നെയ്യാറ്റിൻകര: ടൗണിൽ കുടിവെള്ള വിതരണം നിലയ്ക്കുന്നത് തുടർക്കഥയായി മാറിയിട്ട് കാലങ്ങളായി. നെയ്യാറിൽ നിന്നും ശേഖരിക്കുന്ന വെള്ളം നെയ്യാറ്റിൻകര ശുദ്ധജല വിതരണ കേന്ദ്രത്തിലെത്തിച്ച് ശുദ്ധീകരിച്ച് വിതരണം ചെയ്യുന്ന സംവിധാനമാണ് കഴിഞ്ഞ കുറെ കാലമായി തകരാറിലായത്. നെയ്യാറ്റിൻകര പാലക്കടവിന് സമീപം സ്ഥാപിച്ചിട്ടുള്ള സംഭരണ ടാങ്കിലേക്ക് നെയ്യാറിൽ നിന്നും ശേഖരിക്കുന്ന ജലം നെയ്യാറ്റിൻകര ഗ്രാമത്തിന് സമീപമുള്ള വിതരണ കേന്ദ്രത്തിലെ ടാങ്കിൽ എത്തിച്ച് അവിടെനിന്നും ശുദ്ധീകരിച്ച് വിതരണ ടാങ്കുകളിലേക്ക് എത്തിക്കുന്നതാണ് പതിവ്. എന്നാൽ പലപ്പോഴും സംഭരണ ടാങ്കിലെ പ്രവർത്തനം അവതാളത്തിലാകുന്നത് പതിവാണ്. മോട്ടറുകൾ കേടാകുന്നു, ആവശ്യത്തിന് വൈദ്യുതി ലഭിക്കുന്നില്ല തുടങ്ങിയ കാരണങ്ങളാണ് കാരണമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നൽകുന്ന മറുപടി.
നെയ്യാറിലെ വിവിധ കടവുകളിൽ നിന്നുമാണ് ശുദ്ധജല വിതരണത്തിലേക്കായി ജലം സംഭരിക്കുന്നത്. എന്നാൽ നെയ്യാറിലേക്ക് ഒഴുകിയെത്തുന്ന മാലിന്യങ്ങൾ കുന്നുകൂടിയ കടവിൽ നിന്നുമാണ് ശുദ്ധജല വിതരണത്തിലേക്കായി ജലം ശേഖരിക്കുന്നത്. നെയ്യാറിലെ ഈ മേഖല സുരക്ഷിത മേഖലയായി സംരക്ഷിക്കുകയോ പ്രത്യേക തടയണകൾ നിർമ്മിച്ച് സൂക്ഷിക്കുകയോ ചെയ്തിട്ടില്ല.
മഴക്കാലത്തും അല്ലാതെയും ജൈവമാലിന്യം ഉൾപ്പടെ ഒഴുകിയെത്തുന്ന നെയ്യാറിലെ പാലക്കടവിൽ നിന്നുമാണ് കുടിവെള്ള വിതരണത്തിനായി ജലം ശേരിക്കുന്നത്. മാത്രമല്ല നെയ്യാറ്റിൻകര ജില്ലാ ജനറൽ ആശുപത്രിയിൽ നിന്നുള്ള മാലിന്യം കലർന്ന ജലം ഒഴുകിയെത്തുന്നത് നെയ്യാറിലേക്കാണ്. ശുദ്ധജലവിതരണത്തിനായി ജലം ശേഖരിക്കുന്ന ഇവിടേക്കുള്ള മാലിനജലപ്രവാഹം തടയണമെന്ന് നാട്ടുകാർ നിരവധി തവണ ആവശ്യപ്പെട്ടിട്ടും ഫലമില്ലാതായി.