലെ പ്രഖ്യാപിതലക്ഷ്യം പുതിയ ഒരു രാഷ്ട്ര സങ്കല്പത്തിന്റെ മാർഗരേഖ കൂടിയാണ്. ഇന്ത്യ 'സംസ്ഥാനങ്ങളുടെ യൂണിയൻ' എന്ന നിർവചനത്തിലൂടെ ഭരണഘടന ലക്ഷ്യമാക്കുന്നത് ഫെഡറൽ സ്വഭാവത്തെയാണ്. ദേശീയതയുടെയും അഖണ്ഡതയുടെയും ആരോഗ്യകരമായ നിലനില്പാണ് ഫെഡറൽ സംവിധാനത്തിലൂടെ സംരക്ഷിക്കപ്പെടുന്നത്. വൈവിദ്ധ്യങ്ങളുടെ ചേതോഹരമായ സമന്വയത്തിലാണ് ദേശീയ ഐക്യത്തിന്റെ അടിത്തറ നിലകൊള്ളുന്നത്. വ്യക്തിമഹത്വത്തെ ഉയർത്തിപ്പിടിക്കുന്ന ഇന്ത്യൻ ഭരണഘടന വ്യക്തിയുടെ അന്തസിനെയും അവകാശത്തെയും പൂർണമായി സംരക്ഷിക്കുന്നുണ്ട്. ആർട്ടിക്കിൾ 13 പ്രകാരം രാജ്യത്തെ നിയമനിർമ്മാണങ്ങൾ പൗരന്റെ മൗലികാവകാശങ്ങളെ ഹനിക്കുന്നതാവാൻ പാടില്ല. ജാതിക്കും മതത്തിനും നിറത്തിനും ലിംഗഭേദങ്ങൾക്കും അപ്പുറത്ത് സ്ഥിതിചെയ്യുന്ന ഐക്യത്തെയും ഏകതാനതയെയും കുറിച്ചാണ് ഭരണഘടന ഉദ്ഘോഷിക്കുന്നത്. നിയമത്തിന്റെ മുമ്പിലെ തുല്യത അഥവാ നിയമപരമായ തുല്യപരിരക്ഷ ഉറപ്പാക്കുന്ന ആർട്ടിക്കിൾ 14, വിവേചനങ്ങൾ ഇല്ലാതാക്കുന്ന ആർട്ടിക്കിൾ 15, അവസരസമത്വം വിഭാവന ചെയ്യുന്ന ആർട്ടിക്കിൾ 16, മതസ്വാതന്ത്ര്യം സംബന്ധിച്ച ആർട്ടിക്കിൾ 25 തുടങ്ങിയവ ഇത്തരുണത്തിൽ ഏറെ പ്രസക്തമാണ്. സാഹോദര്യവും സമത്വവും നിലനില്ക്കുന്നിടത്ത് മാത്രമേ യഥാർത്ഥ സ്വാതന്ത്ര്യം പുലരുകയുള്ളൂ.
ഇന്ത്യൻ ഭരണഘടന മതേതരത്വമാണ് വിഭാവന ചെയ്യുന്നത്. മതത്തിന്റെ പേരിലുള്ള പ്രീണനവും നിഷേധവും അനുവദിക്കില്ലെന്ന പ്രതിജ്ഞാബദ്ധതയാണ് മതേതര സങ്കല്പത്തിന്റെ മുഖ്യമുദ്ര. ഇന്ത്യൻ ജനതയെ ഐക്യദാർഢ്യത്തോടെ നിലനിറുത്തുന്ന ഏറ്റവും ഫലപ്രദവും ക്രിയാത്മകവുമായ സമീപനമായിട്ടാണ് മതേതരത്വത്തെ സംരക്ഷിക്കേണ്ടത്.
പൗരത്വ ഭേദഗതി നിയമം സംബന്ധിച്ച് ഉയർന്നിട്ടുള്ള വിവാദങ്ങളും സംശയങ്ങളും മതേതരത്വ ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിൽ വലിയ വഴിത്തിരിവാണ് സൃഷ്ടിച്ചിട്ടുള്ളത്. പാകിസ്ഥാൻ, ബംഗ്ളാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരായ ആറ് മതവിഭാഗങ്ങൾക്ക്, ഇന്ത്യൻ പൗരത്വം നൽകുന്നത് സംബന്ധിച്ച വ്യവസ്ഥയിൽ ഇളവ് വരുത്തിക്കൊണ്ടുള്ളതാണ് പുതിയ ഭേദഗതി. പുതിയ വ്യവസ്ഥയുടെ സംരക്ഷണത്തിൽ നിന്ന് മുസ്ളിം വിഭാഗത്തെ ഒഴിവാക്കിയെന്നത് ന്യൂനപക്ഷങ്ങളിൽ അസംതൃപ്തി ഉളവാക്കിയിട്ടുണ്ട്. പാസ്പോർട്ട്, വിസ തുടങ്ങിയ ആധികാരിക രേഖകളില്ലാതെ രാജ്യത്ത് പ്രവേശിച്ചവരും രേഖകളുണ്ടെങ്കിലും അനുവദനീയ സമയം കഴിഞ്ഞും രാജ്യത്ത് നിലനില്ക്കുന്നവരുമായ വിദേശികളെയാണ് അനധികൃത കുടിയേറ്റക്കാർ എന്ന് വിവക്ഷിക്കുന്നത്. മതപീഡനത്തിന് വിധേയരായവർക്കുള്ള പരിരക്ഷയാണ് പൗരത്വ ഭേദഗതി നിയമത്തിലൂടെ ലക്ഷ്യമാക്കുന്നതെങ്കിൽ അതിന്റെ ഗുണഫലങ്ങൾ സമാന സാഹചര്യത്തിലുള്ള എല്ലാവർക്കും ലഭ്യമാക്കണം. എല്ലാം നിയമപ്രകാരവും നിയമാനുസൃതവും നിഷ്പക്ഷവുമാണെന്ന് കോടതിക്കും പൊതുസമൂഹത്തിനും ബോദ്ധ്യപ്പെടേണ്ടതുണ്ട്. പൗരത്വം നൽകുന്നതിലേക്ക് പ്രസക്തവും സ്വീകാര്യവും നീതിയുക്തവുമായ മാനദണ്ഡങ്ങളാണ് സ്വീകരിക്കേണ്ടത്. രാജ്യത്തോടുള്ള കൂറും വിശ്വാസ്യതയുമാണ് പരമപ്രധാനം. അനധികൃത കുടിയേറ്റക്കാർക്ക് പൗരത്വം നൽകാൻ ആഗ്രഹിക്കുന്നെങ്കിൽ അത് രാജ്യസുരക്ഷയും രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയും മുൻനിറുത്തിയുള്ള പൊതുമാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാവണം. രാജ്യത്തെ ആകെ ബാധിക്കുന്ന പ്രശ്നങ്ങളിൽ ജാതി-മത-രാഷ്ട്രീയ അതിപ്രസരം കടത്തിവിടാതിരിക്കുക എന്ന നീതിബോധം ഒരു സാംസ്കാരിക മഹിമ കൂടിയാണ്. ജനാഭിപ്രായം പരിഗണിച്ച് തീരുമാനങ്ങൾ പുനഃപരിശോധിക്കാനും തിരുത്താനും ഭരണാധികാരികൾക്ക് കടമയുണ്ട്. മനുഷ്യസ്നേഹപരവും നീതിപൂർവകമായ നിലപാടിലൂടെ പ്രശ്നങ്ങളുടെ കാരണവും പരിഹാരവും കണ്ടെത്തി യാഥാർത്ഥ്യബോധത്തോടെയുള്ള പ്രായോഗിക സമീപനമാണ് സ്വീകരിക്കേണ്ടത്. ഏകപക്ഷീയതയുടെ ശാഠ്യങ്ങളല്ല സമന്വയത്തിന്റെ പ്രായോഗികതയാണ് പ്രശ്നപരിഹാരത്തിന് അഭികാമ്യം.